Sorry, you need to enable JavaScript to visit this website.

ദില്ലി, കേരളം, സിനിമാ അവാർഡ്.....  

കേരള മന്ത്രിസഭ മലയാള സിനിമാ അവാർഡ് കമ്മിറ്റിയുടെ ചെയർമാനാകാൻ ശ്രീകുമാരൻ തമ്പിയെ ക്ഷണിച്ചുവെന്നാണ് കേൾക്കുന്നത്. അദ്ദേഹം അതിനു തയാറല്ല എന്നു പത്രപംക്തികളിൽ കണ്ട വിളംബരത്തിൽനിന്നും അതാണല്ലോ മനസ്സിലാക്കേണ്ടത്. ദോഷം പറയരുതല്ലോ, അടുത്ത കാലത്തെ മലയാള ചിത്രങ്ങൾ കണ്ടവരാരും തന്നെ ജൂറിയിൽ ചേരാൻ മുതിരുകയില്ല. തമ്പിയദ്ദേഹമാകട്ടെ, പത്തുനാൽപതു പടങ്ങൾ കൈകാര്യം ചെയ്ത ദേഹവുമാണ്. അഭിനയിച്ചില്ലെന്നു മാത്രം. മലയാളികളുടെ സുകൃതം. ഒരു അവാർഡിന് അഞ്ചു വിവാദം എന്നതാണ്  ഇന്നത്തെ അവസ്ഥ. എഴുപത്തഞ്ച് കഴിഞ്ഞ ശ്രീകുമാരൻ തമ്പിക്ക് ഇനിയും വിവാദങ്ങളുടെ വിള നിലമാണ്. സാംക്രമിക രോഗങ്ങളുടെ ഉറവിടം പോലെയാണത്. ഒരു വിവാദം സമം ഒരു രാജി എന്നതാണ് ഇതുവരെയുള്ള നാട്ടുനടപ്പ്. ഇക്കുറി ചെയർമാന്റെ മകൻ സംവിധാനം ചെയ്ത  സിനിമയുണ്ട്. കഴിഞ്ഞ കൊല്ലം മികച്ച ഗാനരചയിതാവായി തെരഞ്ഞെടുക്കപ്പെട്ട തമ്പിയദ്ദേഹം, തന്നെ 25 കൊല്ലമായി അവഗണിക്കുകയായിരുന്നുവെന്നോ മറ്റോ മുനവെച്ച ഒരു കമന്റ് പാസാക്കിയിരുന്നു. സാംസ്‌കാരിക മന്ത്രിയും ജീവിച്ചിരിപ്പുമുള്ള മുൻ സാംസ്‌കാരിക മന്ത്രിമാരുമെല്ലാം ലജ്ജയും കുറ്റബോധവും നിമിത്തം ഒരു മാസത്തോളം വീടുകളിൽ പതുങ്ങിക്കഴിഞ്ഞുവെന്നും കേട്ടിട്ടുണ്ട്. ഇത്തവണ അദ്ദേഹം എഴുതിയ ഗാനങ്ങൾ മത്സര ചിത്രങ്ങളിൽ രണ്ടെണ്ണത്തിലുണ്ട്. കിടക്കാവുന്ന അവാർഡ് താൻ തന്നെ തട്ടിക്കളയണോ എന്നാണ് ഗാനരചയിതാവായ തമ്പിയോട് അവാർഡ് മോഹിയായ തമ്പി ചോദിച്ചത്. മുൻകാലത്ത് സ്വന്തക്കാരുടെ ചിത്രങ്ങൾ കാണിക്കുമ്പോൾ കമ്മിറ്റിയംഗങ്ങൾ പുറത്തിറങ്ങി വരാന്തയിൽ സിഗറ്റ് പുകച്ചുനിൽക്കുമായിരുന്നു എന്നൊരു ശ്രുതിയുണ്ട്. ഏതായാലും പല സമകാലീന ഗാനങ്ങളും കർത്താവും കർമവും ക്രിയയും സ്ഥലകാലവുമൊക്കെ തല കീഴായി അവതരിപ്പിച്ചു കാണുമ്പോൾ 'തമ്പി എത്ര ഭേദം' എന്ന് അവാർഡ് കമ്മിറ്റിയണ്ണന്മാർക്കു തോന്നിയാൽ അത്ഭുതത്തിന് അവകാശമില്ല.


