Sorry, you need to enable JavaScript to visit this website.

ധന്യമാം ജീവിതം

ധന്യ അനന്യ

റിട്ടയേർഡ് പട്ടാളക്കാരനെന്ന അഹങ്കാരവും അഛന്റെ പണക്കൊഴുപ്പുമാണ് കോശിയെ ആരേയും വകവയ്ക്കാത്തവനാക്കുന്നത്. എന്നാൽ അതൊന്നും ജെസിയെ ബാധിക്കുന്ന കാര്യമായിരുന്നില്ല. മദ്യം കൈവശം വെച്ചതിനും പോലീസുകാരെ ആക്രമിക്കാൻ ശ്രമിച്ചതിനും അറസ്റ്റിലായ കോശി പൊലീസ് സ്റ്റേഷനിൽ ഇത്തിരി മദ്യത്തിനായി യാചിച്ചപ്പോൾ ചെയ്യാൻ പാടില്ലാത്തതാണെങ്കിലും അവിടെയുണ്ടായിരുന്ന കുപ്പി എടുത്തുകൊടുത്തതാണ് കോൺസ്റ്റബിളായ ജെസിക്ക് വിനയായത്. പോലീസുകാരെ ഒരു പാഠം പഠിപ്പിക്കാൻ കോശി ആ രംഗം മൊബൈലിൽ പകർത്തി ഉന്നതോദ്യോഗസ്ഥന് അയച്ചുകൊടുത്തപ്പോൾ പാവം ജെസിയുടെയും അയ്യപ്പന്റെയും ജോലിതന്നെ നഷ്ടപ്പെടുകയായിരുന്നു. അനുകമ്പ കാട്ടിയതിന് നെറികേട് കാട്ടിയ കോശിയെ ഒറ്റ ഡയലോഗിൽ അവൾ മലർത്തിയടിക്കുന്നുണ്ട്. അന്വേഷണത്തിനൊടുവിൽ സർവ്വീസിൽ തിരിച്ചെത്തുന്നുണ്ടെങ്കിലും ഒരു സഹതാപതരംഗമായി ജെസി സിനിമയിൽ നിറഞ്ഞുനിൽക്കുകയാണ്.
സച്ചി തിരക്കഥയൊരുക്കി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലാണ് നായകനും പ്രതിനായകനുമായി പൃഥ്വിരാജും ബിജു മേനോനുമെത്തുന്നത്. ഗൗരിനന്ദയും ധന്യ അനന്യയുമാണ് നായികമാർ.
ലാൽജോസിന്റെ നാൽപത്തിയൊന്നിലൂടെ അഭിനയരംഗത്തെത്തിയ ധന്യയുടെ രണ്ടാമത്തെ ചിത്രമാണ് അയ്യപ്പനും കോശിയും. ആദ്യ ചിത്രത്തിൽ വീട്ടമ്മയായ ഒരു തയ്യൽക്കാരിയായാണ് വേഷമിട്ടത്. അരങ്ങിലൂടെ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കു കടന്നുവന്ന ഈ അഭിനേത്രിക്ക് അഭിനയത്തോട് എന്നും പ്രണയമായിരുന്നു. ആ ഇഷ്ടം വെളിപ്പെടുത്തുകയാണിവിടെ.

