പത്തനംതിട്ട- ഇറ്റലിയില്‍നിന്നാണ് വരുന്നതെന്ന് കൊച്ചി എയര്‍പോര്‍ട്ടില്‍ പറഞ്ഞിരുന്നുവെന്നും അവിടെനിന്ന് ഒരു നിര്‍ദേശവും കിട്ടിയിരുന്നില്ലെന്നും കൊറോണ വൈറസ് സ്ഥിരീകരിച്ചവരില്‍ ഒരാളുടെ ഓഡിയോ സന്ദേശം.
ഫെബ്രുവരി 29 നാണ് എത്തിയത്. ഇറ്റലിയില്‍ പരിശോധിച്ചപ്പോള്‍ കുഴപ്പമൊന്നുമില്ലാതെയാണ് വിമാനം കയറിയത്. ദോഹയില്‍നിന്ന് കൊച്ചിയിലെത്തിയപ്പോള്‍ വിവരം മുഴുവന്‍ പറഞ്ഞു. പാസ്പോര്‍ട്ട് നോക്കിയാല്‍ അത് മനസ്സിലാകുന്ന കാര്യമായിട്ടും ഒരു പരിശോധനയും നടത്തിയിരുന്നില്ല. ഞങ്ങള്‍ ഇറ്റലിയില്നിന്നാണെന്ന വിവരം പറഞ്ഞില്ലെന്നും മറച്ചുവെച്ചുവെന്നും പറയുന്നത് ശരിയല്ലെന്നും അതൊക്കെ ഫേക്ക് ന്യൂസാണെന്നും സന്ദേശത്തില്‍ പറയുന്നു.
ഞങ്ങളുടെ ഫോട്ടോകളും വിവരങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും വസ്തുതകള്‍ കണക്കിലെടുക്കാതെ കളി പോലെ കാണുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതെല്ലാം കണ്ടിട്ട് ഹൃദ്രോഗിയായ പിതാവ് വളരെ പിരിമുറുക്കത്തിലാണ്. നാട്ടിലെത്തി ഞങ്ങള്‍ പള്ളിയില്‍ പോയെന്നും ചടങ്ങുകളില്‍ പോയെന്നും പറയുന്നത് ഫേക്ക് ന്യൂസാണ്. അടുത്ത വീടുകളില്‍ മാത്രമാണ് പോയതെന്നും അവിടെയുള്ളവരാണ് നിരീക്ഷണത്തിലുള്ളതെന്നും ബാക്കിയുള്ളതൊന്നും വിശ്വസിക്കരുതെന്നും ഞങ്ങളെ സഹായിക്കണമെന്നും സന്ദേശത്തില്‍ അഭ്യര്‍ഥിക്കുന്നു.






