Sorry, you need to enable JavaScript to visit this website.

പുതിയ കാലത്തെ കണ്ണമ്മ

സ്മിതാ പാട്ടീലിനെയും ആഞ്ജലീന ജോളിയെയും മനസ്സിൽ ആരാധിക്കുന്ന അഭിനേത്രിയാണ് ഗൗരിനന്ദ. കുട്ടിക്കാലം തൊട്ടേ സിനിമയെ സ്‌നേഹിച്ച ഗൗരിക്ക് ഒരു ബന്ധു മുഖേനയാണ് സുരേഷ് ഗോപി നായകനായ കന്യാകുമാരി എക്‌സ്പ്രസ് എന്ന ചിത്രത്തിലേക്ക് അവസരം ലഭിച്ചത്. പത്തു വർഷം മുമ്പായിരുന്നു സംഭവം.  


സച്ചി തിരക്കഥയും സംവിധാനവും നിർവഹിച്ച് ബിജു മേനോനും പൃഥ്വിരാജും തകർത്തഭിനയിച്ച അയ്യപ്പനും കോശിയും തിയേറ്റർ നിറഞ്ഞോടുമ്പോൾ മനസ്സിൽ തങ്ങിനിൽക്കുന്ന മറ്റൊരു മുഖമുണ്ട്. അയ്യപ്പൻ നായരുടെ ഭാര്യയായി വേഷമിട്ട കണ്ണമ്മ. ആദിവാസി സമൂഹത്തിന്റെ പ്രതിനിധിയാണവൾ. ഒരു ജനതയുടെ അവകാശങ്ങൾ നേടിയെടുക്കാൻ ട്രൈബൽ ഓഫീസറെ കൈയേറ്റം ചെയ്യാൻ ധൈര്യമുള്ളവൾ. അതിന്റെ പേരിൽ അറസ്റ്റിലാവുകയും പോലീസ് സ്റ്റേഷനിലെത്തുകയും ചെയ്യുന്നു. അവിടെ െവച്ചാണ് പോലീസുകാരനായ അയ്യപ്പൻ നായരെ കാണുന്നത്. അയ്യപ്പൻ നായർക്ക് അവളോടു തോന്നിയ അനുകമ്പ അവരെ ഒന്നിപ്പിക്കുകയാണ്. വനാതിർത്തിയിൽ ചെറിയൊരു വീട്ടിലാണ് അയ്യപ്പൻ നായരും കണ്ണമ്മയും കുഞ്ഞും കഴിയുന്നത്. ഇതിനിടയിൽ അവിചാരിതമായി ഒരു കേസിൽ അകപ്പെട്ട് കട്ടപ്പനക്കാരനായ കോശി അയ്യപ്പൻ നായരുടെ കൈയിൽ അകപ്പെടുന്നു. തുടർന്ന് കോശിയും അയ്യപ്പൻ നായരും തമ്മിലുള്ള പകയുടെ കഥയാണിത്. ഇതിനിടയിൽ പെടുന്ന ഭാര്യയും അമ്മയുമായ ഒരു സ്ത്രീയുടെ ദാരുണ ചിത്രവും ഈ സിനിമ അനാവരണം ചെയ്യുന്നുണ്ട്.
കണ്ണമ്മയായി വേഷമിട്ട ഗൗരി നന്ദ അഭിനയിക്കുകയായിരുന്നില്ല. ജീവിക്കുകയായിരുന്നു. ഒറ്റ ഡയലോഗിലൂടെ കോശിയുടെ ആണത്തത്തിന്റെ മുനയൊടിച്ചവളാണവൾ. ആദിവാസി സ്ത്രീയാണെങ്കിലും തോറ്റുകൊടുക്കാൻ അവൾ ഒരുക്കമായിരുന്നില്ല. 'ഈ ബൂർഷ്വാസിയെ നിങ്ങളെന്തിനാണ് സാർ എന്നു വിളിക്കുന്നത്...' എന്ന് ഭർത്താവിനോടു ചോദിക്കുന്ന കണ്ണമ്മ അവസാനം വരെ പൊരുതുകയാണ്.  എറണാകുളം ജില്ലയിലെ തിരുവാങ്കുളത്തെ വീട്ടിലിരുന്ന് മലയാളം ന്യൂസിനോടു സംസാരിക്കുകയായിരുന്നു ഗൗരിനന്ദ.


