കുവൈത്ത് സിറ്റി- കുവൈത്തില്‍ മൂന്നു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 61 ആയി. അസുഖബാധിതരെയെല്ലാം പ്രത്യേക കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്ന് കേസുകളും സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. കൊറോണ വൈറസ് പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ അടിയന്തര മന്ത്രിസഭാ യോഗത്തില്‍ കുവൈത്ത് പ്രധാനമന്തി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹാമിദ് അല്‍ സബാഹ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്കി.
കരുതല്‍ നടപടിയുടെ ഭാഗമായി ഇന്ത്യ അടക്കം ഏഴ് രാജ്യങ്ങളിലെക്കുള്ള വിമാന സര്‍വിസുകള്‍ താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്. ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് രാജ്യത്ത് പ്രവേശന വിലക്കുണ്ട്.
കുവൈത്ത് വിമാനത്താവളത്തില്‍ പ്രതിരോധ നടപടികള്‍ ഉന്നതതല മന്ത്രിസഭ സമിതി പരിശോധിച്ചു ഉറപ്പ് വരുത്തിയതായി അധികൃതര്‍ അറിയിച്ചു. നിലവില്‍ കുവൈത്തിലെത്തുന്ന യാത്രക്കാരുടെ ശരീര താപനില പരിശോധിച്ച ശേഷം സംശയമുള്ളവരെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നുണ്ട്.






