Sorry, you need to enable JavaScript to visit this website.
Tuesday , May   26, 2020
Tuesday , May   26, 2020

കളിക്കളങ്ങളിൽ വളകിലുക്കം

മാർച്ച് 22 സൗദി ചരിത്രത്തിലെ നാഴികക്കല്ലാവും. അന്നാണ് വനിതാ ലീഗിൽ പതിനേഴിനു മുകളിലുള്ള പെൺകുട്ടികളുടെ പ്രാഥമിക മത്സരങ്ങൾ നടക്കുക. ജിദ്ദ, റിയാദ്, ദമാം തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം പ്രാഥമിക റൗണ്ട് ഉണ്ടാവും. വനിതാ ചാമ്പ്യൻസ് കപ്പ് നോക്കൗട്ട് മത്സരങ്ങൾ ഈ വർഷാവസാനം അരങ്ങേറും. 

മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശുകയാണ് സൗദി അറേബ്യയിൽ. കളിക്കളങ്ങളാണ് ആധുനികതയിലേക്കുള്ള ചുവടുവെപ്പിൽ രാജ്യത്തിന് പ്രതീക്ഷ പകരുന്നത്. വൻകിട കായികമേളകളുടെ പരമ്പരക്കു തന്നെ സമീപകാലത്ത് സൗദി അറേബ്യ വേദിയൊരുക്കി. ഹെവിവെയ്റ്റ് ബോക്‌സർ ആന്റണി ജോഷ്വ മുതൽ ലിയണൽ മെസ്സിയും ക്രിസ്റ്റിയാനൊ റൊണാൾഡോയും വരെയുള്ള ലോക കായികരംഗത്തെ പ്രമുഖരുടെ നിര തന്നെ സൗദിയിലെത്തി. സൗദി കായികരംഗത്തിന്റെ പുതിയ ചുവടുവെപ്പാണ് വനിതാ ഫുട്‌ബോൾ ലീഗ്. 
രണ്ടു വർഷം മുമ്പാണ് സൗദി വനിതകൾക്ക് സ്റ്റേഡിയങ്ങളിലെത്തി കളികൾ വീക്ഷിക്കാൻ സ്വാതന്ത്ര്യം ലഭിച്ചത്. അവിടെനിന്ന് കളിക്കളത്തിലിറങ്ങാനുള്ള അനുമതി പെട്ടെന്നായിരുന്നു. മാർച്ച് 22 സൗദി ചരിത്രത്തിലെ നാഴികക്കല്ലാവും. അന്നാണ് വനിതാ ലീഗിൽ പതിനേഴിനു മുകളിലുള്ള പെൺകുട്ടികളുടെ പ്രാഥമിക മത്സരങ്ങൾ നടക്കുക. ജിദ്ദ, റിയാദ്, ദമാം തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം പ്രാഥമിക റൗണ്ട് ഉണ്ടാവും. വനിതാ ചാമ്പ്യൻസ് കപ്പ് നോക്കൗട്ട് മത്സരങ്ങൾ ഈ വർഷാവസാനം അരങ്ങേറും. 


സ്‌പോർട്‌സ് ഫോർ ഓൾ ഫെഡറേഷൻ പ്രസിഡന്റ് ഖാലിദ് ബിൻ അൽവലീദ് രാജകുമാരന്റെയും സൗദിക്കകത്തു നിന്നും വിദേശത്തു നിന്നുമുള്ള കായിക പ്രതിഭകളുടെയും സ്‌പോർട്‌സ് പ്രേമികളുടെയും മാധ്യമങ്ങളുടെയും സാന്നിധ്യത്തിലാണ് വിമൻസ് ഫുട്‌ബോൾ ലീഗ് തുടങ്ങാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. പതിനേഴിനു മുകളിലുള്ള യുവതികൾക്കു വേണ്ടി സംഘടിപ്പിക്കുന്ന വിമൻസ് ഫുട്‌ബോൾ ലീഗ് ആദ്യ സീസണിൽ റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലാണ് നടക്കുക. 
ടീമുകൾ രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെ എല്ലാ നഗരങ്ങളിലും പ്രാഥമിക റൗണ്ട് മത്സരങ്ങൾ സംഘടിപ്പിക്കും. ഇതിനു ശേഷമാണ് സെമി ഫൈനലുകൾ നടക്കുക. വിമൻസ് ഫുട്‌ബോൾ ലീഗ് വിജയികൾക്ക് അഞ്ചു ലക്ഷം റിയാൽ സമ്മാനം ലഭിക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകളുടെയും കളിക്കാരുടെയും ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ട്.


