Sorry, you need to enable JavaScript to visit this website.

ആട്ടവും പാട്ടും നാടകവുമായി ആലുവാ കൂട്ടായ്മ: പ്രവാസ സേവനത്തിന്റെ പത്ത് വർഷം

സാംസ്‌കാരിക വൈവിധ്യങ്ങളുടെ വിളനിലമായ പെരിയാറിന്റെ തീരനഗരമായ ആലുവയുടെ സാംസ്‌കാരിക സമ്പന്നത വിളിച്ചറിയിക്കുന്നതായിരുന്നു ജിദ്ദ ആലുവാ കൂട്ടായ്മയുടെ പത്താം വാർഷികാഘോഷം. നൃത്തനൃത്യങ്ങളും ഗാനവിരുന്നും നാടകവുമെല്ലാം കോർത്തിണക്കി ജിദ്ദയിലെ കലാസ്വാദകർക്ക് ദൃശ്യ വിരുന്നൊരുക്കാൻ കൂട്ടായ്മക്കു കഴിഞ്ഞു. 


ജീവകാരുണ്യ പ്രവർത്തനങ്ങളോടൊപ്പം ആലുവയുടെ കലാ, സാംസ്‌കാരിക പൈതൃകവും സംരക്ഷിക്കുന്ന കൂട്ടായ്മയുടെ വാർഷികാഘോഷഘങ്ങൾക്ക് വേദിയായത് എയർലൈൻസ് ഇംപാല ഗാർഡനായിരുന്നു. നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി പ്രശസ്ത കലാകാരനും ഫഌവേഴ്‌സ് ടി.വി എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും കോമഡി ഉത്സവം സംവിധായകനുമായ മിഥിലാജ് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുഹമ്മദ് ഷാ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി.എം. മായിൻകുട്ടി കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് ജലീൽ കണ്ണമംഗലം, നവോദയ രക്ഷാധികാരി വി.കെ. റഊഫ്, ഒ.ഐ.സി.സി ജിദ്ദ റീജനൽ കമ്മിറ്റി മുൻ പ്രസിഡന്റ് അബ്ദുൽ മജീദ് നഹ, പി.പി.എ വൈസ് പ്രസിഡന്റ് ബഷീർ കുപ്പിയാൻ, സേവ പ്രസിഡന്റ് നാസർ എടവനക്കാട്, മുസ്്‌രിസ് പ്രസിഡന്റ് താഹ മരയ്ക്കാർ, ജസാക് പ്രസിഡന്റ് സഹീർ മാഞ്ഞാലി എന്നിവർ ആശംസകൾ നേർന്നു. ഗ്രന്ഥപ്പുര നടത്തിയ കഥാരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കൂട്ടായ്മാ വൈസ് പ്രസിഡന്റ് കൂടിയായ അൻഫലിനെ രക്ഷാധികാരി അബ്ദുൽ റഷീദ് മെമന്റോ നൽകി ചടങ്ങിൽ ആദരിച്ചു. ഷാസിയ സുബൈർ ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി ഫൈസൽ തോട്ടുംമുഖം സ്വാഗതവും ട്രഷറർ അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു. 


തുടർന്നു നടന്ന കലാപരിപാടികളിൽ പ്രമുഖ ഗായകൻ ജമാൽ പാഷക്കു പുറമെ കൂട്ടായ്മ അംഗങ്ങളായ മുഹമ്മദ് ഷാ ആലുവ, സിമി ഖാദർ, കലാം എടയാർ, ഫൈസാൻ അൻഫൽ, ഷഫീഖ്, ഷജീർ എടയാർ, അമൻ ഫൈസൽ, ഫാത്തിമാ ഖാദർ, അൻവർ തോട്ടുമുഖം, നിഷാദ് ശ്രീമൂലനഗരം, ഷസ്‌നിം സുബൈർ എന്നിവർ ഗനാലാപനം നടത്തി. സിറാജ് കൊച്ചി ചിട്ടപ്പെടുത്തി നിഷാദും സംഘവും അവതരിപ്പിച്ച അറബിക് ഡാൻസ് വേറിട്ട അനുഭവം പകർന്നു. യാസീൻ ഹിഷാമും മുഹമ്മദ് ഇഷാനും നൃത്തം അവതരിപ്പിച്ചു. ശബ്ദാനുകരണ കലയുമായി അജ്്‌നാസ് കോതമംഗലം വേദിയിലെത്തി. അബ്ദുൽ അഹദ് കീബോർഡിൽ സംഗീത വിസ്മയം തീർത്തു. ഹാഷിം കുന്നുകര കവിതാലാപനം നടത്തി. തുടർന്ന് ആനുകാലിക സംഭവ വികാസങ്ങളെ കോർത്തിണക്കി മുഹ്്‌സിൻ കാളികാവ് രചനയും സംവിധാനവും നിർവഹിച്ച 'കള്ളനും കൂട്ടരും' നാടകം അരങ്ങേറി. മുഹ്്‌സിൻ കാളികാവിനെ രക്ഷാധികാരി സെയ്ദു മുഹമ്മദ് മെമന്റോ നൽകി ആദരിച്ചു. നാടകത്തിനു പിന്നിൽ പ്രവർത്തിച്ചവർക്കും പരിപാടികൾ അവതരിപ്പിച്ചവർക്കും സ്‌പോൺസർമാരും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സമ്മാനങ്ങൾ വിതരണം ചെയ്തു. കോർഡിനേറ്റർ കലാപരിപാടികളിൽ പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു. നജീബ് വെഞ്ഞാറംമൂട് പരിപാടി നിയന്ത്രിച്ചു.  


