കൊറോണ അനുഗ്രഹമായത് ഓണ്‍ലൈന്‍ വ്യാപാരമേഖലക്ക്

അബുദാബി- കൊറോണ ജീവിതത്തിന്റെ സമസ്ത മേഖലകളേയും സ്തംഭിപ്പിച്ചെങ്കിലും ഒരുകൂട്ടര്‍ക്ക് അത് അനുഗ്രഹമായി. മറ്റാരുമല്ല, ഓണ്‍ലൈന്‍ കച്ചവടക്കാര്‍. ഷോപ്പുകളിലും റെസ്റ്ററന്റുകളിലുമൊക്കെ പോകുന്നത് ആളുകള്‍ ഒഴിവാക്കിയതിനാല്‍ ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ വന്‍തോതില്‍ കൂടിയിരിക്കുകയാണ്.
റസ്റ്ററന്റുകളിലടക്കം ഓണ്‍ലൈന്‍ കച്ചവടം കൂടി. അവധി ദിവസങ്ങളിലും കടകളില്‍ എത്താന്‍ പലരും മടിക്കുന്നതായി കച്ചവടക്കാര്‍ പറയുന്നു.
വിവിധ ഉല്‍പന്നങ്ങളുടെ വില്‍പന കുറഞ്ഞത് കമ്പനികള്‍ക്കു തിരിച്ചടിയായിട്ടുണ്ട്. ഇവന്റ്‌സ് കമ്പനികള്‍ക്കും റീട്ടെയ്ല്‍, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകള്‍ക്കുമാണ് പ്രധാന തിരിച്ചടി. പൊതുപരിപാടികളില്‍നിന്ന് ആളുകള്‍ വിട്ടുനില്‍ക്കുന്നതാണ് ഇവന്റ്‌സ് സംഘാടകരെ ബാധിച്ചത്. പ്രദര്‍ശന മേളകളും മറ്റും നിര്‍ത്തിവയ്ക്കാന്‍ പല രാജ്യങ്ങളും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചൈനയിലെ പല ഫാക്ടറികളും പൂട്ടിയതിനാല്‍ അവിടെനിന്നുള്ള ഉല്‍പന്നങ്ങള്‍ വരുന്നില്ല. ചൈനീസ് ഉല്‍പന്നങ്ങളോട് പൊതുജനങ്ങള്‍ മുഖംതിരിക്കുന്നതും കമ്പനികളുടെ ഇടപാടുകളെ കാര്യമായി ബാധിച്ചതായാണ് റിപ്പോര്‍ട്ട്. മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനെക്കുറിച്ച് പല കമ്പനികളും ആലോചിച്ചുവരുകയാണെന്നു ഗള്‍ഫ് ടാലന്റ് സര്‍വേ പറയുന്നു.

 

Latest News