ഖത്തറിൽ മൂന്ന് പ്രവാസികൾക്ക് കൊറോണ; വൈറസ് ബാധിതരുടെ എണ്ണം പതിനഞ്ചായി

ദോഹ- ഖത്തറിൽ മൂന്ന് പേർക്ക് കൂടി കൊറോണ ബാധയുള്ളതായി ഖത്തർ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. മുന്ന് പേരും രാജ്യത്ത് ജോലിചെയ്യുന്ന വിദേശികളാണ്. ആദ്യമായിട്ടാണ് രാജ്യത്തുള്ള വിദേശ തൊഴിലാളികളെ കൊറോണ ബാധിച്ചതായുള്ള സ്ഥിരീകരണം പുറത്ത് വരുന്നത്. ഇതോടെ ഖത്തറിൽ കറോണ ബാധിതരുടെ എണ്ണം പതിനഞ്ചായി ഉയർന്നു. ഇതുവരെ ഉണ്ടായിരുന്ന കൊറോണ ബാധിതരെല്ലാം ഇറാനിൽ സന്ദർശനം നടത്തിയവരായിരുന്നെങ്കിൽ  ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്ന് പേരും ഖത്തറിൽ തന്നെ തൊഴിൽ ചെയ്യുന്നവരാണ്.വിവിധ ഘട്ടങ്ങളിലായി രോഗം സ്ഥിരീകരിച്ച പന്ത്രണ്ട് പേരിൽ ഒമ്പത് പേർ സ്വദേശികളും രണ്ട് പേർ വൈറസ് ബാധിച്ചവരുടെ വീടികളിൽ ജോലി ചെയ്യുന്ന വിദേശികളുമായിരുന്നു. ഇവരും ഇറാനിലായിരുന്നു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച മറ്റൊരു വിദേശിയായ വ്യക്തിയും ഇറാൻ സന്ദർശിച്ചിരുന്നു. 
ഇറാനിലുള്ള ഖത്തരി പൗരന്മാർക്ക് കൊറോണ സ്ഥിരീകരിച്ചയുടൻ അവരെ പ്രത്യേക വിമാനത്തിൽ ഖത്തറിലെത്തിക്കുകയായിരുന്നു. അവരെ ഹമദ് മെഡിക്കൽ കോർപ്പറേഷൻ പ്രത്യേക വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർക്ക് പൊതുജനങ്ങളുമായി ബന്ധപ്പെടാൻ അവസരം ലഭിച്ചിട്ടില്ലെന്നും ഇറാനിൽനിന്നും ഗവൺമെന്റ് ചാർട്ടേഡ് വിമാനത്തിൽ ഖത്തറിലെത്തിയ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊതുജനാരോഗ്യ മന്ത്രാലയ അധികൃതർ വ്യക്തമാക്കിയിരുന്നു. കൊറോണ ക്കെതിരെ രാജ്യത്ത് കർശനമായ മുൻകരുതൽ നടപടികളാണ് സ്വീകരിച്ചത്. കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നുമെത്തുന്നവരെ പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കുന്നതായും മന്ത്രാലയ അധികൃതർ വ്യക്തമാക്കി .
രോഗികൾ ഐസൊലേഷൻ വാർഡുകളിലാണെന്നും  ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. വിവിധ ഇന്ത്യൻ സംഘടനകളാടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബഹുജന പരിപാടികൾ കൊറോണയുടെ പശ്ചാതലത്തിൽ മാറ്റി വെക്കണമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. ഇതു സംബന്ധമായ സർക്കുലർ എംബസിക്ക് കീഴിലെ സംഘടനകൾക്ക് അധികൃതർ അയച്ചു. വരുന്ന വാരാന്ത്യങ്ങളിലും മറ്റും പ്രവാസി സംഘടനകൾ സംഘടിപ്പിക്കാൻ തീരുമാനിച്ച നിരവധി പരിപാടികൾ മാറ്റിവെച്ചിട്ടുണ്ട്.

Latest News