കുവൈത്തിൽ ഇന്ത്യക്കാർക്ക് പ്രവേശന വിലക്ക്

പ്രധാനമന്ത്രി ശൈഖ് സ്വബാഹ് ഖാലിദ് അൽഹമദ് അൽസ്വബാഹിന്റെ അധ്യക്ഷതയിൽ വെള്ളിയാഴ്ച രാത്രി ചേർന്ന അസാധാരണ മന്ത്രിസഭാ യോഗം.

ഇന്ത്യ അടക്കം ഏഴു രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി - ഇന്ത്യ അടക്കം ഏഴു രാജ്യങ്ങളിൽ നിന്ന് വരുന്നവർ രാജ്യത്ത് പ്രവേശിക്കുന്നത് കുവൈത്ത് വിലക്കി. പ്രധാനമന്ത്രി ശൈഖ് സ്വബാഹ് ഖാലിദ് അൽഹമദ് അൽസ്വബാഹിന്റെ അധ്യക്ഷതയിൽ വെള്ളിയാഴ്ച രാത്രി ചേർന്ന അസാധാരണ മന്ത്രിസഭാ യോഗമാണ്  തീരുമാനം കൈക്കൊണ്ടത്. ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പൈൻസ്, ശ്രീലങ്ക, ഈജിപ്ത്, സിറിയ, ലെബനോൻ എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നവർ കുവൈത്തിൽ പ്രവേശിക്കുന്നതാണ് വിലക്കിയിരിക്കുന്നത്. കാലാവധിയുള്ള ഇഖാമയുള്ളവർക്കും വിസയുള്ളവർക്കുമെല്ലാം ഇത് ബാധകമാണ്. 
ഈ രാജ്യങ്ങളിൽ നിന്ന് വരുന്ന കുവൈത്തി പൗരന്മാരെ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കും. ഇവർക്ക് ഹെൽത്ത് ക്വാറന്റൈൻ ബാധകമാക്കും. ഈ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള മുഴുവൻ വിമാന സർവീസുകളും ഒരാഴ്ചത്തേക്ക് നിർത്തിവെക്കുന്നതിനും കുവൈത്ത് മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ഏതെങ്കിലും വ്യക്തികളെയോ വിഭാഗങ്ങളെയോ രാജ്യക്കാരെയോ പൗരന്മാരെയോ ലക്ഷ്യമിട്ടല്ല പുതിയ തീരുമാനമെന്നും മറിച്ച്, സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷ സംരക്ഷിക്കുന്നതിന് ലക്ഷ്യമിട്ടാണ് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതെന്ന് മന്ത്രിസഭാ യോഗം പറഞ്ഞു. ചൈന, ഹോങ്കോംഗ്, ഇറാൻ, ദക്ഷിണ കൊറിയ, തായ്‌ലന്റ്, ഇറ്റലി, സിങ്കപ്പൂർ, ജപ്പാൻ, ഇറാഖ് എന്നീ രാജ്യങ്ങളിൽ നിന്ന് കുവൈത്തിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നേരത്തെ തന്നെ നിർത്തിവെച്ചിരുന്നു. ഇന്ന് രാവിലെ കരിപ്പൂരില്‍നിന്ന് കുവൈത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി യാത്രക്കാരെ തിരിച്ചയച്ചിരുന്നു. 

Latest News