കുവൈത്ത് സിറ്റി- കുവൈത്തില്‍ മൂന്നു പേര്‍ക്ക്കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 64 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറില്‍ മൂന്നു പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് നിലവിലുള്ള എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി രോഗപ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുന്നതിന് ക്യാബിനറ്റ് യോഗത്തില്‍ പ്രധാനമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് നിര്‍ദേശിച്ചു.
കൂടാതെ കുവൈത്തിലേക്ക് വരുന്ന യാത്രക്കാരെ കൂടുതല്‍ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കുന്നതിന് ആവശ്യമായ എല്ലാവിധ അത്യാധുനിക സജ്ജീകരണങ്ങള്‍ വിമാനത്താവളങ്ങളിലും മറ്റ് പരിശോധനാ കേന്ദ്രങ്ങളിലും ഒരുക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. തുടര്‍ന്ന് കരുതല്‍ നടപടിയുടെ ഭാഗമായിട്ടാണ് വിദേശ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാരെ നിയന്ത്രിക്കുന്നതിനായി ഇന്ത്യ അടക്കം ഏഴ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വിസുകള്‍ താത്കാലികമായി റദ്ദാക്കിയതെന്നും വക്താവ് വിശദമാക്കി.