പുതിയ ലീഗിൽ കളിക്കാനുള്ള ആവേശത്തിലാണ് തങ്ങളെന്ന് ജിദ്ദയിൽ പരിശീലനം നടത്തുന്ന നൂഫ് യമാനി പറഞ്ഞു. പുരുഷ കളിക്കാരെ അപേക്ഷിച്ച് വലിയ വെല്ലുവിളികളാണ് വനിതാ താരങ്ങൾ നേരിടുന്നത്. അടച്ചുറപ്പുള്ള, എല്ലാ സൗകര്യങ്ങളുമുള്ള സ്റ്റേഡിയങ്ങളോ, സ്ത്രീസുരരക്ഷക്ക് പ്രാധാന്യം നൽകുന്ന സ്‌പോർട്‌സ് ബിൽഡിംഗുകളോ പോകട്ടെ പ്രൊഫഷനൽ കോച്ചുകളോ മെഡിക്കൽ സൗകര്യമോ പോലും ലഭ്യമല്ലെന്ന് ഇരുപത്താറുകാരി പറയുന്നു. കാലക്രമേണ സൗദി ഫുട്‌ബോൾ ഫെഡറേഷൻ ഈ സൗകര്യങ്ങളൊരുക്കുമെന്നും വനിതാ ലീഗിനെ തങ്ങളുടെ കീഴിൽ കൊണ്ടുവരുമെന്നും നൂഫിന് വിശ്വാസമുണ്ട്. 
പന്ത്രണ്ടാം വയസ്സിൽ ഫുട്‌ബോൾ കളിക്കാൻ ആരംഭിച്ചിരുന്നു നൂഫ്. കുടുംബത്തിന്റെ പിന്തുണ കിട്ടുകയെന്നത് നൂഫിനെ സംബന്ധിച്ചിടത്തോളം വലിയ ഭാഗ്യമായി. വനിതകൾക്കുണ്ടായിരുന്നു ഒരുപാട് നിയന്ത്രണങ്ങൾ സൗദി സർക്കാരും നീക്കിയതാണ് നൂഫിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഇത്തരം പരിഷ്‌കാരങ്ങൾക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.  


ഇരുപത്താറുകാരി വിദിയാൻ ബാബതൈൻ ആണ് ജിദ്ദയിൽ വനിതാ ക്ലബ് തുടങ്ങിയത്. അഞ്ച് ലക്ഷം റിയാൽ സമ്മാനത്തുകയുമായി വനിതാ ഫുട്‌ബോൾ ലീഗ് തുടങ്ങാനുള്ള തീരുമാനം തന്നെപ്പോലുള്ളവരുടെ പ്രയത്‌നങ്ങൾക്കുള്ള അംഗീകാരവും വനിതാ സ്‌പോർട്‌സിനുള്ള പ്രോത്സാഹനവുമാണെന്ന് വിദിയാൻ പറയുന്നു. ഇതുവരെ വനിതാ ഫുട്‌ബോളിന് ഒരു ഘടനയുണ്ടായിരുന്നില്ല. പലയിടത്തായി കളികൾ നടക്കുന്നുണ്ടായിരുന്നു. എന്നാൽ സർക്കാർ സ്‌പോൺസർഷിപ്പോടെ ലീഗ് ആരംഭിക്കുന്നത് വലിയ മാറ്റമുണ്ടാക്കും. കൂടുതൽ സംഘടിതമായിരിക്കും അത്. മറ്റു ടീമുകളുടെ കരുത്തും ദൗർബല്യവും മനസ്സിലാക്കാൻ ഉപകരിക്കും -വിദിയാൻ പറഞ്ഞു. 
ഫുട്‌ബോളിനെ ഇഷ്ടപ്പെടുന്ന എല്ലാ സൗദി വനിതകൾക്കും കളിക്കാൻ അവസരമുണ്ടാവേണ്ടതുണ്ടെന്ന് നൂഫും കരുതുന്നു. മറ്റു വെല്ലുവിളികൾ വനിതകൾ അതിജീവിച്ചതു പോലെ ഇതും സാധ്യമാവുമെന്നാണ് നൂഫ് വിശ്വസിക്കുന്നത്. അമേരിക്കൻ വനിതാ താരങ്ങളായ അലക്‌സ് മോർഗനും കാർലി ലോയ്ഡുമാണ് നൂഫിന്റെ ഇഷ്ടതാരങ്ങൾ. 


2012 ലാണ് ഒളിംപിക്‌സിൽ ആദ്യമായി സൗദി വനിത പങ്കെടുക്കുന്നത്. വനിതാ താരത്തെ ഒളിംപിക്‌സിനയക്കുന്ന അവസാന രാജ്യങ്ങളിലൊന്നായിരുന്നു അത്. അവിടെ നിന്ന് വനിതാ സ്‌പോർട്‌സിന്റെ വളർച്ച അദ്ഭുതാവഹമാണ്. സൗദി വനിതാ ലീഗ് ആരംഭിക്കുന്നത് രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ച് വലിയ കുതിച്ചുചാട്ടമാണെന്ന് സൗദി സ്‌പോർട്‌സ് ഫെഡറേഷൻ പ്രസിഡന്റ് ഖാലിദ് ബിൻ വലീദ് ബിൻ തലാൽ രാജകുമാരൻ പറഞ്ഞു. യുവതക്കും അവരുടെ ക്ഷേമത്തിനും മാത്രമല്ല ഓരോ കായികതാരവും അവരുടെ കഴിവിനൊത്ത വളർച്ച പ്രാപിക്കണമെന്ന സ്വപ്‌നത്തിലേക്കും വലിയ ചുവടുവെപ്പായിരിക്കും അതെന്ന് അദ്ദേഹം പറഞ്ഞു. 
കഴിഞ്ഞ വർഷം മേഖലാ ഫുട്‌സാൽ ചാമ്പ്യൻഷിപ്പിൽ സൗദി വനിതാ ടീം പങ്കെടുത്തിരുന്നു. 2012 ൽ ഫിഫ ഹിജാബ് വിലക്ക് നീക്കിയത് സൗദി ടീമിന്റെ പങ്കാളിത്തത്തിന് അനുകൂല ഘടകമായി. 

Latest News