Sorry, you need to enable JavaScript to visit this website.

മൽബുവിന്റെ ഇനാമും കൊറോണയും

പല കാരണങ്ങൾ ചൂണ്ടിക്കാട്ടി മൽബു ഒഴിഞ്ഞുമാറാൻ നോക്കി. 
പക്ഷേ ഉസ്മാനും കൂട്ടരും വിട്ടില്ല.
ജോലി കിട്ടുകയെന്നത് ലോട്ടറി സമ്മാനമടിക്കുന്നതു പോലെ പ്രയാസമായിരിക്കുന്ന ഇക്കാലത്തു മാസങ്ങളുടെ കാത്തിരിപ്പിനു ശേഷം ജോലി കിട്ടിയ മൽബു അത് പാർട്ടി നടത്തി ആഘോഷിക്കണമെന്നാണ് എല്ലാവരുടെയും ആവശ്യം. 
പാർട്ടി നടത്തി ആഘോഷിക്കേണ്ട കാലമാണോ ഇതെന്ന മൽബുവിന്റെ ചോദ്യത്തെ പിശുക്കിനു ന്യായീകരണം കണ്ടെത്തരുതെന്ന  മറുവാദവുമായാണ് അവർ ഒറ്റക്കെട്ടായി നേരിട്ടത്. 
പിശുക്കനെന്ന ചെല്ലപ്പേരു വീഴുമെന്ന ഭയവും കൂടിയാണ് മൽബുവിനെ ഒരു പാർട്ടി നടത്തിക്കളയാമെന്ന തീരുമാനത്തിലെത്തിച്ചത്.
വലിയ ഹോട്ടലിൽ പോയി തന്നെ നടത്തണമെന്നായിരുന്നു താമസിക്കുന്ന സ്ഥലത്തെ എല്ലാവരുടെയും ആവശ്യം. 
ബുഫെയാണ് നല്ലത്. ഉസ്മാന്റെ വക ഐഡിയ. എല്ലാവരും അതിനെ പിന്തുണച്ചെങ്കിലും മൽബു പ്രയോഗിച്ച അടവുകളിലൊന്ന് ശരിക്കും ഫലിച്ചു. 
ഞാൻ ഒന്നാന്തരം നാടൻ  സദ്യ ഉണ്ടാക്കിയാൽ പോരേ എന്നായിരുന്നു മൽബുവിന്റെ ആദ്യത്തെ ചോദ്യം. 
ആരും സമ്മതിച്ചില്ലെന്ന് മാത്രമല്ല, ഒരു സദ്യക്കാരൻ വന്നിരിക്കുന്നുവെന്ന് കളിയാക്കുകയും ചെയ്തു.
ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കേണ്ട സമയത്തു നമ്മൾ ഹോട്ടലിൽ പോയി റിസ്‌ക് എടുക്കണോ എന്ന മറ്റൊരു താത്വിക ചോദ്യം മൽബു ഉന്നയിച്ചപ്പോൾ അവർ രണ്ടു കൂട്ടരായി. 
കൊറോണ റിസ്‌ക് വലിയ കാര്യമാക്കേണ്ടെന്ന് ഒരു കൂട്ടരും ഹോട്ടലിൽ പോകേണ്ടെന്ന് മറ്റേ കൂട്ടരും അഭിപ്രായം പറഞ്ഞു.
ഒടുവിൽ തീരുമാനം ഉസ്മാനു വിട്ടു. അതങ്ങനെയാണ്. പ്രശ്‌നങ്ങളിലും തർക്കങ്ങളിലും ഒടുവിൽ തീരുമാനം ഉസ്മാനു വിടുകയാണ് പതിവ്. 
