കോട്ടയത്ത് കൊറോണ ബാധിച്ച വയോധികയുടെ നില ഗുരുതരം

കോട്ടയം- കൊറോണ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന 89 വയസുകാരിയുടെ നില ആശങ്കാജനകം. കോട്ടയം മെഡിക്കല്‍ കോളേജിലാണ് ഇവര്‍ ചികിത്സയില്‍ കഴിയുന്നത്. കൊറോണ ബാധ സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശിനിയുടെ മാതാവാണ് 89 കാരി. 96 വയസുള്ള പിതാവിന്റെ ആരോഗ്യ സ്ഥിതിയും ഗുരുതരമാണ്.

മാതാവിന് പ്രമേഹരോഗവും പിതാവിന് ഹൃദ്രോഗവും ഉണ്ട്. ഇരുവരെയും തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഇറ്റലിയില്‍ നിന്നെത്തിയ ദമ്പതികളുടെ മകനും മരുമകളും കോട്ടയം ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇവരുടെ കുട്ടിയുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.

ചെങ്കളത്ത് ഇവര്‍ ആദ്യം സന്ദര്‍ശിച്ച ഡോക്ടറെ വീട്ടില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.  ചെങ്കളത്തുള്ള 28 പേരാണ് ഇറ്റലിയില്‍ നിന്നുള്ള ദമ്പതികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയത്. 28 പേരോടും വീട്ടില്‍ തന്നെ കഴിയാന്‍ കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഫെബ്രുവരി 29നാണ്  കുടുംബം കേരളത്തിലെത്തിയത്. ഇറ്റലിയില്‍ നിന്നാണ് എത്തിയത് എന്ന വിവരം ആരോഗ്യവകുപ്പിനെ ഇവര്‍ അറിയിച്ചിരുന്നില്ല. ഇവരെ സന്ദര്‍ശിച്ച ബന്ധുക്കള്‍ക്ക് കൊറോണ  സ്ഥിരീകരിച്ചതോടെയാണ് ഇവരേയും പരിശോധിച്ചതും കൊറോണ സ്ഥിരീകരിച്ചതും.

 

Latest News