എയര്‍പോര്‍ട്ടുകളില്‍ നീണ്ട ക്യൂ; മുന്നറിയിപ്പുമായി ഡി.ജി.സി.എ

ന്യൂദല്‍ഹി- എയര്‍പോര്‍ട്ടുകളില്‍ വിദേശ രാജ്യങ്ങളില്‍നിന്നെത്തുന്നവരുടെ നീണ്ട ക്യൂ തുടരുന്നതിനാല്‍ വിമാന കമ്പനികള്‍ക്ക് മുന്നറിയിപ്പാമായി ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ).

വിമാനം ലാന്‍ഡ് ചെയ്യുന്നതിനുമുമ്പ് യാത്രക്കാര്‍ക്ക് സെല്‍ഫ് ഡിക്ലറേഷന്‍ ഫോറം നല്‍കണമെന്നും ആവശ്യമായ ഫോമുകള്‍ കരുതാത്ത എയര്‍ലൈനുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഡി.ജി.സി.എ അറിയിച്ചു.

അടുത്തിടെ സഞ്ചരിച്ച രാജ്യങ്ങളും നാട്ടിലെ വിലാസവും രേഖപ്പെടുത്തി നല്‍കേണ്ടതാണ് സെല്‍ഫ് ഡിക്ലറേഷന്‍ ഫോറം. ഈ ഫോറം പൂരിപ്പിക്കാത്തതിനാലാണ് എയര്‍പോര്‍ട്ടുകളില്‍ അന്താരാഷ്ട്ര യാത്രക്കാരുടെ നീണ്ട നിരക്ക് കാരണമെന്ന് എയര്‍പോര്‍ട്ടിലെ ആരോഗ്യ സംഘടന ഡി.ജി.സി.എക്ക് പരാതി നല്‍കിയിരുന്നു.
ഡിക്ലറേഷന്‍ ഫോറത്തിന്റെ പകര്‍പ്പുകളും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ലാന്‍ഡ് ചെയ്യുന്നതിനു മുമ്പ് ഇവ യാത്രക്കാര്‍ക്ക് വിതരണം ചെയ്യാനും പൂരിപ്പിക്കാന്‍ ആവശ്യപ്പെടാനും ചില വിമാനകമ്പനികള്‍ നടപടി സ്വീകരിക്കുന്നില്ല. ഇമിഗ്രേഷന്‍, ആരോഗ്യ പരിശോധനാ വേളയിലാണ് ഈ ഫോറം യാത്രക്കാരന്‍ സമര്‍പ്പിക്കേണ്ടത്. അലംബാവം കാരണം വിവിധ എയര്‍പോര്‍ട്ടുകളിലെ പരിശോധനാ കേന്ദ്രങ്ങളില്‍ എല്ലാ ദിവസവും നീണ്ട ക്യൂവാണ്. ഇത്തരെ ക്യൂകള്‍തന്നെ രോഗവ്യാപനത്തിനു വഴി തുറക്കുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് സിവില്‍ ഏവിയേഷന്‍ ഡയരക്ടറേറ്റ് കര്‍ശന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

 

Latest News