നീതിമാനാണെന്നതിലുപരി ഉസ്മാന്റെ പേരിലാണ് ഫ്‌ളാറ്റ് എന്നതാണ് ഇതിന്റെ അടിസ്ഥാന കാരണം. ഫ്‌ളാറ്റിൽ താമസിക്കുന്നിടത്തോളം കാലം ഉസ്മാനെ പിണക്കാതിരിക്കുക എന്നത് ഓരോരുത്തർക്കും നിർബന്ധമാണ്. അല്ലെങ്കിൽ അനുഭവിക്കേണ്ടി വരും.
വളരെ ബുദ്ധിമുട്ടി ഇവിടെ നിൽക്കണമെന്നില്ലെന്ന് ഉസ്മാൻ പറഞ്ഞാൽ കുടുങ്ങി. 
അങ്ങനെ മൽബുവിന് ജോലി കിട്ടിയതിനുള്ള പാർട്ടിക്ക് വേണ്ടി വാശി പിടിച്ച ഉസ്മാൻ തന്നെ ഒടുവിൽ മാർഗവും നിർദേശിച്ചു. 
ബ്രോസ്റ്റ് വാങ്ങി മുറിയിൽ കൊണ്ടുവന്ന് പാർട്ടി നടത്തുക.
മൽബുവിനും ആശ്വാസമായി. ഏറ്റവും ചുരുങ്ങിയ ചെലവിൽ വയറു നിറക്കാവുന്ന ഭക്ഷണമെന്നതാണ് ബ്രോസ്റ്റിന്റെ പ്രത്യേകത. പണി കിട്ടിയപ്പോൾ ബ്രോസ്റ്റ് വാങ്ങിക്കൊടുത്തുവെന്ന് കാലാകാലം പറയുകയും ചെയ്യാം. 
അപ്പോഴും ഒരു തർക്കം ഉയർന്നു. പുറമെ നിന്ന് ഭക്ഷണം കൊണ്ടുവന്ന് കഴിക്കുമ്പോഴും റിസ്‌കുണ്ടെന്ന് ഒരാൾ അഭിപ്രായപ്പെട്ടു. 
ഇങ്ങനെയായാൽ മുറിയിൽനിന്ന് പുറത്തിറങ്ങാൻ പറ്റില്ലെന്നായി മറ്റുള്ളവർ.
പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലതെന്നും ഇപ്പോൾ അങ്ങനെയാണ് കമ്പനികൾ നിർദേശിക്കുന്നതെന്നും അയാൾ. 
അയാൾ അങ്ങനെ പറയാൻ കാരണമുണ്ട്. പുള്ളിക്കാരനോട് ഫഌറ്റിലിരുന്ന് ജോലി ചെയ്യാൻ പറഞ്ഞിരിക്കയാണ് കമ്പനി. 
ഓഫീസിലെത്തിയപ്പോൾ കെട്ടിടമാകെ കിടുങ്ങുമാറ് ഉച്ചത്തിൽ തുമ്മിയാണ് ടിയാൻ ഈ സൗകര്യം നേടിയെടുത്തത്. തുമ്മലിന്റെ ഒച്ച കേട്ട് മാനേജർ കാബിനിലേക്ക് വിളിപ്പിക്കകയും ഒരു പാക്കറ്റ് ടിഷ്യൂ പേപ്പേർ നൽകി വേഗം വീട്ടിലേക്ക് വിട്ടോ എന്നു പറയുകയുമായിരുന്നു. 
ഫഌറ്റിലെത്തിയപ്പോഴാണ് മാനേജറുടെ ഫോൺവന്നത്. ജലദോഷവും മൂക്കൊലിപ്പുമൊക്കെ മാറിയ ശേഷം ഓഫീസിലേക്ക് വന്നാൽ മതിയെന്നും ചെയ്യാനള്ള ജോലി ഇ-മെയിലിൽ അങ്ങോട്ട് അയക്കാമെന്നും അദ്ദേഹം പറഞ്ഞു. 
ഇങ്ങനെയൊരാൾ മറ്റുള്ളവരെ ഉപദേശിക്കുക സ്വാഭാവികം.
