മനാമ- ബഹ്‌റൈനില്‍ ആറ് പേര്‍ക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 62 ആയതായി ആരോഗ്യമന്ത്രാലയം അധികൃതര്‍ വെളിപ്പെടുത്തി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ പറഞ്ഞു.
വിവിധ മന്ത്രാലയങ്ങളുമായി ചേര്‍ന്ന് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി തുടരുകയാണ്. ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന ബഹ്‌റൈനി പൗരന്മാരെ ചൊവ്വാഴ്ച മുതല്‍ രാജ്യത്തെത്തിക്കാനുള്ള നടപടികളിലാണ് അധികൃതര്‍. ഇവരുടെ യാത്രാച്ചിലവും മറ്റുകാര്യങ്ങളും സര്‍ക്കാര്‍ വഹിക്കും. ഹമദ് രാജാവിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് നടപടി. ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ ഇവരെ ഓണ്‍ അറൈവല്‍ സ്‌ക്രീനിംഗിന് വിധേയമാക്കിയശേഷം ഐസൊലേഷന്‍ വാര്‍ഡിലേക്ക് അയക്കും. അവിടെ നിരീക്ഷണത്തിനു വിധേയനാക്കിയ ശേഷം രോഗബാധയില്ലെന്ന് തെളിഞ്ഞാല്‍ മാത്രമേ വിട്ടയക്കുകയുള്ളു. ഇതിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായതായും അധികൃതര്‍ അറിയിച്ചു.
യാതൊരു വിധത്തിലുള്ള ആശങ്കക്കും ഇടയില്ലെന്നും എന്നാല്‍ ജാഗ്രതയിലാണ് മന്ത്രാലയമെന്നും അധികൃതര്‍ അറിയിച്ചു.