കൊറോണ ജാഗ്രത: വിവരങ്ങള്‍ മറച്ചുവെച്ചാല്‍ കര്‍ശന നടപടിയെന്ന് പോലീസ്

തിരുവനന്തപുരം- കൊറോണ വൈറസ് ബാധ സംബന്ധിച്ച വിവരങ്ങള്‍ ഒളിച്ചുവെച്ചാല്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗലക്ഷണം ഉളളവര്‍ ഉടന്‍ അധികൃതരെ വിവരം അറിയിക്കണമെന്ന് കേരള പോലീസ് പത്രക്കുറിപ്പില്‍ അറിയിച്ചു.

രോഗമുളള രാജ്യങ്ങളില്‍നിന്ന് നാട്ടിലെത്തുകയും രോഗബാധ ഉണ്ടാകാന്‍ ഇടയുളള സാഹചര്യത്തില്‍ കഴിയുകയും  ചെയ്തവര്‍ വിവരങ്ങള്‍ ഒളിച്ചുവെക്കുന്നത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്. ഇത്തരക്കാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുളള കര്‍ശന നടപടി സ്വീകരിക്കും.

ഇതുമായി ബന്ധപ്പെട്ട് വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ നിര്‍ദേശം എല്ലാവരും പാലിക്കണമെന്ന് പോലീസ് നിര്‍ദേശിച്ചു.

ഇറ്റലിയില്‍നിന്നെത്തിയ മൂന്നുപേരടക്കം അഞ്ചുപേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിദേശത്തുനിന്നെത്തുന്നവര്‍ യാത്രാവിവരം മറച്ചുവെക്കുന്നത് കുറ്റകൃത്യമായി കണക്കാക്കേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശികള്‍ ആരോഗ്യവകുപ്പിനെ വിവരമറിയിച്ചിരുന്നില്ല. ഇവരുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.

 

Latest News