സ്മിതാ പാട്ടീലിനെയും ആഞ്ജലീന ജോളിയെയും മനസ്സിൽ ആരാധിക്കുന്ന അഭിനേത്രിയാണ് ഗൗരിനന്ദ. കുട്ടിക്കാലം തൊട്ടേ സിനിമയെ സ്‌നേഹിച്ച ഗൗരിക്ക് ഒരു ബന്ധു മുഖേനയാണ് സുരേഷ് ഗോപി നായകനായ കന്യാകുമാരി എക്‌സ്പ്രസ് എന്ന ചിത്രത്തിലേക്ക് അവസരം ലഭിച്ചത്. പത്തു വർഷം മുമ്പായിരുന്നു സംഭവം. ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത കന്യാകുമാരി എക്‌സ്പ്രസിൽ ഹന്ന എന്ന ഫാഷൻ ഡിസൈനറുടെ വേഷത്തിലാണ് ഗൗരിയെത്തിയത്. വളരെ പോസിറ്റീവും മോഡേണുമായ അവൾ പിന്നീട് നെഗറ്റീവായി മാറുകയാണ് ആ സസ്‌പെൻസ് ത്രില്ലറിൽ. ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്തതിനാൽ എന്റെ വേഷവും ക്ലിക്കായില്ല. തുടർന്ന് നിമിരിന്തുനിൽ എന്ന തമിഴ് ചിത്രത്തിൽ സീതാലക്ഷ്മയായി വേഷമിട്ടു. അടുത്ത ഊഴം തെലുങ്കിലായിരുന്നു. ജണ്ടപൈ കാപിരാജുവിലും സീതാലക്ഷ്മിയായിരുന്നു. പിന്നീട് മലയാളത്തിൽ രണ്ടു ചിത്രങ്ങൾ. ലാലേട്ടനൊപ്പം ലോഹത്തിൽ ജാക്വലിൻ ഫെർണാണ്ടസായി. കനൽ എന്ന ചിത്രത്തിൽ അനാമികയും. വീണ്ടും തമിഴിൽ പഗഡി ആട്ടം എന്ന തമിഴ് ചിത്രത്തിൽ ഇന്ദ്രാണിയായി. ഇന്ദ്രാണിയുടെ വേഷം കണ്ടാണ് സച്ചി, അയ്യപ്പനും കോശിയും എന്ന ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്.

കണ്ണമ്മക്കു വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ?
കൃത്യമായ സ്‌ക്രിപ്റ്റായിരുന്നു സച്ചിസാർ കണ്ണമ്മക്കായി ഒരുക്കിയിരുന്നത്. കഥാപാത്രത്തെക്കുറിച്ച് അദ്ദേഹം വ്യക്തമായി പറഞ്ഞുതന്നിരുന്നു. അവളുടെ ശരീര ഭാഷയും ചലനങ്ങളും നടത്തവുമെല്ലാം. ഓരോ കാര്യത്തെയും സമീപിക്കേണ്ട രീതിയും അദ്ദേഹം വിശദമാക്കിയിരുന്നു. അട്ടപ്പാടിയിലെ സ്ത്രീകൾക്ക് മഴയും വെയിലുമൊന്നും പ്രശ്‌നമായിരുന്നില്ല. സ്വന്തം ശരീരം പോലും നോക്കാതെ കുന്നും മലയും കയറിയിറങ്ങി നടക്കുന്നവരായിരുന്നു അവർ. അവരെപ്പോലെയാകാനാണ് സംവിധായകൻ പറഞ്ഞത്. അതിനായി നന്നായി മെലിഞ്ഞു. ഒമ്പതു മാസത്തോളം ആ കഥാപാത്രത്തിനായി ജീവിച്ചു. ഭക്ഷണം കുറച്ചു. പച്ചക്കറി മാത്രം കഴിച്ചു. അതിന് ഫലമുണ്ടായി. കണ്ടവരെല്ലാം താൻ ആദിവാസി സ്ത്രീ തന്നെയാണോ എന്നു പോലും സംശയിച്ചു. ഗൗരി ചിരിക്കുന്നു.

