കുവൈത്ത് സിറ്റി- കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍നിന്നു കുവൈത്തിലെത്തിയ വിദേശികള്‍ രണ്ടാഴ്ചത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ വീടുകള്‍ക്കുള്ളില്‍ പാലിക്കണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.
ശനിയാഴ്ച രാത്രിയിലാണ് ആരോഗ്യ മന്ത്രാലയം വാര്‍ത്താ കുറിപ്പിലൂടെ വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കുവൈത്തില്‍ എത്തിയ നാള്‍ മുതല്‍ രണ്ടാഴ്ചത്തെ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയത്.
ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, ശ്രീലങ്ക, സിറിയ, ലെബനന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍നിന്നെത്തുന്നവര്‍ക്ക് രണ്ടാഴ്ചത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍. ഏഴ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ ഒരാഴ്ചത്തേക്ക് റദ്ദാക്കിയിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നു കുവൈത്തില്‍ എത്തിച്ചേരേണ്ട നൂറുകണക്കിന് യാത്രക്കാര്‍ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിയിരിക്കയാണ്. ഒരാഴ്ച കഴിഞ്ഞ് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചാലും ഇക്കൂട്ടര്‍ക്ക് രണ്ടാഴ്ചത്തെ വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ കുവൈത്തില്‍ പ്രവേശിക്കാനാവില്ല.






