കൊറോണ ജാഗ്രത: ഉംറയും മദീന സന്ദര്‍ശനവും നിര്‍ത്തിവെച്ചു

റിയാദ്- കൊറോണ വൈറസ് ജാഗ്രതാ നടപടികളുടെ ഭാഗമായി ഉംറ തീര്‍ഥാടനവും മദീന സിയാറത്തും സൗദി അറേബ്യ താല്‍ക്കാലികമായി നിര്‍ത്തി.

രാജ്യത്തെ പൗരന്മാര്‍ക്കും വിദേശികള്‍ക്കും ഇതു ബാധകമാണ്. രാജ്യത്തിനു പുറത്തുനിന്നുള്ളവര്‍ക്ക് നേരത്തെ തന്നെ ഉംറ, മദീന പ്രവേശനം വിലക്കിയിരുന്നു.

സൗദിയില്‍ ഇതുവരെ ഒരാള്‍ക്ക് മാത്രമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം ബാധിച്ച സൗദി പൗരന്‍ ഇറാനില്‍നിന്ന് പത്തു ദിവസം മുമ്പാണ് സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേ വഴി രാജ്യത്ത് പ്രവേശിച്ചത്.
അഞ്ചു ദിവസം മുമ്പാണ് 50 കാരന് ജലദോഷണ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്ന് ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടുകയായിരുന്നു. പരിശോധനയില്‍ ഇദ്ദേഹത്തിന് കൊറോണയാണെന്ന് സ്ഥിരീകരിച്ചു. ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ തുടരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില ഭദ്രമായിട്ടുണ്ട്. കുടുംബാംഗങ്ങളുമായി ഫോണില്‍ ബന്ധപ്പെടുന്നുണ്ട്.
അതിനിടെ, ഇറാന്‍ സന്ദര്‍ശിച്ച് ദിവസങ്ങള്‍ക്കു മുമ്പ് തിരിച്ചെത്തിയ അധ്യാപകന് കൊറോണ ബാധിച്ചിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 


മലയാളം ന്യൂസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം


 

ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ താറൂത്ത് അല്‍റബീഇയ ഡിസ്ട്രിക്ടിലെ വീടുകളില്‍ മെഡിക്കല്‍ സംഘം ഫീല്‍ഡ് പരിശോധനകള്‍ തുടരുകയാണ്. പ്രദേശം കൊറോണ മുക്തമാണെന്ന് ഉറപ്പുവരുത്തുന്നതിനാണ് പരിശോധനകള്‍ നടത്തുന്നതെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
സൗദിയില്‍ പുതിയ കൊറോണ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇറാനില്‍ നിന്ന് തിരിച്ചെത്തിയ രോഗിയുടെ വീടിനു സമീപമുള്ള മറ്റു വീടുകളിലാണ് മെഡിക്കല്‍ സംഘം പരിശോധന നടത്തുന്നത്. ഇറാനില്‍ നിന്ന് തിരിച്ചെത്തിയ ശേഷം രോഗിയുമായി അടുത്ത് ഇടപഴകിയ മറ്റു കുടുംബാംഗങ്ങളും രോഗലക്ഷണങ്ങളില്‍ നിന്ന് മുക്തരാണെന്ന് മെഡിക്കല്‍ സംഘം പരിശോധിച്ച് ഉറപ്പുവരുത്തുന്നുണ്ട്. ഖത്തീഫില്‍ ഹെല്‍ത്ത് സെന്റര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുതിയ ഒരു അറിയിപ്പുണ്ടാകുന്നതുവരെ എല്ലാവിധ അവധികളും നിര്‍ത്തിവെച്ചിട്ടുണ്ട്. ഖത്തീഫിലെ നഴ്‌സറി സ്‌കൂളിന് മുന്‍കരുതലെന്നോണം ഇന്നലെയും ഇന്നും അവധി നല്‍കിയിരുന്നു.

 

 

Latest News