ഭര്‍ത്താവിനെ ഉപേക്ഷിച്ചു, മുന്‍കാമുകനെ  പുതിയ കാമുകനുമായി ചേര്‍ന്ന് കൊലപ്പെടുത്തി

ബറേലി- ഭര്‍ത്താവിനെ ഉപേക്ഷിച്ചിട്ടും വിവാഹം കഴിക്കാന്‍ തയ്യാറാകാത്ത മുന്‍ കാമുകനെ ഇപ്പോഴത്തെ കാമുന്റെ സഹായത്തോടെ കൊന്ന് കത്തിച്ച് യുവതി. സംഭവത്തില്‍ ഉമ ശുക്ലയെന്ന യുവതിയെയും നിലവിലെ കാമുകനായ സുനിലിനെയും പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് ബറേലിയിലെ കുമാര്‍ സിനിമാ തിയേറ്ററിന് സമീപം 28കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ബറേലി സ്വദേശിയായ യോഗേഷ് സക്‌സേനയുടേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. എട്ടുവര്‍ഷമായി യോഗേഷും ഉമയും പ്രണയത്തിലായിരുന്നു. 2014ല്‍ ഉമയുടെ വിവാഹം കഴിഞ്ഞെങ്കിലും ഇരുവരും തമ്മിലുള്ള ബന്ധം തുടര്‍ന്നു. ഇതിനിടെ ഉമ വിവാഹമോചനം നേടി. എന്നാല്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ചിട്ടും ഉമയെ വിവാഹം ചെയ്യാന്‍ യോഗേഷ് തയ്യാറായില്ല.യോഗേഷുമായുള്ള വിവാഹം നീണ്ടുപോയതോടെ ഉമ സുനില്‍ എന്നയാളുമായി പ്രണയത്തിലായി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് യോഗേഷിനെ കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിരുന്നു. ഇതിനായി ഞായറാഴ്ച രാത്രി ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഉമ വിളിച്ചതനുസരിച്ച് യോഗേഷ് എത്തി. യോഗേഷിന്റെ കണ്ണിലേക്ക് മുളകുപൊടി വിതറിയ സുനില്‍ ഇയാളെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. യോഗേഷ് മരിച്ചെന്ന് ഉറപ്പായപ്പോള്‍ സുനിലും ഉമയും ചേര്‍ന്ന് മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിച്ചു. യോഗേഷും ഉമയും തമ്മിലുള്ള പ്രണയത്തെപ്പറ്റി സൂചന ലഭിച്ച പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഉമ കുറ്റസമ്മതം നടത്തിയത്.

Latest News