Sorry, you need to enable JavaScript to visit this website.

ടൂറിസത്തിന് പുത്തൻ സാധ്യതകളുമായി പാസഞ്ചർ കം ടൂറിസ്റ്റ്  ബോട്ട് സർവീസ് 


ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പാസഞ്ചർ സർവീസിനൊപ്പം ടൂറിസം സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തുന്ന തരത്തിൽ  ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ കോട്ടയം പാസഞ്ചർ കം ടൂറിസ്റ്റ് സർവീസ്. സർവീസിനായി നിർമാണം പൂർത്തിയാക്കിയിട്ടുള്ള 120 പാസഞ്ചർ കപ്പാസിറ്റിയുള്ള ബോട്ടിൽ,  40 യാത്രക്കാർക്ക് എ.സി കാബിനിലും 80 യാത്രക്കാർക്ക് നോൺ എ.സി കാബിനിലും യാത്ര ചെയ്യുവാൻ സാധിക്കും.
പാതിരാമണൽ ദ്വീപ്, കുമരകം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനായി  ആലപ്പുഴയിൽ എത്തുന്ന സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാരികൾക്ക് കുറഞ്ഞ ചെലവിലുള്ള സുരക്ഷിത യാത്ര ഒരുക്കും. കനാൽ  സൗന്ദര്യം ആസ്വദിക്കാനും സൗകര്യമുണ്ട് എന്നതാണ് ഇതിന്റെ പ്രത്യേകത. കോട്ടയം ആലപ്പുഴ റൂട്ടിൽ വരുന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് റോഡ് ഗതാഗത തടസ്സങ്ങളിൽ ഉൾപ്പെടാതെയും സ്വഛമായും കുറഞ്ഞ സമയ ദൈർഘ്യത്തിലും ആലപ്പുഴയിൽ എത്തിച്ചേരുന്നതിന് സൗകര്യം ഒരുക്കും. 
പാസഞ്ചർ സർവീസ്, ഡേ ക്രൂയീസ് സർവീസ് എന്ന തരത്തിലാണ് ബോട്ടിന്റെ സർവീസ് ക്രമീകരിച്ചിട്ടുള്ളത്. ആലപ്പുഴയിൽ നിന്നും കോട്ടയത്ത് എത്തിച്ചേരുന്നതിന് ഒന്നര മണിക്കൂർ സമയ ദൈർഘ്യം മാത്രമാണുള്ളത്. ടൂറിസ്റ്റുകൾക്കും സാധാരണക്കാർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന തരത്തിലുള്ളതും വളരെ ചെലവു കുറഞ്ഞതുമായ  സർവീസ് ജില്ലയിലെ തന്നെ സർക്കാർ തലത്തിലുള്ള ആദ്യത്തെ കണ്ടക്ടഡ് ടൂർ പാക്കേജാണ്.
കോട്ടയത്തു നിന്നും രാവിലെ 7.30 ന് പുറപ്പെട്ട് 9.30 ന് ആലപ്പുഴയിൽ എത്തിച്ചേരുന്ന തരത്തിലും വൈകുന്നേരം 5.30 നു ആലപ്പുഴയിൽ നിന്നും പുറപ്പെട്ട് രാത്രി 7.30 നു  കോട്ടയത്ത് എത്തിച്ചേരുന്ന തരത്തിലുമാണ് പാസഞ്ചർ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ആലപ്പുഴക്കും കോട്ടയത്തിനും ഇടയിൽ പുഞ്ചിരി, മംഗലശ്ശേരി, കമലന്റെ മൂല, കൃഷ്ണൻകുട്ടി മൂല, പള്ളം എന്നിങ്ങനെ അഞ്ചു സ്‌റ്റോപ്പുകളാണ് അനുവദിച്ചിട്ടുള്ളത്.  ആലപ്പുഴ കോട്ടയം ടിക്കറ്റ് നിരക്കായി എ.സി കാബിനിൽ  100 രൂപയും നോൺ എ.സി കാബിനിൽ 50 രൂപയും ആണ് നിശ്ചയിച്ചിട്ടുള്ളത്.
രാവിലെയും വൈകുന്നേരവും ഉള്ള പാസഞ്ചർ സർവീസുകൾക്കിടയിൽ രാവിലെ 10.00 നു  ആലപ്പുഴയിൽ നിന്നും ആരംഭിച്ച് പുന്നമട, മുഹമ്മ, കായിപ്പുറം, പാതിരാമണൽ  തണ്ണീർമുക്കം ബണ്ട് വഴി ഉച്ചക്ക് 1.15 നു  കുമരകം പക്ഷിസങ്കേതത്തിൽ എത്തുന്ന തരത്തിലും തിരികെ 2.15 നു പുറപ്പെട്ട് വൈകുന്നേരം 4.30 നു ആലപ്പുഴയിൽ എത്തിച്ചേരുന്ന തരത്തിലും രണ്ടു ട്രിപ്പുകളായാണ്  ഡേക്രൂയീസ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. പ്രധാന ടൂറിസം കേന്ദ്രങ്ങളായ പാതിരാമണൽ, കുമരകം പക്ഷിസങ്കേതം എന്നിവിടങ്ങളിലെ കാഴ്ചകൾ ആസ്വദിക്കുന്നതിന് അവസരം ഒരുക്കുന്ന തരത്തിലാണ് ബോട്ടിന്റെ സർവീസ് സമയം ക്രമീകരിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള വകുപ്പിന്റെ ആദ്യ സംരംഭമാണിത്. 


ആലപ്പുഴ  കുമരകം ടിക്കറ്റ് നിരക്കായി എ.സി കാബിനിൽ  40 രൂപ കമ്മീഷനുൾപ്പെടെ 300 രൂപയും നോൺ എ.സി കാബിനിൽ 30 രൂപ കമ്മീഷനുൾപ്പെടെ 200 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. കുടുംബശ്രീയുടെ സഹായത്തോടു കൂടി ഒരു ലഘുഭക്ഷണ ശാലയും ക്രമീകരിക്കുന്നതാണെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടർ അറിയിച്ചു
 കോട്ടയം ആലപ്പുഴ കുമരകം പാസഞ്ചർ കം ടൂറിസ്റ്റ് സർവീസിന്റെ ഉദ്ഘാടനം  മാർച്ച് 10 ന് രാവിലെ ഒമ്പതിന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപം നിർവഹിക്കും. ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ അധ്യക്ഷത വഹിക്കും. എ.എം.ആരിഫ് എം.പി മുഖ്യാതിഥി ആയിരിക്കും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, ജില്ലാ കലക്ടർ എം.അഞ്ജന, മുനിസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, വാർഡ് കൗൺസിലർ റാണി രാമകൃഷ്ണൻ, ജലഗതാഗത വകുപ്പ്  ഡയറക്ടർ ഷാജി വി.നായർ, ജലഗതാഗത വകുപ്പ് ട്രാഫിക് സൂപ്രണ്ട് കെ.സുദേവൻ എന്നിവർ പങ്കെടുക്കും.


 

Latest News