വൈറസ് വരാതിരിക്കാനുള്ള മരുന്നും വാങ്ങാമെന്നു പറഞ്ഞ് ബ്രോസ്റ്റ് കൊണ്ടുവരാനായി മൽബു പുറത്തു പോകാനൊരുങ്ങി. എന്തു മരുന്നാണ് വാങ്ങുകയെന്ന് ആളുകൾ ചോദിച്ചെങ്കിലും മൽബു സസ്‌പെൻസ് നിലനിർത്തി.
ആളുകളുടെ എണ്ണം കണക്കാക്കി ബ്രോസ്റ്റ് വാങ്ങിയ മൽബു തൊട്ടടുത്ത കടയിൽനിന്ന് വൈറസ് പ്രതിരോധത്തിനുള്ള മരുന്നും വാങ്ങി.
റൂമിലെത്തിയപ്പോൾ ബ്രോസ്റ്റാണെന്ന് ഉറപ്പായതിനാൽ മരുന്ന് എന്താണെന്ന് അറിയാനായിരുന്നു അന്തേവാസികൾക്ക് താൽപര്യം.
പ്രതിരോധ മരുന്ന് ബ്രോസ്റ്റ് കഴിക്കുന്നതിനു മുമ്പാണോ ശേഷമാണോ കഴിക്കേണ്ടതെന്ന് ചോദ്യങ്ങൾ ഉയർന്നുവന്നു.
മൽബു കൈയിൽ കരുതിയിരുന്ന പൊതി വാഷ് ബേസിനു സമീപമെത്തി തുറന്നു കാണിച്ചു. 
അതൊരു ഹാൻഡ് വാഷ് ബോട്ടിലായിരുന്നു.
ആദ്യമായാണ് കേരളാ ഹൗസിൽ അങ്ങനെയൊരു സംഗതി കൊണ്ടുവരുന്നത്. ബിരിയാണി തിന്നാൽ കൈയിലെ മെഴുക്ക് പോകാൻ സോപ്പാണ് അവർ സാധാരണ ഉപയോഗിച്ചിരുന്നത്. ഭക്ഷണത്തിനു മുമ്പ് സോപ്പ് ഉപയോഗിച്ച് ആരും കൈ കഴുകാറില്ല. 
കൈ കഴുകുന്നവർ തന്നെ അധികമില്ല. ഒന്നും തൊട്ടിട്ടില്ലെന്ന ന്യായമാണ് പറയാറുള്ളത്.
ബോട്ടിൽ അമർത്തി കൈയിലേക്ക് ലിക്വിഡ് സോപ്പെടുത്ത മൽബു നന്നായി കഴുകി. 
ഭക്ഷണത്തിനിരിക്കുന്നതിനു മുമ്പ് ദേ ഇതുപോലെ കൈകളുടെ അകവും പുറവും കഴുകണം. ഭക്ഷണം കഴിച്ച ശേഷം കഴുകിയില്ലെങ്കിലും കുഴപ്പമില്ല -മൽബു പറഞ്ഞു.
ഇങ്ങനെ കഴുകിയാൽ ലിക്വിഡ് രണ്ടു ദിവസത്തേക്ക് തികയില്ലല്ലോ എന്ന് ഒരാൾ.
അതു പേടിക്കേണ്ടെന്നും ലിക്വിഡ് കൊണ്ടുവരുന്ന കാര്യം ഏറ്റുവെന്നും അതു തന്റെ വകയാണെന്നും ചെലവ് ഷെയർ ചെയ്യേണ്ടതില്ലെന്നും പറഞ്ഞ് മൽബു അവരെ സന്തോഷിപ്പിച്ചു. 
എന്നാലൊരെണ്ണം വാഷ് റൂമിലേക്കും വേണമെന്ന് ഉസ്മാൻ. 
അവിടെ എല്ലാവരും ഒരു സോപ്പാണ് ഉപയോഗിക്കുന്നത്.
അതും ഏറ്റു -മൽബു പറഞ്ഞു. 

Latest News