****                             ****                   ****

ആനക്കാര്യത്തിനിടക്കാണ് ചേനക്കാര്യം! മധ്യപ്രദേശത്തു ചെന്നു നിന്ന് കമൽനാഥ് മുഖ്യനെ ഒന്നു താഴെയിറക്കാൻ പെടാപ്പാടു പെടുന്ന കാലമാണ്. അപ്പോഴാണ് കേരളത്തിലെ പാർട്ടിയിലെ സംഘർഷം ചുമന്നുകൊണ്ടുള്ള വരവ്. ആരും മോശമല്ല. ജെ.പി. നദ്ദയദ്ദേഹത്തിനു കലി വന്നു. അങ്ങനെയാണ് വി. മുരളീധരനെ കേന്ദ്ര മന്ത്രിയായി പ്രധാൻമന്ത്രിജിയും അമിത് ഷാജി, കേരളത്തിന്റെ പോലീസായും ചുമതലയേൽപിച്ചത്. അതു മൂലം കോളടിച്ചത് മുരളീധരൻജിക്കു തന്നെ. കോൺഗ്രസിലെ മുരളീധരന്റെ പേരു പോലും കേൾക്കാനില്ലാത്ത കാലമാണ്. അങ്ങനെ കേന്ദ്ര മന്ത്രി അനന്തപുരി മുതൽ മഞ്ചേശ്വരം വരെ പാറി നടക്കുകയാണ്. പക്ഷേ, തന്റെ മൊബൈൽ വിളികൾക്കും മെസേജിനും വാട്‌സ് ആപ്പിനും ദില്ലിവാല നദ്ദയണ്ണൻ മറുപടി പറയുന്നില്ല. ഇവിടെ തീപ്പിടിക്കുകയാണ് എന്നറിയിച്ചാൽ മന്ത്രിസഭ വീഴുമോ എന്ന മണ്ടൻ ചോദ്യം മാത്രമേ ദില്ലിവാലകൾക്കുള്ളൂ. തീ പടരുന്നത് സ്വന്തം പാർട്ടിയിലാണ്. അത് ബീഡിക്കും സിഗരറ്റിനും കൊളുത്തുന്ന തീയല്ല. കൃഷ്ണദാസ് പക്ഷം കൊമ്പന്മാരാണ്. ഇരുപത്തി രണ്ടാം നൂറ്റാണ്ടിൽ പോലും ഒരു സീറ്റ് ജയിച്ച് നിയമസഭയിൽ പോകില്ലെന്നുറപ്പുണ്ടെങ്കിലും പാർട്ടിക്ക് കഴുത്തിൽ പിടിച്ച ഞണ്ടാണ്. ദിവസവും സൂര്യനുദിക്കുമ്പോൾ തുടങ്ങുന്ന പാര പണി. കഷ്ടിച്ച് എം.ടി. രമേശിനെ സെക്രട്ടറിക്കസേരയിൽ ഇരുത്താനായി. എപ്പോഴാണ് ഇറങ്ങി ഓടിക്കളയുന്നതെന്നു പറയാൻ വയ്യാ. ഒന്നാലോചിച്ചാൽ, കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല. എന്തു കണ്ടിട്ടാണ് ഈ സേവനം? കവിതയെഴുതി നടന്ന് ശബരിമല പ്രശ്‌നത്തിൽ അമിതാഭിനയം കാഴ്ച വെച്ചതുകൊണ്ട് ശ്രീധരൻ പിളള വക്കീൽ ഗവർണറായി. നിത്യബ്രഹ്മചാരിയായ കുമ്മനം ചേട്ടന് ഒരു കസേരയും കിട്ടിയില്ലെങ്കിലും പരാതി പറയാൻ ഭാര്യയും പിള്ളേരുമില്ല. ഒരു പായും തലയിണയും കിട്ടിയാൽ ഏതു ബി.ജെ.പി ആപ്പീസിലും കിടന്നുറങ്ങിക്കൊള്ളും. മറ്റുള്ളവരാണ് പ്രശ്‌നം. ശോഭാ സുരേന്ദ്രൻ വൈസ് പ്രസിഡന്റായി. അധികം സംസാരിക്കാത്ത കൂട്ടത്തിലാണ്. നമ്പാൻ കൊള്ളില്ല. ന:സ്ത്രീ സ്വാതന്ത്ര്യമർഹതി എന്നു പറഞ്ഞ് അകത്തളത്തിൽ ഇരുത്താമായിരുന്നു. അതു കൂടി കഴിഞ്ഞിട്ടും 'ഇങ്ങുള്ളിലേതും പ്രസാദമില്ല' എന്നു പറഞ്ഞ മാതിരി കൃഷ്ണദാസ് വായും പിളർന്നിരിപ്പാണ്. കുബേരൻ പണ്ട് സദ്യയൊരുക്കി പാപ്പരായതു പോലെ, നാളെ ചരിത്രം അതിന്റെ തങ്ക, വെണ്ട, വെള്ളി ലിപികളിൽ കുറിച്ചിടുമോ, മുരളീധരപക്ഷം നിലംപരിശായി എന്ന്! നേരിട്ടു ദില്ലിയിലെത്തി കാര്യങ്ങൾ തിരുമനസ്സറിയിക്കാമെന്നു വെച്ചാൽ, വിമാന ടിക്കറ്റ് തരപ്പെടുത്താൻ പോലും അസാധ്യം. ഏതു ഫളൈറ്റും ഏതു നിമിഷവും റദ്ദാക്കപ്പെടാം. ട്രെയിൻ സങ്കൽപിക്കാൻ വയ്യാ. മൊത്തം അന്തരീക്ഷം മേഘാവൃതമാണ്. വി. മുരളീധരന്റെ ഇന്നത്തെ അവസ്ഥ കണ്ടാൽ പ്രകൃതി പോലും കണ്ണീരണിഞ്ഞു പോകും. അങ്ങനെയെങ്കിലും വർഷപാതമുണ്ടാകട്ടെ. അത്രക്കുണ്ട് ചൂട്!.
****                   ****                       ****

