മദീന - യാമ്പുവിനു സമീപം ബോട്ട് കേടായി നടുക്കടലിൽ കുടുങ്ങിയ രണ്ടു ബംഗ്ലാദേശുകാരെ മദീന പ്രവിശ്യ അതിർത്തി സുരക്ഷാ സേന രക്ഷപ്പെടുത്തി. ബോട്ടിന്റെ എൻജിൻ പ്രവർത്തനരഹിതമായതായി അതിർത്തി സുരക്ഷാ സേനക്കു കീഴിലെ അൽഅബ്ബാസി മർകസിൽ വിവരം ലഭിക്കുകയായിരുന്നെന്ന് മദീന പ്രവിശ്യ അതിർത്തി സുരക്ഷാ സേനാ കമാണ്ടന്റ് വക്താവ് കേണൽ മാഹിർ അൽമൗർഇ പറഞ്ഞു. യാമ്പു സെക്ടറിനു സമീപം ശഅബ് അൽവസൽ എന്ന പ്രദേശത്താണ് ബോട്ട് കേടായി ബംഗ്ലാദേശുകാർ നടുക്കടലിൽ കുടുങ്ങിയത്. വിവരം ലഭിച്ചയുടൻ അതിർത്തി സുരക്ഷാ സേനക്കു കീഴിലെ നാവിക വിഭാഗത്തിൽ നിന്ന് മറൈൻ പട്രോൾ യൂനിറ്റിനെ സ്ഥലത്തേക്ക് അയച്ച് ബംഗ്ലാദേശുകാർക്ക് ആവശ്യമായ സഹായങ്ങൾ നൽകുകയായിരുന്നെന്ന് കേണൽ മാഹിർ അൽമൗർഇ പറഞ്ഞു.