ലോകമെമ്പാടുമുള്ള വിവിധ പ്രദേശങ്ങളിൽ നിന്ന് നിരവധി പേരുടെ ജീവനെടുക്കുകയും കോടിക്കണക്കിനാളുകൾക്കിടയിൽ ഭീകരമാം വിധം പരിഭ്രാന്തി പരത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന് നാമകരണം ചെയ്യപ്പെട്ട കൊറോണ വൈറസ് ബാധയെക്കുറിച്ച് ജിദ്ദയിലെയും പരിസരങ്ങളിലെയും പ്രവാസികൾക്കും സ്വദേശികൾക്കുമിടയിൽ ശക്തമായ ബോധവൽക്കരണം നടത്തുന്നതിനും പ്രതിരോധത്തിന്റെ പുതിയ പാഠങ്ങൾ നൽകി അവരുടെ ഭീതിയകറ്റുന്നതിനും അബീർ മെഡിക്കൽ ഗ്രൂപ്പ് മുൻകൈയെടുത്ത് നടത്തിയ അവബോധ കാമ്പയിൻ ശ്രദ്ധേയമായി.
രോഗപ്രതിരോധത്തിന് പ്രാധാന്യം നൽകി പൊതുജനാരോഗ്യം ശക്തിപ്പെടുത്തുകയെന്നതായിരിക്കണം രോഗം വന്നു ചികിൽസിക്കുന്നതിനേക്കാൾ മുൻതൂക്കം നൽകേണ്ട കാര്യമെന്ന് ബോധവൽക്കരണ ക്യാമ്പ് ഡോക്ടർമാരുടെ പാനലിസ്റ്റും ജിദ്ദ അബീർ മെഡിക്കൽ ഗ്രൂപ്പ് വൈസ് പ്രസിഡന്റുമായ ഡോ. അഹമ്മദ് ആലുങ്ങൽ അഭിപ്രായപ്പെട്ടു.
അനവസരത്തിലും അനാവശ്യവുമായ പരിഭ്രാന്തി ഒഴിവാക്കുകയും സോഷ്യൽ മീഡിയയിലൂടെയുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെ കരുതലോടെ ഇരിക്കുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും അപകടകാരിയും ഉടൻ മരണം സംഭവിക്കുന്നതുമായ രോഗങ്ങളുടെ പട്ടികയിൽ നാൽപത്തേഴാം സ്ഥാനത്ത് മാത്രമാണ് കൊറോണയെന്നും അതുകൊണ്ട് അത്രയും ഭീതിദമാണ് ഈ രോഗമെന്ന ചിന്തയിൽ നിന്ന് ജനങ്ങൾ മോചിതരാകണമെന്നും ശിശുരോഗ വിദഗ്ധൻ ഡോ. സിയാവുദ്ദീൻ അഭിപ്രായപ്പെട്ടു. കൊറോണ വൈറസ് പുതിയതല്ലെന്നും ഒരു പക്ഷേ അവയുടെ വ്യാപനം ഇത്രയും വലുതായത് ചില രാജ്യങ്ങളിൽ നിന്നുള്ള പകർച്ചവ്യാധി കാരണമായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്കിടയിലെ കൊറോണ രോഗബാധയെ എങ്ങനെ പ്രതിരോധിക്കാമെന്നും ഡോ. സിയാവുദ്ദീൻ വിശദീകരിച്ചു.