ജെസിയെക്കുറിച്ച്?
പോലീസ് കോൺസ്റ്റബിളായ ജെസി എന്ന കഥാപാത്രം പലതരം വികാരങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അതുതന്നെയായിരുന്നു ഈ ചിത്രത്തിലേയ്ക്ക് ആകർഷിച്ചതും. ചിരിപ്പിക്കാനും കരയിപ്പിക്കാനുമൊപ്പം ദേഷ്യപ്പെടാനും അവൾക്ക് കഴിയുന്നുണ്ട്. പോലീസ് കോൺസ്റ്റബിളാണെങ്കിലും ഒരു സാധാരണക്കാരിയാണ് ജെസിയെന്ന കഥാപാത്രമെന്ന് സച്ചിയേട്ടൻ നേരത്തെ പറഞ്ഞിരുന്നു. ഇത്തരം ജെസിമാരെ നമുക്കു ചുറ്റും കാണാനാവും. സ്റ്റേഷനിലെത്തുന്നവർക്ക് ചേച്ചി എന്നു വിളിച്ച് അടുത്തിടപഴകാൻ കഴിയുന്ന ഒരു പോലീസുകാരി. എനിക്കപ്പോൾ ഓർമ്മ വന്നത് കാലടി ശ്രീശങ്കരാചാര്യ യൂനിവേഴ്‌സിറ്റിയിൽ പഠിക്കുമ്പോൾ അടുത്തുള്ള സ്റ്റേഷനിലുണ്ടായിരുന്ന സൽമ ചേച്ചിയെയായിരുന്നു. ഒരിക്കൽ സ്റ്റേഷനിൽ പോയപ്പോൾ ചേച്ചിയുമൊത്ത് അൽപസമയം ചെലവഴിച്ചിരുന്നു. അവരുടെ പെരുമാറ്റവും ആളുകളോട് ഇടപെടുന്ന രീതിയുമെല്ലാം ശ്രദ്ധിച്ചു. അവിടെയെത്തുന്ന ചെറുപ്പക്കാരെ മോനേ എന്നായിരുന്നു അവർ സംബോധന ചെയ്തിരുന്നത്. പോലീസുകാരിലും അങ്ങനെയുള്ളവരുണ്ട് എന്ന തിരിച്ചറിവുണ്ടായത് അവിടെനിന്നായിരുന്നു. അത്തരത്തിൽ ഒരു പോലീസുകാരിയാണ് ജെസി. ആ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ സൽമ ചേച്ചിയെയാണ് മനസ്സിൽ ഓർമ്മവന്നത്.

കോശിയെ ചീത്ത പറയേണ്ടിവന്നത്?
ഒഡീഷനുതന്നെ കോശിയെ ചീത്ത പറയുന്ന രംഗം അഭിനയിപ്പിച്ചിരുന്നു. കാരണം ആ രംഗത്തിന് അത്രയേറെ പ്രാധാന്യമുണ്ടായിരുന്നു. കോശിമൂലം ജോലി നഷ്ടപ്പെട്ട വിഷമം ഒരുവശത്ത്. ആ വികാരം മനസ്സിലിട്ടാണ് കോശിയെ ചീത്ത വിളിക്കുന്നത്. ആ സീനിന്റെ പൂർണ്ണതയ്ക്കാണ് അങ്ങനെ ചെയ്തത്. രാജുവേട്ടനെയല്ല, കോശിയെയാണ് ചീത്ത വിളിക്കുന്നത് എന്ന ബോധം മനസ്സിലുറപ്പിച്ചാണ് ആ സീനിൽ എത്തിയത്. അതുകൊണ്ടുതന്നെ ഒരുപാട് ടേക്ക് എടുക്കേണ്ടിവന്നില്ല. സെറ്റിൽ എത്തുമ്പോൾതന്നെ രാജുവേട്ടൻ കോശിയായി മാറിയിട്ടുണ്ടായിരുന്നു. കോശിയെ കാണുമ്പോൾതന്നെ രണ്ടെണ്ണം പൊട്ടിക്കാൻ തോന്നുന്ന രീതിയിലാകണം എന്ന് രാജുവേട്ടൻതന്നെ പറയുമായിരുന്നു.

ബിജു മേനോൻ എന്ന സാധാരണക്കാരൻ

ബിജുചേട്ടനൊപ്പം അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. എന്റെ ആദ്യചിത്രമായ നാൽപത്തിയൊന്നിൽ അദ്ദേഹം നായകനായിരുന്നു. നിമിഷാ സജയനായിരുന്നു നായിക. ശരൺജിത്ത് അവതരിപ്പിച്ച വാവാച്ചിക്കണ്ണന്റെ ഭാര്യയുടെ വേഷമായിരുന്നു എന്റേത്. എപ്പോഴും ഒരു പുഞ്ചിരിയോടെയാണ് ബിജുചേട്ടൻ നമ്മെ എതിരേൽക്കുക. അദ്ദേഹത്തോടൊപ്പം യാതൊരു സമ്മർദ്ദവുമില്ലാതെ ആസ്വദിച്ച് അഭിനയിക്കാം. ആദ്യ ചിത്രത്തിലും ഞങ്ങൾ തമ്മിൽ കോമ്പിനേഷൻ സീനുകളുണ്ടായിരുന്നു. രാജുചേട്ടനാണെങ്കിൽ എപ്പോഴും ഫുൾ എനർജറ്റിക്കാണ്. കഥാപാത്രത്തിനായി കഠിനാദ്ധ്വാനം ചെയ്യാൻ മടിയില്ലാത്ത, സിനിമയെ പ്രൊഫഷണലായി സമീപിക്കുന്ന വ്യക്തിയാണ് രാജുവേട്ടൻ. ശക്തമായ തിരക്കഥയാണ് ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ഏറെ സമയമെടുത്ത് വളരെ റിയലിസ്റ്റിക്കായാണ് അദ്ദേഹം ഈ കഥ മെനഞ്ഞെടുത്തിരിക്കുന്നത്. ഓരോ രംഗത്തും പ്രേക്ഷകനെ തിയേറ്ററിൽ പിടിച്ചിരുത്തുന്ന എന്തൊക്കെയോ ഘടകങ്ങൾ ഈ ചിത്രത്തിലുണ്ട്.