സാർ, ആ കുട്ടി എന്റെ പെൻസിൽ മോഷ്ടിച്ചു എന്ന പ്രൈമറി വിദ്യാർഥിയുടെ വാശിയും ദുഃഖവും കാണുന്നോ, കേരള കോൺഗ്രസു നേതാക്കളുടെ മുഖത്തേക്കു നോക്കിയാൽ മതി. കുട്ടനാട് സീറ്റിന്മേൽ ഇതുവരെ തീരുമാനമാകാതെ, ഹെഡ്മാസ്റ്റർ വെയിലത്തു നിർത്തിയ കുട്ടികളെപ്പോലെ കുഴഞ്ഞും വാശിയിലും നിൽപാണ് ജോസഫ് - ജോസ്, അനൂപ് ജേക്കബുമാർ. പണ്ടു പണ്ട് കെ.എം. ജോർജും ആർ. ബാലകൃഷ്ണപിള്ളയും ചില ബിഷപ്പുമാരും മന്നത്തപ്പനും കൂടി രൂപീകരിച്ച പാർട്ടി ഒന്നരക്കൊല്ലം കഴിഞ്ഞപ്പോൾ തന്നെ പിളരാനുള്ള പണിയും തുടങ്ങി. അതിനുള്ളിൽ ആർ.ബി. പിള്ളയദ്ദേഹമുണ്ടായിരുന്നതാണ് കാരണമെന്നു ഒരു അപവാദമുണ്ട്. പക്ഷേ, ഇന്നത്തെ പ്രതിസന്ധി പരിഹരിക്കാൻ ഏറ്റവും നല്ല മധ്യസ്ഥനാകാൻ വേണ്ട. മൂപ്പുള്ള പിള്ളയദ്ദേഹം ഇപ്പോഴും തയാറാണ്. ആരെങ്കിലുമൊന്നു സമീപിക്കാതെ അഭിമാനിയായ അദ്ദേഹം പുറത്തേക്ക് വലതുകാൽ വെക്കില്ല. സൂക്ഷിച്ചു നിന്നില്ലെങ്കിൽ തന്നെ വിശ്വസിക്കുന്നവരുടെ പുറത്തു കാൽ വെക്കാനും മടിക്കാത്ത ദേഹമാണ്. അതു പുതിയ തലമുറക്കും കേട്ടറിവുണ്ട്. അതാകണം പിള്ളേച്ചന്റെ പേര് ഇതിനകം മുഴങ്ങാതെ പോയത്. ഇടതുപക്ഷത്ത് പണിയൊന്നുമില്ലാത്ത ഒരു കോർപറേഷന്റെ ചെയർമാനായി ഊണും വിശ്രമവുമായി കഴിയുകയാണെങ്കിലും, ആചാര പ്രകാരം ചെന്നപേക്ഷിച്ചാൽ ഏതു ശത്രുപക്ഷത്തെയും സഹായിക്കാൻ അദ്ദേഹം മടിക്കില്ല. ഇനി അതൊന്നേ കേരള കോൺഗ്രസുകാർക്കു വഴിയുള്ളൂ എന്നാണ് ലക്ഷണവശാൽ കാണുന്നത്.
****                                  ****                      ****

