വീട്ടിലിരുന്ന് ഓഫീസ് ജോലി, കൊറോണ തടയാന്‍ മാര്‍ഗം പലത്

ദുബായ്- കോവിഡ്19 പടരുന്നത് തടയാന്‍ ജീവനക്കാര്‍ വീട്ടില്‍ തന്നെയിരുന്ന് ജോലി ചെയ്താല്‍ മതിയെന്ന് പല ഗള്‍ഫ് കമ്പനികളും നിര്‍ദേശിച്ചു. ഓഫിസുകളില്‍ ജീവനക്കാര്‍ ഒരുമിച്ചിരുന്നു ജോലി ചെയ്യുന്നതും പൊതുവാഹന യാത്രയും ഒഴിവാക്കാനാണിത്. ഗള്‍ഫിലെ മൂന്നിലൊന്ന് തൊഴിലുടമകളും ഇതിനൊരുങ്ങുകയാണെന്ന് 'ഗള്‍ഫ് ടാലന്റ്' റിപ്പോര്‍ട്ട്  ചെയ്തു. ആറ് ഗള്‍ഫ് രാജ്യങ്ങളിലെ 1,600 കമ്പനികളില്‍ സര്‍വേ നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
ജീവനക്കാരുടെ അഭിപ്രായം തേടിയശേഷം അന്തിമ തീരുമാനമെടുക്കാനിരിക്കുകയാണ് പല കമ്പനികളും.  ജീവനക്കാര്‍ ഓഫിസുകളില്‍ വരേണ്ടെന്ന അഭിപ്രായമാണ് തൊഴിലുടമകളില്‍ 35 ശതമാനത്തോളം പേര്‍ക്കുള്ളത്. ചില കമ്പനികള്‍ ഇതിനു തുടക്കമിട്ടുകഴിഞ്ഞു. പ്രവര്‍ത്തനത്തെ ബാധിക്കാത്ത വിധം ജോലി ക്രമീകരിക്കുന്നതിെനക്കുറിച്ച് പല കമ്പനികളും ഗൗരവമായി ആലോചിച്ചുവരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിപുലമായ തയാറെടുപ്പുകളും സാങ്കേതിക സംവിധാനങ്ങളും ഇതിനായി തയാറാക്കേണ്ടി വരും. വിമാനങ്ങള്‍ മുടങ്ങുന്നതിനാല്‍ ബിസിനസ് യാത്രകള്‍ റദ്ദ് ചെയ്യപ്പെടുന്നതും ഈ തീരുമാനത്തിന് പ്രചോദനമായി.

 

Latest News