ദുബായ്- തീവ്രമായ പ്രതിരോധ നടപടികള്‍ക്കിടയിലും ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ കൊറോണ ബാധിതരുടെ എണ്ണം കൂടുന്നു. കുവൈത്തില്‍ മൂന്നു പേര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 72 ആയി. ബഹ്‌റൈനില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം 110 ആയി. അവരില്‍ 22 പേര്‍ രോഗമുക്തരാണെന്ന് കണ്ടെത്തി. 88 പേരില്‍ ഒരാളുടെ നില ഗുരുതരമാണ്.
യു.എ.ഇയില്‍ പുതിയ 15 കൊറോണ കേസുകള്‍കൂടി ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് ഇന്ത്യക്കാരും ഉള്‍പ്പെടും. ഇതോടെ രാജ്യത്തെ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 74 ആയി. ആറു പേര്‍ ഇന്ത്യക്കാരാണ്. 17 പേര്‍ രോഗത്തില്‍നിന്ന് പൂര്‍ണമായും മുക്തി നേടിയിരുന്നു.
ഖത്തറില്‍ മൂന്നുപേര്‍ക്ക്കൂടി രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് മൊത്തം കൊറോണ ബാധിതരുടെ എണ്ണം 18 ആയി ഉയര്‍ന്നു. മധ്യപൗരസ്ത്യദേശത്ത് കൊറോണ എത്തിയതില്‍ മുഖ്യ പങ്കുവഹിച്ച ഇറാനില്‍ 54 കോവിഡ് മരണമാണ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് രോഗം കണ്ടെത്തിയ ചെയ്ത ശേഷം ഒറ്റ ദിവസത്തെ ഏറ്റവും കൂടിയ മരണ സംഖ്യയാണിത്.






