ആയുസ്സിന്റെ ബലം; തകര്‍ന്ന കെട്ടിടത്തിനിടയില്‍ 69 മണിക്കൂര്‍

ബീജിംഗ്- ചൈനയില്‍ കൊറോണ സംശയിക്കുന്നവരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ച കെട്ടിടം തകര്‍ന്ന് 69 മണിക്കൂറുകള്‍ക്കുശേഷം ഒരാളെ രക്ഷപ്പെടുത്തി. കിഴക്കന്‍ ചൈനയിലാണ് നിയമവിരുദ്ധമായി പലതവണ പുതുക്കിപ്പണിതതായി അധികൃതര്‍ പറയുന്ന കെട്ടിടം തകര്‍ന്നുവീണത്.
ശനിയാഴ്ച 66 നില കെട്ടിടം നിലംപൊത്തിയപ്പോള്‍ 20 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
41 പേരെ രക്ഷപ്പെടുത്തിയ കെട്ടിടത്തിനടിയില്‍നിന്ന് ഒമ്പതു പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കെട്ടിടം തകര്‍ന്ന് മൂന്ന് ദിവസത്തിനുശേഷം ഇന്ന് ഉച്ചക്കുശേഷമാണ് ഒരാളെ പുറത്തെടുക്കാന്‍ സാധിച്ചതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

ഖാന്‍ഷു തീരപ്രദേശ പട്ടണത്തിലെ ഹോട്ടലില്‍ വൈറസ് ബാധ സംശയിക്കുന്ന 47 പേരെയാണ് പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ പാര്‍പ്പിച്ചിരുന്നത്.
ഇന്ന് ഒരാളെ പുറത്തെടുക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തകരില്‍ ഒരാള്‍ കരഞ്ഞു കൊണ്ട് സ്ഥലത്തുനിന്ന് പോകുന്നതായി എമര്‍ജന്‍സി സര്‍വീസ് പുറത്തുവിട്ട  വിഡിയോയില്‍ കാണാം.

സിന്‍ജിയ ഹോട്ടലില്‍നിന്ന് കുട്ടികളെ പുറത്തെടുക്കുമ്പോള്‍ അവര്‍ക്ക് ആദ്യം സര്‍ജിക്കല്‍ മാസ്‌കുകള്‍ നല്‍കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തന്റെ മാതാവ് അവശിഷ്ടങ്ങള്‍ക്കടിയിലുണ്ടെന്ന് ഒരു 12 വയസ്സുകാരന്‍ എമര്‍ജന്‍സി രക്ഷാ പ്രവര്‍ത്തകരോട് പറഞ്ഞു.
പ്രാദേശി അധികൃതരുടെ അവഗണന കാരണമുള്ള സുരക്ഷാ പാളിച്ചകള്‍ തെളിയിക്കുന്നതാണ് കെട്ടിട ദുരന്തമെന്ന് എമര്‍ജന്‍സി മാനേജ്‌മെന്റ് മന്ത്രാലയം ഉപമേധാവി ഷാങ് യോങ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിയമവിരുദ്ധമായി നിര്‍മിച്ച ഹോട്ടല്‍ പലതവണ പുതുക്കിയതായും മേല്‍നോട്ടം വഹിക്കേണ്ട പ്രദേശിക അധികൃതര്‍ ഉത്തരവാദിത്തം നിറവേറ്റിയില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 

Latest News