Sorry, you need to enable JavaScript to visit this website.

അൽഉല: നാഗരികതയുടെ നാട്ടുമുദ്രകൾ

യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ സൗദിയിലെ ആദ്യ കേന്ദ്രമായ മദായിൻ സ്വാലിഹ് ഉൾപ്പെട്ട അൽഉല ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ടൂറിസ്റ്റുകൾ ഓരോ വർഷവും സന്ദർശിക്കുന്നു. അൽഉലയുടെ വികസനത്തിന് മൂന്ന് വർഷം മുമ്പ് പ്രത്യേകമായി റോയൽ കമ്മീഷൻ സ്ഥാപിക്കുകയുണ്ടായി. 
മിഡിൽ ഈസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായി അൽഉലയെ പരിവർത്തിപ്പിച്ചിരിക്കുകയാണ്. എല്ലാവിധ പശ്ചാത്തല സൗകര്യങ്ങളും അനുബന്ധ പദ്ധതികളും നടപ്പാക്കി സൗദിക്കകത്തു നിന്നും വിദേശത്തു നിന്നുമായി പ്രതിവർഷം പത്തു ലക്ഷത്തിലേറെ വിനോദ സഞ്ചാരികളെ അൽഉലയിലേക്ക് ആകർഷിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. 


അൽഉലയിൽ നിന്ന് 23 കിലോമീറ്റർ ദൂരെയാണ് മദായിൻ സ്വാലിഹ്. ജോർദാനിലെ പെട്ര ആസ്ഥാനമായി നിലവിലുണ്ടായിരുന്ന നബ്തിയൻ സാമ്രാജ്യത്തിന്റെ രണ്ടാം നഗരമോ കോളനിയോ ആയിരുന്നു ഈ പ്രദേശം. വിശുദ്ധ ഖുർആനിൽ അൽഹിജ്ർ എന്നാണ് മദായിൻ സ്വാലിഹിനെ വിളിച്ചിരിക്കുന്നത്. പുരാതന കാലത്ത് മദായിൻ സ്വാലിഹിന്റെ മധ്യത്തിലൂടെയാണ് കച്ചവട സംഘങ്ങൾ കടന്നുപോയിരുന്നത്. തബൂക്ക് യുദ്ധവേളയിൽ പ്രവാചകനും അനുചരന്മാരും ഇതിലൂടെ കടന്നുപോയി. ഈ സമയത്താണ് മദായിൻ സ്വാലിഹിൽ നിന്ന് എത്രയും വേഗം കടന്നുപോകുന്നതിന് പ്രവാചകൻ നിർദേശിച്ചത്. സ്വാലിഹ് നബിയെയും അല്ലാഹുവിനെയും ധിക്കരിച്ചതിനാലാണ് മദായിൻ സ്വാലിഹിലെ സമൂദ് ഗോത്രത്തെ ദൈവം നശിപ്പിച്ചത്. നബ്തികളുടെ കാലത്ത് പെട്രയിൽ നിന്നും മക്കയിലേക്കുള്ള വ്യാപാര മാർഗത്തിലെ പ്രധാന കേന്ദ്രമായിരുന്നു മദായിൻ സ്വാലിഹ്.


പഴയ കാലത്ത് ദമാസ്‌കസിൽ നിന്ന് മക്കയിലേക്കുള്ള തീർഥാടകരും മദായിൻ സ്വാലിഹ് വഴിയാണ് കടന്നുപോയിരുന്നത്. ദമാസ്‌കസ്, മദീന നഗരങ്ങളെ ബന്ധിപ്പിച്ച ഹിജാസ് റെയിൽവേയും ഇതിലൂടെയാണ് കടന്നുപോയിരുന്നത്. സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രാചീന നാഗരികതയാണ് മദായിൻ സ്വാലിഹ് ഉൾപ്പെട്ട അൽഉല.

 

Latest News