കോട്ടയം - കൊറോണ പടരുന്ന പശ്ചാതലത്തിൽ സൗദിയിൽ നിന്നെത്തിയ സ്ത്രീയുടെ അമ്മയും ഒമാനിൽ നിന്നെത്തിയ വനിതയും ഉൾപ്പടെ ഒൻപതുപേർ ആശുപത്രിയിലെ നീരിക്ഷണ വാർഡിലേക്ക് മാറ്റി. സൗദിയിൽനിന്നെത്തിയ സ്ത്രീയുടെ അമ്മയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ഹൃദ്രോഗത്തിന് ചികിത്സയിലിരിക്കെ ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെത്തുടർന്നാണ് അതേ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിലാക്കിയത്. ഒമാനിൽനിന്നെത്തിയ മധ്യവയസ്‌കയെയും ശ്വാസതടസം അനുഭവപ്പെട്ട സാഹചര്യത്തിലാണ് നിരീക്ഷണത്തിൽ പാർപ്പിച്ചത്. അതേസമയം മാർച്ച് എട്ടു മുതൽ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്ന മധ്യവയസ്‌കനെ സാമ്പിൾ പരിശോധനയിൽ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഐസൊലേഷനിൽനിന്ന് ഒഴിവാക്കി.
വിവിധ രാജ്യങ്ങളിൽനിന്നെത്തിയ എട്ടു പേർക്കു കൂടി ആരോഗ്യ വകുപ്പ് ഇന്നലെ ഹോം ക്വാറന്റൈൻ നിർദേശിച്ചു. ഇതോടെ കോട്ടയം ജില്ലയിൽ വീടുകളിൽ ജനസമ്പർക്കമില്ലാതെ കഴിയുന്നവരുടെ എണ്ണം 91 ആയി.
കൊറോണ ഭീതിയിലായതോടെ യാത്രികരിൽ പലരും മാസ്‌ക് അണിഞ്ഞാണ് പൊതു നിരത്തുകളിലെത്തിയത്. ജില്ലയിൽ മുഖാവരണത്തിനും അണുമുക്ത ലായനികൾക്കും വലിയ ക്ഷാമമാണ്. കരിഞ്ചന്തയും വ്യാപകം. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്് ഇന്നും അവധി നൽകി. എംജി സർവകലാശാലയിൽ ജീവനക്കാരുടെ ബയോമെട്രിക്ക് പഞ്ചിംഗ് ഒഴിവാക്കി.
കൊറോണ മുൻകരുതൽ നടപടികളുടെ ഭാഗമായി ജില്ലയിൽ ഒൻപതു പേർ ആശുപത്രി നിരീക്ഷണത്തിൽ. പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ച കുടുംബത്തിലെ ഗൃഹനാഥന്റെ മാതാപിതാക്കളെ ഇന്നലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ബന്ധുകുടുംബത്തിലെ മൂന്നു പേരും മറ്റു രണ്ടു പേരും ഉൾപ്പെടെ ആകെ ഏഴു പേരാണ് ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉള്ളത്. ഒരാൾ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും മറ്റൊരാൾ കോട്ടയം ജനറൽ ആശുപത്രിയിലുമാണ് ഐസൊലേഷനിൽ കഴിയുന്നത്.
അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അനിൽ ഉമ്മന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗം സ്ഥിതിഗതികൾ വിലയിരുത്തി. കോട്ടയം മെഡിക്കൽ കോളേജിൽ കഴിയുന്നവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ബന്ധുക്കളെയും അയൽവാസികളെയും ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് സുരക്ഷാ നിർദേശങ്ങൾ നൽകിവരികയാണ്. യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാർ, സാംക്രിമിക രോഗ ചകിത്സാ വിഭാഗം മേധാവി ഡോ. സജിത്കുമാർ, കമ്യൂണിറ്റി മെഡിസിൻ മേധാവി ഡോ. ശോഭ തുടങ്ങിയവർ പങ്കെടുത്തു.
പൊതുചടങ്ങുകൾ, ആരാധനാലയങ്ങൾ, സിനിമ തിയേറ്ററുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ജനങ്ങൾ ഒത്തു ചേരുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. അവശ്യ സന്ദർഭങ്ങളിലൊഴികെ ട്രെയിനുകൾ, ബസുകൾ തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങളിലുള്ള യാത്ര ഒഴിവാക്കണമെന്നും അറിയിച്ചിട്ടുണ്ട്.
സ്‌കൂളുകൾ എന്നിവ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും
ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. എസ്.എസ്.എൽ.സി പരീക്ഷയ്ക്കും നേരത്തെ നിശ്ചയിച്ചിട്ടുള്ള ബോർഡ്, യൂണിവേഴ്‌സിറ്റി പരീക്ഷകൾക്കും അവധി ബാധകമല്ല. വിദ്യാർഥികൾ ജനങ്ങൾ ഒത്തുചേരുന്ന സ്ഥലങ്ങളിൽ പോകുന്നതും യാത്രകൾ നടത്തുന്നതും ഒഴിവാക്കി വീട്ടിൽതന്നെ കഴിയണം. വിദേശരാജ്യങ്ങളിൽനിന്നെത്തുന്നവരുംപൊതു സമ്പർക്കം ഒഴിവാക്കണം