Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രളയ ഫണ്ട് വെട്ടിപ്പ്: കൂടുതൽ പ്രതികളുണ്ടെന്ന് സംശയം, അന്വേഷണം വിപുലമാക്കുന്നു

കൊച്ചി- പ്രളയക്കെടുതിയുടെ ഇരകൾക്ക് വിതരണം ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ച ഫണ്ട് തട്ടിയെടുത്ത സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായി വിലയിരുത്തൽ. അറസ്റ്റിലായ റിമാന്റിൽ കഴിയുന്ന കേസിലെ ഒന്നാം പ്രതി എറണാകുളം കലക്ടറേറ്റിലെ സെക്ഷൻ ക്ലാർക്ക് വിഷ്ണു പ്രസാദ്, രണ്ടാം പ്രതി മഹേഷ് എന്നിവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു.
പ്രളയ തട്ടിപ്പിൽ നിലവിൽ അറസ്റ്റിലായവരും പ്രതിപ്പട്ടികയിലുള്ളവരും കൂടാതെ കൂടുതൽ പേർ തട്ടിപ്പിൽ പങ്കാളിയായിട്ടുണ്ട് എന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങളും തെളിവുകളും കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണ് വിഷ്ണു പ്രസാദിനെയും മഹേഷിനെയും കസ്റ്റഡിയിൽ വാങ്ങുന്നത്. കേസിലെ മൂന്നാം പ്രതിയായ സി.പി.എം ലോക്കൽ കമ്മിറ്റിയംഗമായ അൻവർ ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇയാൾ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്.


കഴിഞ്ഞ ദിവസം അറസ്റ്റിലായ സി.പി.എമ്മിന്റെ മറ്റൊരു ലോക്കൽ നേതാവ് നിധിൻ, ഇയാളുടെ ഭാര്യ ഷിന്റു എന്നിവർ കേസിൽ റിമാന്റിലാണ്. കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന അൻവറിന്റെ ഭാര്യ, അറസ്റ്റിലായി റിമാന്റിൽ കഴിയുന്ന മഹേഷിന്റെ ഭാര്യ എന്നിവരെയും ക്രൈംബ്രാഞ്ച് കേസിൽ പ്രതിചേർത്തതായാണ് വിവരം. ഇവരും ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. ഒരു ക്ലാർക്കിനെക്കൊണ്ടു മാത്രം ഇത്തരത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്താൻ കഴിയില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ.


കൂടുതൽ ഉദ്യോഗസ്ഥരുടെ പങ്കും ക്രൈംബ്രാഞ്ച് സംശയിക്കുന്നുണ്ട്. അത്തരത്തിലുള്ള അന്വേഷണവും ക്രൈംബ്രാഞ്ച് നടത്തുന്നു. വിഷ്ണു പ്രസാദിന്റെ പേഴ്‌സണൽ ലാപ്‌ടോപും മറ്റും ക്രൈംബ്രാഞ്ച്  റെയ്ഡ് നടത്തി പിടിച്ചെടുത്തിരുന്നു. ഇത് അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്. കേസിൽ ക്രൈംബ്രാഞ്ചിനെ സഹായിക്കാൻ കലക്ടറേറ്റിലും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പുറത്തുവന്നിരിക്കുന്ന തട്ടിപ്പല്ലാതെ മറ്റു തട്ടിപ്പുകളും നടന്നിട്ടുണ്ടോയെന്നതു സംബന്ധിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഫണ്ട് വിതരണം നടത്തിയതടക്കമുള്ള രേഖകളും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നു.
പ്രളയക്കെടുതിയുടെ ഇരകൾക്ക് വിതരണം ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ച ഫണ്ട് തട്ടിയെടുത്ത സംഭവം നിയമസഭയുടെ ശ്രദ്ധയിൽകൊണ്ടുവരുമെന്ന് വി.ഡി സതീശൻ എം.എൽ.എ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

അതിനിടെ, കേസിലെ പ്രതികളായ പാർട്ടി പ്രവർത്തകരെ സി.പി.എം പുറത്താക്കി. കളമശ്ശേരി ഏരിയയിലെ തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം.എം. അൻവർ, എം. നിധിൻ എന്നിവരെയും പാർട്ടി അംഗം കൗലത്ത് അൻവറിനെയും പുറത്താക്കിയതായി സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റാണ് അറിയിച്ചത്. 
ഈ കേസിൽ അൻവറിനേയും നിധിനേയും ആരോപണ വിധേയരായപ്പോൾതന്നെ സസ്‌പെൻഡ് ചെയ്തിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നിരക്കാത്ത പ്രവൃത്തികളിൽ ഏർപ്പെടുന്ന ഒരാൾക്കും പാർട്ടിയിൽ സ്ഥാനം ഉണ്ടാകില്ലെന്ന് ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ അറിയിച്ചു.

Latest News