ന്യൂദൽഹി- ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം അറുപത്തിരണ്ടായി. ഇന്ന് പുതുതായി ദൽഹി, രാജസ്ഥാൻ എന്നിവടങ്ങളിൽ ഓരോ കേസുകൾ കൂടി സ്ഥിരീകരിച്ചു. അതിനിടെ, കർണാടകയിൽ ഒരാൾ മരിച്ചുവെന്നും വിവരമുണ്ട്. ഇന്ത്യയിൽ സ്ഥിരീകരിച്ച കേസുകളിൽ പതിനാറെണ്ണം ഇറ്റലി സ്വദേശികൾക്കാണ്. കർണാടകയിൽനിന്നും മഹരാഷ്ട്രയിൽനിന്നും റിപ്പോർട്ട് ചെയ്ത കേസുകളിൽ രണ്ടെണ്ണം കോവിഡാണെന്ന് സ്ഥിരീകരിച്ചു. രാജസ്ഥാൻ, തെലങ്കാന, തമിഴ്നാട്, ജമ്മു കശ്മിർ, പഞ്ചാബ് എന്നിവടങ്ങളിൽനിന്ന് ഓരോ കേസും സ്ഥിരീകരിച്ചു. കേരളത്തിൽനിന്ന് ഒൻപത് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
കർണാടകയിലെ കൽബുർഗി ജില്ലയിൽ മരിച്ച മുഹമ്മദ് ഹുസൈൻ സിദ്ദീഖി എന്നയാൾക്ക് കൊറോണയുണ്ടെന്നാണ് സംശയം. ഇന്നലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇദ്ദേഹം മരിച്ചത്. ഇദ്ദേഹത്തിന്റെ സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്.






