Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അപ്പർ കുട്ടനാട്ടിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങി

ആലപ്പുഴ- അപ്പർ കുട്ടനാട്ടിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങി. പക്ഷിപ്പനിയെന്ന് സംശയം. തലവടി പഞ്ചായത്ത് ഒമ്പതാം വാർഡിൽ തലവടി തെക്ക് കറുകപ്പറമ്പിൽ ബിജുവിന്റെ 927 താറാവുകളാണ് മൂന്ന് ദിവസം കൊണ്ട് ചത്തൊടുങ്ങിയത്. മറ്റ് താറാവുകളും തൂങ്ങി നിൽക്കുന്ന അവസ്ഥയാണ്. നിരണം പഞ്ചായത്തിലെ നുപ്പരത്തിൽചിറ പാടത്ത് കിടന്ന താറാവുകളാണ് ചത്തൊടുങ്ങുന്നത്. 
താറാവുകൾ തൂങ്ങിനിന്ന് പിടച്ചുവീണാണ് ചാകുന്നത്. രോഗം കണ്ടതോടെ ബിജു മൃഗ ഡോക്ടറെ സമീപിച്ചെങ്കിലും ആശുപത്രിയിൽ മരുന്ന് ലഭ്യമായിരുന്നില്ല. മറ്റ് കർഷകരുടെ ഉപദേശപ്രകാരം ഡെൽഫാബിറ്റ് എന്ന മരുന്ന് താറാവുകൾക്ക് നൽകിയെങ്കിലും രോഗം നിയന്ത്രിക്കാൻ കഴിഞ്ഞില്ല.


വെറ്ററിനറി ഡോക്ടറുടെ നിർദ്ദേശ പ്രകാരം ജില്ല മൃഗാശുപത്രിയിൽ നിന്ന് ഉദ്യോഗസ്ഥർ എത്തി സാമ്പിൾ പരിശോധിച്ചു. സാമ്പിളുകൾ മഞ്ഞാടിയിൽ ടെസ്റ്റ് ചെയ്ത് വന്നതിന് ശേഷമേ പക്ഷിപ്പനി സ്ഥിരീകരിക്കാൻ കഴിയൂവെന്ന് ഉദ്യോഗസ്ഥർ കർഷകനെ അറിയിച്ചു. സാമ്പിൾ പരിശോധന കഴിഞ്ഞ് മരുന്ന് എത്തുമ്പോഴേയ്ക്ക് താറാവുകൾ പൂർണമായി ചത്തൊടുങ്ങുന്ന അവസ്ഥയായിരിക്കുമെന്ന് ബിജു പറയുന്നു. 42 ദിവസം പിന്നിട്ട 4000 ഓളം താറാവുകളാണ് ബിജുവിനുള്ളത്. കടുത്ത ചൂടും രോഗം പടരാതിരിക്കാനും താറാവുകളെ മറ്റൊരിടത്തേക്ക് മാറ്റാതിട്ടിരിക്കുകയാണ്. ചത്ത താറാവുകളെ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം സംസ്‌കരിച്ചു. പക്ഷിപ്പനിയുടെ പ്രകടമായ ലക്ഷണങ്ങൾ കാണുന്നില്ലെന്നും പരിശോധനക്കയച്ച സാമ്പിളുകളുടെ റിസൾട്ട് വന്നശേഷമേ കൂടുതൽ വിവരം ലഭ്യമാകുകയുള്ളൂവെന്നും ജില്ല വെറ്ററിനറി ഉദ്യോഗസ്ഥർ പറഞ്ഞു.


2017 ൽ പക്ഷിപ്പനി വ്യാപകമായപ്പോൾ ബിജുവിന്റെ 6650 ഓളം താറാവുകളാണ് കൂട്ടത്തോടെ ചത്തൊടുങ്ങിയത്. 650 ഓളം താറാവുകളെ ഡോക്ടർമാരുടെ നിർദ്ദേശമില്ലാതെ സംസ്‌കരിച്ചതിനാൽ 6000 താറാവുകളുടെ നഷ്ടപരിഹാരമാണ് സർക്കാർ അനുവദിച്ചത്. ഇത്തവണ രോഗം പ്രകടമായതോടെ മൃഗാശുപത്രിയിൽ വിവരം അറിയിക്കുകയായിരുന്നു. കുട്ടനാട്ടിൽ ഏറെ താറാവ് കർഷകർ ഉള്ളതിനാൽ രോഗവിവരം പുറത്താകാതിരിക്കാനും ഉദ്യോഗസ്ഥർ ശ്രദ്ധിച്ചിരുന്നു.  


ജില്ല മൃഗസംരക്ഷണ ഉദ്യോഗസ്ഥരായ വൈശാഖ് മോഹനൻ, യമുന, ശ്രീലക്ഷ്മി, സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലത്തിങ്കൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരൻ, ഗ്രാമപഞ്ചായത്ത് പ്രതിനിധികളായ അജിത്ത് കുമാർ പിഷാരത്ത്, മണിദാസ് വാസു എന്നിവർ സ്ഥലം സന്ദർശിച്ചു.


 

Latest News