സെര്‍വര്‍ വിവരങ്ങള്‍ നശിപ്പിച്ചു; ദുബായില്‍ മൂന്നു വിദേശികള്‍ക്കെതിരെ കേസ്

ദുബായ്- നിര്‍മാണ കമ്പനിയുടെ സെര്‍വറില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്തി നശിപ്പിച്ച കേസില്‍ പിടിയിലായ മൂന്നു പേരുടെ കേസ് ദുബായ് ക്രിമിനല്‍ കോടതിയിലേക്ക് മാറ്റി.  കമ്പനിക്ക് പത്ത് ലക്ഷം ദിര്‍ഹം നഷ്ടം വരുത്തിയ കേസില്‍ ഒരു അമേരിക്കക്കാരനും രണ്ടു ഫിലിപ്പൈന്‍സ് പൗരന്മാരുമാണ് പ്രതികളെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

കമ്പനിയുടെ ഐ.ടി വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു രണ്ടു ഫിലിപ്പൈന്‍സ് പൗരന്മാര്‍. ഇതേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു കമ്പനിയിലാണ് അമേരിക്കക്കാരന്‍ ജോലി ചെയ്തിരുന്നത്. ആ കമ്പനിക്ക് വേണ്ടി യു.എസ് പൗരന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് കമ്പനിയുടെ സെര്‍വറിലെ വിവരങ്ങളെല്ലാം ഫിലിപ്പൈന്‍സ് പൗരന്മാരായ ജീവനക്കാര്‍ നശിപ്പിച്ചത്.  

അമേരിക്കക്കാരന്‍ തന്റെ കമ്പനിയില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി ഇവര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു. കൃത്യവിലോപം നടത്തിയെന്നും കമ്പനിയുടെ രഹസ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും കമ്പനിയെ സാമ്പത്തികമായി നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് ഫിലിപ്പൈന്‍സുകാരായ രണ്ടുപേര്‍ക്കെതിരായ കേസ്.

കമ്പനിയുടെ സെര്‍വറില്‍ ഹാക്കിംഗ് നടന്നതിനാല്‍ നേരത്തെ രണ്ടുപേരെയും പിരിച്ചുവിട്ടിരുന്നുവെന്നും ശേഷം ഇവര്‍ സെര്‍വറില്‍ കയറി വിവരങ്ങള്‍ നശിപ്പിക്കുകയായിരുന്നവെന്നും പത്ത്  ലക്ഷത്തോളം ദിര്‍ഹം നഷ്ടം വന്നിട്ടുണ്ടെന്നും കമ്പനി പ്രതിനിധി പറഞ്ഞതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

 

Latest News