Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇറാനി തീർഥാടകർക്ക് പ്രത്യേക വ്യവസ്ഥ ബാധകമാക്കിയിട്ടില്ല -ഗവർണർ 

പുണ്യസ്ഥലങ്ങളിൽ നടപ്പാക്കിയ പുതിയ വികസന പദ്ധതികൾ ഖാലിദ് അൽഫൈസൽ രാജകുമാരൻ സന്ദർശിക്കുന്നു.

മക്ക- ഇറാനിൽ നിന്നുള്ള ഹജ് തീർഥാടകർക്ക് മാത്രമായി പ്രത്യേക വ്യവസ്ഥകൾ ബാധകമാക്കിയിട്ടില്ലെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറും സെൻട്രൽ ഹജ് കമ്മിറ്റി ചെയർമാനുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ പറഞ്ഞു. പുണ്യസ്ഥലങ്ങളിൽ പൂർത്തിയാക്കിയ പുതിയ പദ്ധതികൾ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള തീർഥാടകരെ ഒരേപോലെയാണ് സൗദി അറേബ്യ കാണുന്നത്. തീർഥാടകർക്ക് സുഗമമായി ഹജ് നിർവഹിക്കുന്നതിനുള്ള പൊതുവ്യവസ്ഥകൾ മാത്രമാണ് നടപ്പാക്കുന്നത്. ഇത് എല്ലാവർക്കും ഒരുപോലെ ബാധകമാണ്. ഈ വർഷം 20,38,000 പേർ ഹജ് നിർവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് 11 ശതമാനം കൂടുതലാണിത്. സൽവ അതിർത്തി പോസ്റ്റ് വഴി 443 ഖത്തരി തീർഥാടകർ ഇതിനകം സൗദിയിൽ പ്രവേശിച്ചിട്ടുണ്ട്. 
തിങ്കളാഴ്ച വൈകീട്ട് അഞ്ചു മണി വരെ 12,07,000 തീർഥാടകർ പുണ്യഭൂമിയിലെത്തി. ലൈസൻസില്ലാതെ പ്രവർത്തിച്ച 64 ഹജ് സർവീസ് സ്ഥാപനങ്ങൾ കണ്ടെത്തി. ഹജ് നിയമം ലംഘിച്ച് മക്കയിൽ പ്രവേശിക്കാൻ ശ്രമിച്ച 2,35,154 പേരെ തിരിച്ചയച്ചു. അനധികൃത തീർഥാടകരെ കടത്തുന്നതിന് ശ്രമിച്ച 1,899 പേരെ പിടികൂടുകയും ചെയ്തു.
നിയമം ലംഘിച്ച് ഹജ് നിർവഹിക്കുന്നതിന് ആരെയും അനുവദിക്കില്ലെന്ന് ഗവർണർ വ്യക്തമാക്കി. മുപ്പതു കോടി റിയാൽ ചെലവഴിച്ച് 14 പുതിയ പദ്ധതികളാണ് മക്ക വികസന അതോറിറ്റി ഈ വർഷം പുണ്യസ്ഥലങ്ങളിൽ പൂർത്തിയാക്കിയത്. അടിയന്തിര സാഹചര്യങ്ങളിൽ മുപ്പതിനായിരത്തിലേറെ തീർഥാടകരെ മാറ്റിപ്പാർപ്പിക്കുന്നതിന് ശേഷിയുള്ള അഭയകേന്ദ്രങ്ങൾ പുണ്യസ്ഥലങ്ങളിൽ ധനമന്ത്രാലയം സജ്ജീകരിച്ചിട്ടുണ്ട്. കശാപ്പുശാലകളിൽ നിന്നുള്ള മാലിന്യങ്ങൾ സംസ്‌കരിച്ച് ജൈവവളമാക്കി മാറ്റുന്ന പ്ലാന്റ് മുഅയ്‌സിമിൽ തുറന്നു. 9,000 ടൺ മാലിന്യം സംസ്‌കരിക്കാൻ ശേഷിയുള്ള പ്ലാന്റാണിത്. പുണ്യസ്ഥലങ്ങളിൽ നിരവധി വികസന പദ്ധതികൾ ഹജ്, ഉംറ മന്ത്രാലയം ആസൂത്രണം ചെയ്തുവരികയാണെന്നും ഗവർണർ പറഞ്ഞു.
 

Tags

Haj

Latest News