തായ്‌ലന്‍ഡും മലേഷ്യയും അടുപ്പിക്കുന്നില്ല; കടലില്‍ കുടുങ്ങിയ കപ്പലില്‍ 64 ഇന്ത്യക്കാര്‍

ക്വാലാലംപൂര്‍- പുതിയ കൊറോണ വൈറസ് കോവിഡ്-19 ഭീതിയെ തുടര്‍ന്ന് ആഢംബര കപ്പലിന് വിലക്കേര്‍പ്പെടുത്തി മലേഷ്യയും തായ്‌ലന്‍ഡും. 2000 യാത്രക്കാരുമായി വന്ന 'കോസ്റ്റ ഫോര്‍ച്ചുണ' എന്ന കപ്പലാണ് തീരത്തടുക്കാനാകാതെ പ്രതിസന്ധിയിലായത്. കപ്പലില്‍ 64 ഇന്ത്യക്കാരുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.


നിരവധി ഇറ്റാലിയന്‍ പൗരന്മാര്‍ കപ്പലിലുള്ളതിനാല്‍ കൊറോണ ബാധിതരുണ്ടാകുമെന്ന സംശയത്തെ തുടര്‍ന്നാണ് കപ്പലിന് തീരത്തടുക്കാന്‍ അനുമതി നിഷേധിച്ചത്. ഇറ്റലിയില്‍ മരണവും കൊറോണ ബാധിതരുടെ എണ്ണവും വര്‍ധിക്കുകയാണ്.

 
തായ്‌ലന്‍ഡിലെ ഫുകെറ്റിലുള്ള അവധിക്കാല കേന്ദ്രമായ ദ്വീപില്‍നിന്ന് വെള്ളിയാഴ്ച മടങ്ങിയതാണ് കപ്പല്‍. ഇറ്റലിയില്‍ കൂടുതല്‍ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് തായ്‌ലന്‍ഡും മലേഷ്യയും കപ്പലിന് വിലക്കേര്‍പ്പെടുത്തിയത്. കഴിഞ്ഞ 14 ദിവസത്തിനിടയിലാകാം കപ്പലിലുള്ളവര്‍ ഇറ്റലിയിന്‍നിന്ന് പുറപ്പെട്ടിട്ടുണ്ടാവുകയെന്നും ഇവര്‍ക്ക് വൈറസ് ബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നും തായ് അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച വടക്കന്‍ മലേഷ്യയിലെ പെനാങ്ങിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച കപ്പലിന് മലേഷ്യന്‍ അധികൃതരും അനുമതി നിഷേധിച്ചു. രാജ്യത്തെ ഒരു തുറമുഖത്തിലും കപ്പലിന് പ്രവേശിക്കാന്‍ അനുമതി നല്‍കില്ലെന്നാണ് മലേഷ്യന്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. മലേഷ്യന്‍ തീരത്തടുക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ കപ്പല്‍ സിങ്കപ്പൂര്‍ ലക്ഷ്യമാക്കി നീങ്ങുകയാണ്.


ചൈനക്ക് പുറത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ഇറ്റലിയിലാണ്. 233 പേരാണ് കഴിഞ്ഞ ദിവസം വരെ മരിച്ചത്. 5000 ത്തിലേറെ പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. യാത്രക്കാര്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയം കാരണം അഞ്ച് രാജ്യങ്ങള്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ചയോളം കടലില്‍ സഞ്ചരിച്ച ഒരു കപ്പലിനെ കമ്പോഡിയയാണ് പിന്നീട് തീരത്തടുപ്പിച്ചത്.

 

 

Latest News