കള്ളനും കൂട്ടരും
ആനുകാലിക സംഭവങ്ങളെ തൻമയത്വത്തോടെ അനാവരണം ചെയ്യുന്ന ഇതിവൃത്തവും കണ്ണഞ്ചിപ്പിക്കുന്ന രംഗ സജ്ജീകരണവും വർണമനോഹര പ്രകാശ വിന്യാസവും ശബ്ദമിശ്രണവും സംഗീത, നൃത്ത ചാരുതയും കൊണ്ട് അനുവാചക ഹൃദയങ്ങളിൽ ഹൃദ്യമായ ആസ്വാദനത്തിന്റെ അനുരണങ്ങൾ തീർക്കാൻ മുഹ്്‌സിൻ കാളികാവ് രചനയും സംവിധാനവും നിർവഹിച്ച് ജിദ്ദ ആലുവാ കൂട്ടായ്മ അവതരിപ്പിച്ച 'കള്ളനും കൂട്ടരും' നാടകത്തിനു കഴിഞ്ഞു. ഗുജറാത്ത് കലാപത്തിനിരയായി പ്രിയതമക്കൊപ്പം സർവതും നഷ്ടപ്പെട്ട് നാടോടികളായി മാറേണ്ടി വന്ന പിതാവിനും മകൾക്കും അനുഭവിക്കേണ്ടിവരുന്ന ജീവിത ഗന്ധിയായ കഥയാണ് നാടകത്തിന്റെ ഇതിവൃത്തം. ഇരകൾ എന്നും വേട്ടയാടപ്പെടുമ്പോൾ കള്ളനെങ്കിലും മനുഷ്യ സ്‌നേഹത്തിന്റെ വിളനിലമായ മനുഷ്യർ അവശേഷിക്കുന്നുണ്ടെന്നും താങ്ങും തണലുമായി വർത്തിക്കേണ്ട നിയമ സംഹിത കാവലാളാവില്ലെന്ന് ബോധ്യപ്പെടുമ്പോൾ മനുഷ്യ സ്‌നേഹികളായ ജനങ്ങൾ തന്നെ നീതി നടപ്പാക്കാൻ നിർബന്ധിക്കപ്പെടുന്ന ഇന്നത്തെ സാഹചര്യം കള്ളനും കൂട്ടരിലൂടെയും മുഹ്‌സിൻ കാളികാവിന് ഭംഗിയായി വരച്ചുകാണിക്കാൻ കഴിഞ്ഞു.  കഥാപാത്രങ്ങളെ അനശ്വരമാക്കാൻ കഥാപാത്രങ്ങൾക്കു ജീവൻ നൽകിയ മുഹമ്മദ് ഷാ ആലുവ, സുബൈർ മുട്ടം, അബ്ദുൽ ഖാദർ, സാവരിയ, സിമി ഖാദർ, ഫൈസൽ തോട്ടുംമുഖം, അൻഫൽ, കലാം എടയാർ, സുബൈർ പാനായിക്കുളം, അമൻ ഫൈസൽ, അദീം ഫൈസൽ എന്നിവർക്കു സാധിച്ചു. നൗഷാദ്, സന്തോഷ്, ഗിരീഷ്, ഉമ്മർ, റഫീഖ്, ഉണ്ണി തെക്കേടത്ത്, സുനിൽ, അഷ്്‌റഫ്, മുഷ്താഖ്, റാസി, നസീർ, നജീബ്  എന്നിവരാണ് നാടകത്തിനു പിന്നിൽ പ്രവർത്തിച്ചത്. കള്ളനും കൂട്ടരും വേദിയിലെത്തിക്കാൻ  ഇവർ നടത്തിയ കൂട്ടായ പരിശ്രമം ജിദ്ദയിലെ നാടക പ്രേമികൾക്കു ദൃശ്യവിരുന്നാണ് ഒരുക്കിയത്.

Latest News