ദുബായ്- കൊറോണയെക്കുറിച്ച് യു.എ.ഇ. യില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷയെന്ന് അധികൃതര്‍. 30 ലക്ഷം ദിര്‍ഹം പിഴയും മൂന്നുവര്‍ഷം ജയില്‍ശിക്ഷയുമുള്‍പ്പെടെ അനുഭവിക്കേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഓണ്‍ലൈന്‍ നിയമമനുസരിച്ചായിരിക്കും ശിക്ഷ വിധിക്കുക.
സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. രാജ്യത്ത് കോവിഡ്19 ബാധിച്ച ആളുകളുടെ എണ്ണം പെരുപ്പിച്ചുകാണിക്കുന്നതരത്തില്‍ അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത്. അത് സമൂഹത്തില്‍ ഭയവും പരിഭ്രാന്തിയും ഇരട്ടിയാക്കും.
രോഗത്തിനെതിേര ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. കഴിഞ്ഞദിവസങ്ങളില്‍ സര്‍ക്കാര്‍, ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കരുത്. മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇക്കാര്യം കര്‍ശനമായി പാലിക്കണം. വ്യാജവാര്‍ത്തകളോ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന വിവരങ്ങളോ പ്രചരിപ്പിച്ചാല്‍ ശിക്ഷ ഏറ്റുവാങ്ങേണ്ടിവരും.






