കുവൈത്ത് സിറ്റി- കൊറോണ മുന്‍കരുതലിന്റെ ഭാഗമായി കുവൈത്തിലേക്കുള്ള യാത്രക്കാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി റദ്ദാക്കി.
ഇന്ത്യയിലെ കുവൈത്ത് എംബസി ഇതുസംബന്ധിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. വ്യാഴാഴ്ച ചേര്‍ന്ന അടിയന്തിര കാബിനറ്റ് യോഗമാണ് തീരുമാനം റദ്ദാക്കിയത്. അവധിക്ക് നാട്ടിലുള്ള മലയാളികളടക്കമുള്ളവര്‍ വലിയ ആശങ്കയിലായിരുന്നു.
മാര്‍ച്ച് എട്ട് മുതല്‍ ഇന്ത്യയില്‍നിന്ന് വരുന്ന യാത്രക്കാര്‍ കൊറോണയില്ലെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നായിരുന്നു നിര്‍ദേശം. ഇന്ത്യയിലെ കുവൈത്ത് എംബസി അംഗീകൃത വൈദ്യ പരിശോധന കേന്ദ്രങ്ങളില്‍നിന്നാണ് കൊറോണ വൈറസ് വിമുക്ത സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കേണ്ടിയിരുന്നത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി പുനപരിശോധിക്കണമെന്ന് വവിധ മേഖലകളില്‍നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു.
തുടര്‍ന്ന് കുവൈത്ത് എംബസി വൈദ്യ പരിശോധനക്ക് ചുമതലപ്പെടുത്തിയ ഗാംക ഉദ്യോഗസ്ഥരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുകയുണ്ടായി. എന്നാല്‍ നിലവില്‍ തങ്ങള്‍ക്ക് കൊറോണ വൈറസ് പരിശോധനക്ക് ആവശ്യമായ സൗകര്യങ്ങളോ നിയമപരമായ അധികാരങ്ങളോ ഇല്ലെന്ന മറുപടിയാണ് ഗാംകയില്‍നിന്ന് കുവൈത്ത് എംബസി അധികൃതര്‍ക്ക് ലഭിച്ചത്.