 

ഉചിത സമയത്ത് രാഹുൽ ഗാന്ധി മടങ്ങിയെത്തുന്നതാണ് പതിവ്. കലാപം നടക്കുന്ന സമയം ഒട്ടും നല്ലതല്ല. ഉചിതമെന്നു തോന്നുന്ന സമയത്ത് അദ്ദേഹം ഇറ്റലിയിലെ മുത്തശ്ശിയെയോ കാനഡയിലെ സുഹൃത്തിനെയോ കാണാൻ പോകും. ശശി തരൂരിന് ഇപ്പോൾ രാഹുൽ ഗാന്ധി മടങ്ങി വരണമെന്നു പറയേണ്ട കാര്യമില്ല. പറഞ്ഞാൽ അനുസരിക്കുന്ന പതിവ് ഗാന്ധി കുടുംബത്തിനില്ല. അനുസരിപ്പിച്ചിട്ടേയുള്ളൂ. സംശയം തീർക്കാൻ ഇന്ദിരാഗാന്ധി മുതൽ ഇങ്ങോട്ടുള്ള ചരിത്രം വായിക്കുന്നത് നന്ന്. ആരുടെയെങ്കിലും പ്രത്യേകിച്ച് തന്നേക്കാൾ വിവരമുള്ള ഒരു മുൻ ഉദ്യോഗസ്ഥന്റെ, കേവലം ഒരു എം.പി മാത്രമായ തരൂരിന്റെ നിർബന്ധത്തെ ശ്രദ്ധിക്കുന്നതു തന്നെ മോശം. അസൂയ കൊണ്ടാണെന്നു തോന്നാം. രാഹുൽജിയുടെ വല്യപ്പൂപ്പനായ നെഹ്‌റുജിക്കു പോലും അതില്ലായിരുന്നു. പിന്നെ, സർദാർ പട്ടേലിന്റെ ഉരുക്കു ശരീരവും ഉരുക്കു നിലപാടും കാണുമ്പോൾ എന്താന്നു തോന്നിയിരുന്നതെന്ന് ആരും ചോദിക്കരുത്. ഏതായാലും തരൂർജി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റാകാൻ പോകുന്നില്ല. അതിന് ആദ്യം നെഹ്‌റു കുടുംബത്തിൽ ജനിക്കണം. 'ഗാന്ധി'പട്ടം നേടണം. പിന്നെ രാഹുൽജിക്കു താൽപര്യമുള്ളത് സ്വന്തം അനുജത്തിയുടെ കാര്യത്തിലേയുള്ളൂ. ഒരു രണ്ടാം ഇന്ദിരാഗാന്ധിയുടെ ഗെറ്റപ്പുണ്ട്. ഓൾ ഒന്നു മിണ്ടിയാൽ മതി, രാഹുൽ മമ്മിയെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഇറക്കി വീട്ടിൽ കൊണ്ടിരുത്തും. ഇപ്പോൾ 'അപനിർമിതി'കളുടെയും 'പുനർവായന'യുടെയും കാലമാണ്. നിർമിതി പുരോഗമിച്ച് നെഹ്‌റു കുടുംബത്തെ കല്ലും മണ്ണുമാക്കി മാറ്റും മുമ്പേ രണ്ടിലൊന്നു തീരുമാനിക്കണം. അണികൾ ചോരുകയാണ്. നേതാക്കൾ മുമ്പേ ചോർന്നുപോകാൻ തുടങ്ങിയതാണല്ലോ!

Latest News