മനാമ- ബഹ്‌റൈനില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 95 ആയി. പരിശോധനയിലും നിരീക്ഷണത്തിലും രോഗമില്ലെന്നു സ്ഥിരീകരണം നടത്തി നിരവധിപേരെ വിട്ടയച്ചു. രാജ്യത്തു വൈറസ് ഇതുവരെയും പടര്‍ന്നിട്ടില്ലെന്നും വിദേശരാജ്യങ്ങളില്‍നിന്നു വന്നെത്തിയവരില്‍ മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്നതും അധികൃതര്‍ പറഞ്ഞു.
രാജ്യത്തെ പാര്‍ലമെന്റ് അംഗങ്ങളും ശൂറാ കൗണ്‍സില്‍ അംഗങ്ങളും വിവിധ മന്ത്രാലയ ഉദ്യോഗസ്ഥരും ബഹ്‌റൈന്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുമായി ഗുദബിയ പാലസില്‍ കൂടിക്കാഴ്ച നടത്തി. കൊറോണ വൈറസ് പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട നടപടികള്‍ ചര്‍ച്ച ചെയ്തു. വെല്ലുവിളികളെ നേരിട്ടുകൊണ്ട് രാജ്യത്തെ പൗരന്മാരും വിദേശികളും ഒറ്റക്കെട്ടായി പ്രതിരോധവുമായി സഹകരിച്ചതാണ് വിജയം കണ്ടതെന്ന് കിരീടാവകാശി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു.
കൊറോണ ബാധിച്ചവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. സല്‍മാനിയ മെഡിക്കല്‍ സെന്ററിലെ ഒരു വാര്‍ഡ് പൂര്‍ണമായും അടച്ചുപൂട്ടി. ആ വാര്‍ഡില്‍ ജോലിചെയ്തിരുന്ന ഒരു ലേഡി ഡോക്ടര്‍ക്ക് രോഗം ബാധിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വാര്‍ഡ് താല്‍ക്കാലികമായി പൂട്ടിയത്.
സീഫില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ഡെന്റല്‍ ക്ലിനിക്കും അധികൃതര്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു. ക്വാറന്റൈനില്‍ കഴിയാനുള്ള ആവശ്യം നിരാകരിച്ച് ഇവിടത്തെ ഡോക്ടര്‍ ജോലിക്കെത്തിയതാണ് പ്രശ്‌നമായത്. ഇയാള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
സനദ് വില്ലേജില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു കഫെറ്റീരിയയും അധികൃതര്‍ അടച്ചുപൂട്ടി. കൊറോണ വൈറസ് ബാധിച്ച രാജ്യത്തുനിന്ന് വന്നിറങ്ങിയ രണ്ടുപേര്‍ ഇവിടം സന്ദര്‍ശിച്ചതിന്റെ പേരിലാണ് കഫെറ്റീരിയ അടച്ചുപൂട്ടിയത്.