തമിഴിലെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ ഏറ്റവും പുതിയ ചിത്രമാണ് മൂക്കുത്തി അമ്മൻ. നയൻസ് ടൈറ്റിൽ റോളിലെത്തുന്ന സിനിമ ആക്ഷേപ ഹാസ്യ ചിത്രമാണെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ പുറത്തിറങ്ങി.
തമിഴിലെ ഹാസ്യ താരം ആർ.ജെ ബാലാജിയും എൻ.ജെ. ശരവണനും ചേർന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. ആർ.ജെ. ബാലാജി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. കൂടാതെ അദ്ദേഹം ചിത്രത്തിൽ അഭിനയിക്കുന്നുമുണ്ട്.
വേൽസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇസരി കെ. ഗണേഷാണ് മൂക്കൂത്തി അമ്മൻ നിർമ്മിക്കുന്നത്. നയൻതാരയ്ക്കൊപ്പം ഇന്ദുജ, ഉർവ്വശി തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. രജനീകാന്തിന്റെ ദർബാറാണ് നയൻതാരയുടെതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നെട്രികൺ, അണ്ണാത്തെ തുടങ്ങിയവയാണ് റിലീസിനൊരുങ്ങുന്ന മറ്റ് നയൻസ് ചിത്രങ്ങൾ.






