കുവൈത്ത്- കൊറോണ ദുരന്തത്തെ നേരിടാന്‍ കര്‍ശന നിയന്ത്രണങ്ങളുമായി ഗള്‍ഫ് രാജ്യങ്ങള്‍ നീങ്ങിയതോടെ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ കടുത്ത ആശങ്കയില്‍. യാത്രാവിലക്ക് ഏര്‍പ്പെടുത്തിയും വിമാനസര്‍വീസുകള്‍ റദ്ദാക്കിയും വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധനാസംവിധാനങ്ങള്‍ നടപ്പാക്കിയും സംഗീതനിശകള്‍ അടക്കമുള്ള പൊതുപരിപാടികള്‍ റദ്ദാക്കിയും സ്‌കൂളുകള്‍ക്ക് അവധി നല്‍കിയും ആരാധനലയങ്ങളിലെ ചടങ്ങുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയുമാണ് ഗള്‍ഫ് രാജ്യങ്ങള്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നത്.
മാര്‍ച്ച് എട്ടിനുശേഷം കുവൈത്തില്‍ വരുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയാണ് കുവൈത്ത് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവിറക്കിയത്. അംഗീകൃത ഏജന്‍സി നല്‍കുന്ന രോഗമില്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് എംബസി അല്ലെങ്കില്‍ കോണ്‍സുലേറ്റുകള്‍ വഴി സാക്ഷ്യപ്പെടുത്തിയ ശേഷമേ യാത്ര അനുവദിക്കൂ. ഇന്ത്യയിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് കുവൈത്തും സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ഗാംഗായ്ക്കാ എന്ന കുവൈത്ത് കമ്പനിയാണ് ഇന്ത്യയിലെ അംഗീകൃത ഏജന്‍സി. ഇവര്‍ക്ക് കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയവിടങ്ങളില്‍ മെഡിക്കല്‍ സെന്ററുകള്‍ ഉണ്ട്. എന്നാല്‍ ഇതിന് കാലതാമസം വരുമെന്നതിനാല്‍ അവധിക്കായി നാട്ടിലേക്കു പോയ മലയാളികള്‍ അടക്കമുള്ളവര്‍ ആശങ്കയിലാണ്. പലരും നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കിത്തുടങ്ങി.