ഇന്ദ്രാണിയിൽനിന്നും കണ്ണമ്മയിലെത്തിയത്?
റഹ്മാൻ നായകനായ പഗഡിയാട്ടത്തിലാണ് ഇന്ദ്രാണിയായി വേഷമിട്ടത്. കണ്ണമ്മയെപ്പോലെ തന്റേടിയായ സ്ത്രീയായിരുന്നു ഇന്ദ്രാണി. അതു കണ്ടാണ് സച്ചിസാർ വിളിക്കുന്നത്.

 

അയ്യപ്പൻ നായരും കണ്ണമ്മയും തമ്മിലുള്ള കെമിസ്ട്രി?
അയ്യപ്പൻ നായരുടെ ഭാര്യയാണ് കണ്ണമ്മ എങ്കിലും ഞങ്ങൾ തമ്മിലുള്ള സ്‌നേഹ പ്രകടനമൊന്നും ചിത്രത്തിലില്ല. എന്നാൽ ഒരുമിച്ചുള്ള സീനുകളിൽനിന്നും ഞങ്ങൾക്കിടയിലെ ആത്മബന്ധം വ്യക്തമായിരുന്നു. കണ്ണമ്മ ഒരു ആദിവാസി സ്ത്രീയാണ്. അവർക്കൊരു കുട്ടിയുണ്ട്. ആരെയും കൂസാത്ത വളരെ ബോൾഡായ സ്ത്രീയാണവർ. എന്നാൽ അയ്യപ്പൻ നായരും കണ്ണമ്മയും തമ്മിൽ കൂടുതൽ സംസാരം പോലുമില്ല. എന്തുകൊണ്ടിങ്ങനെ എന്ന് സംവിധായകനോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി രസകരമായിരുന്നു. അതാണ് കണ്ണമ്മ, അയ്യപ്പൻ നായരും അങ്ങനെയാണ്. സിനിമ കാണുമ്പോൾ കൂടുതൽ വ്യക്തമാകും. അതിന്റെ അർത്ഥം ഇപ്പോഴാണ് മനസ്സിലാകുന്നത്.

കോശിയെ വഴക്കു പറഞ്ഞപ്പോൾ?
സത്യം പറഞ്ഞാൽ ആ രംഗം ഇത്രത്തോളം കൈയടി നേടുമെന്ന് കരുതിയതല്ല. അതിന് നന്ദി പറയേണ്ടത് രാജുവേട്ടനോടാണ്. കാരണം ഒന്നുരണ്ടു ചിത്രങ്ങളിൽ മാത്രം അഭിനയിച്ച ഞാൻ പറയുന്ന സീനിന് നിന്നു തന്ന അദ്ദേഹത്തോടാണ് എനിക്ക് കടപ്പാട്. ആർക്കു മുന്നിലും തോറ്റുകൊടുക്കുന്നവളല്ല കണ്ണമ്മ. ഇവിടെ കണ്ണമ്മക്കു മുന്നിൽ നിൽക്കുന്നത് പൃഥ്വിരാജല്ല, കോശിയാണ്. അവർക്ക് ഇങ്ങനെ മാത്രമേ സംസാരിക്കാൻ കഴിയൂ. ഇതിനിടയിൽ കോശിയല്ല, പൃഥ്വിരാജാണ് എന്ന് തോന്നിയിരുന്നെങ്കിൽ ഒരുപക്ഷേ, ആ സീൻ ഇങ്ങനെ ചെയ്യാനാവുമായിരുന്നില്ല. പറയുമ്പോൾ പ്രശ്‌നമുണ്ടാകാതിരിക്കാനായി രാജുവേട്ടൻ നന്നായി സപ്പോർട്ട് ചെയ്തിരുന്നു. എങ്ങനെയാണ് സംസാരിക്കേണ്ടത് എന്നെല്ലാം അദ്ദേഹം കൃത്യമായി പറഞ്ഞുതന്നു.

