തീ കായുന്നതിനിടെ പൊള്ളലേറ്റ് മരിച്ചു, ശ്രീലങ്കന്‍ യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

ഉമ്മുല്‍ഖുവൈന്‍- തീ കായുന്നതിനിടെ പൊള്ളലേറ്റു മരിച്ച ശ്രീലങ്കന്‍ സ്വദേശി ജനിത മധുഷന്റെ (24) മൃതദേഹം നാട്ടിലെത്തിച്ചു. നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കഴിഞ്ഞ ദിവസമാണ് കുടുംബാംഗങ്ങള്‍ക്കു വിട്ടുകൊടുത്തത്.
സന്ദര്‍ശക വിസയില്‍ എത്തിയ ഇയാള്‍ അടുത്തിടെ ഉമ്മുല്‍ഖുവൈനിലെ പ്രമുഖ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു. താമസ രേഖ സംബന്ധമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കൊട്ടിരിക്കെ ഫെബ്രുവരി രണ്ടിന് ഉമ്മുല്‍ഖുവൈനിലെ താമസസ്ഥലത്തു വച്ചാണ് അപകടമുണ്ടായത്.
തണുപ്പായതിനാല്‍ മധുഷനും സഹപ്രവര്‍ത്തകരും ചേര്‍ന്ന് തങ്ങളുടെ മുറിക്കു പുറത്ത് തീ കായുകയായിരുന്നു. കുറച്ചു സമയത്തിന് ശേഷം എല്ലാവരും തിരികെ മുറിയിലേക്ക് പോയി. എന്നാല്‍ മധുഷന്‍ ഭാര്യയുടെ ഫോണ്‍ വന്നതിനെ തുടര്‍ന്ന് തിരികെ തീ കായുന്നിടത്തേക്കു വരികയായിരുന്നു. സംഭാഷണം തുടരുന്നതിനിടയില്‍ ഇയാള്‍ തീ കൂട്ടാന്‍ ശ്രമിച്ചു. എന്നാല്‍ കത്തിക്കാന്‍ ഉപയോഗിച്ച ലായനി അമിതമായതിനെ തുടര്‍ന്ന് ഇയാളുടെ ദേഹത്തേക്ക് തീ ആളിപ്പടരുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ സഹപ്രവര്‍ത്തകര്‍ മധുഷനെ അബുദാബിയിലെ ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയില്‍ എത്തിച്ചു. രണ്ടു ദിവസം വെന്റിലേറ്ററില്‍ തുടര്‍ന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സാമൂഹിക പ്രവര്‍ത്തകര്‍ നടത്തിയ ശ്രമങ്ങളുടെ ഫലമായാണ്  20 ദിവസത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്.

 

Latest News