 

സിനിമയിലേയ്ക്കുള്ള വഴി തെളിഞ്ഞത്?
തിരുവനന്തപുരം മാർ ഇവാനിയോസിൽ പഠിക്കുമ്പോൾ സുഹൃത്തിന്റെ ഹ്രസ്വചിത്രത്തിൽ അഭിനയിച്ചിരുന്നു. കൂടാതെ സംഗീത ആൽബങ്ങളിലും മറ്റു ചില ഹ്രസ്വചിത്രങ്ങളിലും വേഷമിട്ടു. നാടകത്തോടുള്ള ഇഷ്ടം കാരണമാണ് കാലടി ശ്രീശങ്കര യൂണിവേഴ്‌സിറ്റിയിൽ എം.എ തിയേറ്റർ ആന്റ് ഡ്രാമയ്ക്കു ചേർന്നത്. കോളേജിൽ തിയേറ്റർ പെർഫോമൻസ് ചെയ്യാറുണ്ട്. അവസാന വർഷം നാടക സംവിധാനവും നിർമ്മാണവുമെല്ലാമുണ്ടായിരുന്നു. കൊച്ചി ബിനാലെയിൽ ചിൽഡ്രൻസ് തിയേറ്ററിൽ പങ്കാളിയായി. ഇറാനിയൻ ഒറിയൻ സംയുക്ത സംരംഭമായ ചെക്ക് പോസ്റ്റ് എന്ന ഹിന്ദി ചിത്രത്തിൽ വേഷമിടാൻ കഴിഞ്ഞു.
ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ ഗോപൻ ചിദംബരത്തിന്റെ തുറമുഖം എന്ന നാടകത്തിൽ മൂന്നു നായികമാരിൽ ഒരാളായി വേഷമിട്ടു. നാടകത്തിലെ ഒരു ഫോട്ടോയും മറ്റു ഫോട്ടോകളോടൊപ്പം ചേർത്ത് സുഹൃത്തായ റിഗിലാണ് നാൽപത്തിയൊന്നിന്റെ തിരക്കഥാകൃത്തായ പ്രഗീഷിന് അയച്ചുകൊടുത്തത്. ലാൽജോസ് സാറിനെ കാണാനുള്ള അവസരവും അദ്ദേഹം ഒരുക്കിക്കൊടുത്തു. ഏതെങ്കിലും സീൻ അഭിനയിപ്പിക്കുമെന്നാണ് കരുതിയതെങ്കിലും വെറുതെയെന്തെങ്കിലും സംസാരിക്കാനാണ് പറഞ്ഞത്. ലാലുവേട്ടൻ ഒരാളെ കാണുമ്പോൾ അവരിൽ കഥാപാത്രത്തെയാണ് നോക്കുന്നതന്ന് അറിയാൻ കഴിഞ്ഞു. കുറച്ചുകഴിഞ്ഞപ്പോൾ നമുക്ക് സുമയെ കിട്ടി എന്ന് അദ്ദേഹം മറ്റുള്ളവരോടു പറഞ്ഞു. സത്യത്തിൽ വിശ്വസിക്കാനായില്ല. കഥാപാത്രത്തിനുള്ള പരിശീലനം തുടങ്ങിക്കോളൂ എന്നും പറഞ്ഞു.