സംവിധായകനെക്കുറിച്ച്?
സച്ചിയേട്ടനെക്കുറിച്ച് എന്തു പറയാൻ. അദ്ദേഹത്തിലെ എഴുത്തുകാരനെ മലയാളികൾക്ക് ഏറെ അറിയാവുന്നതാണ്. സംവിധായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ ആദ്യ ചിത്രം അനാർക്കലിയായിരുന്നു. അതിൽനിന്നും വ്യത്യസ്തമായൊരു ചിത്രമാണ് അയ്യപ്പനും കോശിയും. അദ്ദേഹത്തിന്റെ തിരക്കഥയിൽ പ്രേക്ഷകർ നേരത്തെ വിശ്വാസമർപ്പിച്ചതാണ്. തിരക്കഥയും സംവിധാനവും അദ്ദേഹം തന്നെയാവുമ്പോൾ മികച്ച ചിത്രമായിരിക്കും എന്ന് എല്ലാവർക്കും അറിയാം.

 

അഭിനയ ജീവിതം തുടങ്ങിയിട്ട് പത്തു വർഷം. 
ഇതിനിടയിൽ പത്തോളം ചിത്രങ്ങൾ മാത്രം...
ഇടവേളകൾ ഞാനായി എടുത്തതല്ല. ആദ്യ സിനിമ പ്രേക്ഷകർ വേണ്ടത്ര സ്വീകരിച്ചില്ല. തുടർന്ന് തമിഴിലും തെലുങ്കിലുമായിരുന്നു അവസരം ലഭിച്ചത്. പിന്നീട് മലയാളത്തിൽ അവതരിപ്പിച്ചത് ലോഹവും കനലുമായിരുന്നു. എങ്കിലും നല്ലൊരു കഥാപാത്രത്തിനായി കാത്തിരിപ്പിലായിരുന്നു. എന്റെ കഴിവു തെളിയിക്കാൻ അവസരം ലഭിക്കുന്ന ഒരു വേഷം അവതരിപ്പിക്കാൻ കൊതിച്ചിരുന്നു. അതിനായി ക്ഷമയോടെ കാത്തിരുന്നു. അയ്യപ്പനും കോശിയിലൂടെ അത് സാധ്യമാവുകയായിരുന്നു.

പുതിയ ചിത്രങ്ങൾ?
അയ്യപ്പനും കോശിക്കും ശേഷം നിരവധി കഥകൾ വരുന്നുണ്ട്. എന്നാൽ കണ്ണമ്മയേക്കാൾ നല്ലതോ കണ്ണമ്മയെ പോലുള്ളതോ ആയ കഥാപാത്രങ്ങളാണ് ഇനി വേണ്ടത്. കാരണം കണ്ണമ്മ ഏൽപിച്ച ഉത്തരവാദിത്തം അത്രയും വലുതാണ്. നല്ല സിനിമകളും കഥാപാത്രങ്ങളും ലഭിക്കുകയാണെങ്കിൽ തീർച്ചയായും അഭിനയിക്കും. ഒരുപാട് സെലക്ടീവൊന്നുമല്ല. എന്റെ കഴിവ് തെളിയിക്കാൻ കഴിയുന്ന കഥാപാത്രങ്ങൾ അവതരിപ്പിക്കണമെന്നാണ് ആഗ്രഹം.

കുടുംബ പശ്ചാത്തലം?
മിലിട്ടറി ഓഫീസറായിരുന്ന പ്രഭാകര പണിക്കരാണ് അച്ഛൻ. അച്ഛൻ നേരത്തേ മരിച്ചു. അമ്മ സതി വീട്ടമ്മയാണ്. ഒരു ചേച്ചിയുണ്ട്. അവർ വിവാഹിതയായി കുടുംബമായി കഴിയുന്നു.

Latest News