ദുബായ്- മലപ്പുറം ഇരുമ്പുഴി പറമ്പന്‍ ഭഗവതി പറമ്പത്ത് മുഹമ്മദ് സവാദ് (29) ദുബായില്‍ കാറപകടത്തില്‍ മരിച്ചു. ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകനും സുഹൃത്തുമായ മലപ്പുറം ഇരുമ്പുഴി കച്ചേരിപ്പറമ്പ് വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ ബാരിക്ക് (42) പരുക്കേറ്റു. ഇദ്ദേഹം ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു.
വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. അബുദാബിയിലെ അല്‍ നൂറൈന്‍ ഫിഷ് മോംഗറിയില്‍ ജോലി ചെയ്യുന്ന ഇവര്‍ ദുബായ് ദെയ്‌റ മത്സ്യ മാര്‍ക്കറ്റില്‍നിന്ന് മത്സ്യവുമായി അബുദാബിയിലേക്ക് പോകുമ്പോള്‍ ദുബായ് മാളിനടുത്ത് മിനി വാന്‍ മറ്റൊരു വാഹനത്തിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു. മുഹമ്മദ് സവാദ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. യുസുഫ്-ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഹാത്തിഫ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും.







