ദുബായ്- യു.എ.ഇയില്‍ ഇന്ത്യക്കാരന് ഉള്‍പ്പെടെ 15 പേര്‍ക്കുകൂടി കോവിഡ്19. ഇതോടെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 45 ആയി. ഇന്ത്യ, തായ്ലന്ഡ്, ചൈന, മൊറോക്കോ എന്നിവിടങ്ങളില്‍നിന്നുള്ള ഓരോരുത്തര്‍ക്കും സൗദി അറേബ്യ, എത്യോപ്യ, ഇറാന് എന്നിവിടങ്ങളില്‍നിന്നുള്ള രണ്ട് പേര് വീതവും യു.എ.ഇ പൗരന്മാരായ മൂന്ന് പേര്‍ക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.
യു.എ.ഇക്ക് പുറത്തുനിന്നു എത്തിയവരാണ് ഇവരെല്ലാം. വിമാനത്താവളങ്ങളിലെ പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ട് വിശദമായ പരിശോധന നടത്തിയാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. അതേസമയം നേരത്തെ രോഗം ബാധിച്ചവരുമായി അടുത്ത് ഇടപഴകിയിരുന്ന രണ്ട് പേര്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ രോഗം പിടിപ്പെട്ടിരുന്നു. എല്ലാവരുടെയും ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. ആവശ്യമായ ചികിത്സ നല്‍കുന്നതായും ആരോഗ്യവകുപ്പ് അറിയിച്ചു.
രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ഏഴ് പേര് സുഖം പ്രാപിച്ചു. 38 കാരനും 10 വയസ്സുള്ള ഒരു കുട്ടിയുമാണ് ഏറ്റവും ഒടുവില്‍ സുഖം പ്രാപിച്ച രണ്ടുപേര്‍. നിലവില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും യു.എ.ഇയിലില്ലെന്ന് അധികൃതര്‍ പറഞ്ഞു.