മാസ്‌കുകൾ (മുഖാവരണം) അത്ര സുരക്ഷിതമല്ലെങ്കിലും മാസ്‌കുകളിൽ തന്നെ പലവിധമുണ്ടെന്നും അവയുടെ തെരഞ്ഞെടുപ്പ് പ്രധാനമാണെന്നും പാനൽ അംഗമായ ഡോ. അസ്‌ലം ചൂണ്ടിക്കാട്ടി. കൊറോണ പ്രതിരോധത്തിന്റെ വ്യത്യസ്ത മാർഗങ്ങളെക്കുറിച്ചും വീടുകളിലും പുറത്തും അവയുടെ പ്രായോഗികതയെക്കുറിച്ചും ഇന്റേണിസ്റ്റ് ഡോ. ഷറാഫത്ത് അലി ക്ലാസെടുത്തു. ഡോ. ആഷിഖ്, ഡോ. നിയാസ് സിറാജുദ്ദീൻ എന്നിവരും സദസ്യരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. രോഗം പടർന്നുപിടിക്കാതിരിക്കാൻ പൊതു ഇടപെടലുകൾ പരമാവധി ഒഴിവാക്കാനും രോഗബാധിതരെയും രോഗബാധ സംശയിക്കപ്പെടുന്നവരെയും പരിഭ്രാന്തി സൃഷ്ടിക്കാതെ വേർപെടുത്തി ചികിത്സിക്കാനും നിരീക്ഷിക്കാനും ശ്രദ്ധിക്കണം. ഹസ്തദാനം, ആലിംഗനം എന്നീ കാര്യത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്.

കൊറോണ വൈറസ് പടരുന്നത് പ്രധാനമായും ശരീര സ്രവങ്ങൾ വഴിയാണ്. രോഗി തുമ്മുകയോ, ചുമയ്ക്കുകയോ ചെയ്യുമ്പോൾ വായയിൽ നിന്ന് പുറത്തേക്ക് വരുന്ന സ്രവങ്ങളിൽ വൈറസുകൾ ഉണ്ടാകാം. ഇത് വായുവിൽ കൂടി പടരുകയും അടുത്തുള്ളവരിലേക്ക് എത്താനും കാരണമാകുന്നു. പനി, ജലദോഷം, ചുമ, ശ്വാസം മുട്ടൽ എന്നിവയാണ് ഈ വൈറൽ അണുബാധയുടെ പ്രാരംഭ ലക്ഷണങ്ങൾ. കൂടുതൽ കഠിനമായ കേസുകളിൽ അണുബാധ ന്യുമോണിയ, കടുത്ത റെസ്പിറേറ്ററി സിൻഡ്രോം, വൃക്ക ത്തകരാറ്, മരണം എന്നിവക്കും കാരണമാകുമെന്ന് ഡോക്ടർമാരുടെ പാനൽ അഭിപ്രായപ്പെട്ടു. അഹമ്മദ് പാളയാട്ട്, അബൂബക്കർ അരിമ്പ്ര, വി.പി. മുസ്തഫ, വി.കെ. റഊഫ്, ഷിബു തിരുവനന്തപുരം, കെ. അബ്ദുൽ മജീദ് നഹ, ഹസൻ യമാഹ കൊണ്ടോട്ടി, മിർസാ ഷെരീഫ്, അസീസ് പട്ടാമ്പി, സീതി കൊളക്കാടൻ തുടങ്ങി നിരവധി ജിദ്ദ പ്രവാസി സംഘടനാ പ്രതിനിധികളും ആരോഗ്യ പരിരക്ഷാ രംഗത്തെ അബീറിന്റെ സേവനങ്ങളെ പ്രശംസിക്കുകയും കൊറോണ പ്രതിരോധത്തിനുള്ള പ്രവർത്തനങ്ങളുമായി സഹകരിക്കാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തു. കെ.എം.സി.സി, നവോദയ, ഒ.ഐ.സി.സി സംഘടനകൾ കൊറോണ ബോധവൽക്കരണ ക്യാമ്പിന് നേതൃത്വം നൽകാൻ അൽ അബീറുമായി കൈകോർക്കുമെന്നും പ്രഖ്യാപിച്ചു. അബീർ മെഡിക്കൽ ഗ്രൂപ്പ് പബ്ലിക് റിലേഷൻസ് മാനേജർ കെ.ടി അബ്ദുൽ ഹഖ് തിരൂരങ്ങാടി ആമുഖ ഭാഷണം നടത്തുകയും ഡോക്ടർമാരെ പരിചയപ്പെടുത്തുകയും ചെയ്തു. മാർക്കറ്റിംഗ് മാനേജർ അബ്ദുറഹ്മാൻ നന്ദി പറഞ്ഞു.