നാൽപത്തിയൊന്നിനെക്കുറിച്ച്?
രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമാണ് നാൽപത്തിയൊന്ന്. വ്യത്യസ്ത ചിന്തകളുള്ള രണ്ടുപേർ- ഉല്ലാസ് മാഷും വാവാച്ചിക്കണ്ണനും. പാരലൽ കോളേജ് അധ്യാപകനാണ് ഉല്ലാസ് മാഷ്. വാവാച്ചിക്കണ്ണനാകട്ടെ മോട്ടോർ മെക്കാനിക്കുമാത്രമല്ല, നാട്ടിലുള്ള എന്തു ജോലിയും ചെയ്യുന്നയാൾ. ഉല്ലാസ് മാഷ് യുക്തിവാദിയും കമ്മ്യൂണിസ്റ്റുകാരനുമാണ്. വാവാച്ചിക്കണ്ണനാണെങ്കിൽ വിശ്വാസിയും. ഒടുവിൽ ഇരുവരും ചേർന്ന് ശബരിമലയാത്ര നടത്തുകയാണ്. ഈ സംഭവം നാട്ടിൽ സംസാരവിഷയമാകുന്നു. ബിജുവേട്ടനും ശരൺജിത്തുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നാൽപത്തിയൊന്നിലെ സുമ?
വീട്ടമ്മയും തയ്യൽക്കാരിയുമാണ് സുമ. ഇവർക്കൊരു മകളുമുണ്ട്. വീട്ടമ്മയായതിനാൽ തടി അല്പം കൂട്ടിയിരുന്നു. കൂടാതെ എറണാകുളത്തെ താമസസ്ഥലത്തിനടുത്ത് ഒരു ചേച്ചിയുടെ അടുത്തുപോയി രണ്ടാഴ്ചയോളം തയ്യൽ പഠിച്ചു. ഷൂട്ടിംഗിന് ഒരാഴ്ച മുമ്പ് ശരൺചേട്ടനൊപ്പം തലശ്ശേരിയിലെത്തി. ശരൺ കാലടി യൂനിവേഴ്‌സിറ്റിയിൽ എന്റെ സീനിയറായി പഠിച്ചയാളാണ്. അദ്ദേഹവും തിയേറ്റർ വർക്ക്‌ഷോപ്പുകൾ നടത്താറുണ്ട്. തലശ്ശേരിയിലെ സുഹൃത്തുക്കളുടെ സഹായത്തോടെ അവിടെയുള്ളവരുമായി സംസാരിക്കാനും അവരുടെ ഭാഷാശൈലി അറിയുന്നതിനുമായിരുന്നു അത്. സിനിമയിൽ കണ്ണൂർ ഭാഷയായതിനാൽ എന്റെ ഡയലോഗുകൾ കണ്ണൂർ ശൈലിയിൽ പറഞ്ഞുപഠിച്ചു.

നാടകത്തിൽനിന്നും സിനിമയിലെത്തിയപ്പോൾ?
നാടകത്തിന് മാസങ്ങളോളം പരിശീലനം ആവശ്യമാണ്. സിനിമയിലാകട്ടെ നമ്മൾ ഒറ്റയ്ക്ക് എത്ര പ്രാക്ടീസ് ചെയ്താലും സെറ്റിലെത്തുമ്പോൾ അതെല്ലാം മാറും. സംവിധായകന്റെ നിർദ്ദേശാനുസരണം എന്താണ് ചെയ്യുന്നത് അതാണെടുക്കുന്നത്. സ്റ്റേജിൽ നിൽക്കുന്നതുപോലെയല്ല, ക്യാമറയ്ക്കു മുന്നിൽ നിൽക്കുന്നത്. പല സീനുകളും പിന്നീട് കാണുമ്പോൾ കുറേക്കൂടി നന്നാക്കാമായിരുന്നു എന്നു തോന്നിയിട്ടുണ്ട്.

പുതിയ ചിത്രങ്ങൾ?
നവാഗതനായ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ത്രില്ലർ മൂവിയായ ഓപ്പറേഷൻ ജാവയാണ് പുതിയ ചിത്രം. കുറേ നല്ല കഥാപാത്രങ്ങൾ ചെയ്യണം എന്നാണ് ആഗ്രഹം.

കുടുംബം?
കൊട്ടാരക്കരക്കടുത്തുള്ള മൂഴിക്കോടാണ് സ്വദേശം. അച്ഛൻ രാധാകൃഷ്ണനും അമ്മ ശൈലജയും. ചേച്ചി നഴ്‌സായി ജോലി നോക്കുന്നു. 

Latest News