കൊറോണ: യു.എ.ഇയില്‍ പ്രധാന പരിപാടികള്‍ റദ്ദാക്കി

ദുബായ്- യു.എ.ഇ.യില്‍ കോവിഡ്19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദുബായിലും അബുദാബിയിലും ചില പ്രധാന വിനോദ പരിപാടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. അബുദാബി അള്‍ട്രാമ്യൂസിക് ഫെസ്റ്റിവെല്‍ (യു.എം.എഫ്.), മിഡില്‍ ഈസ്റ്റ് ഫിലിം ആന്‍ഡ് കോമിക് കോണ്‍ എന്നിവ തീരുമാനിച്ച ദിവസംത്തന്നെ നടക്കും. എന്നാല്‍ യു.എം.എഫിന്റെ ഒരു റണ്‍ അപ്പ് ഇവന്റായ ഡി.ജെ. മാഗ് കോണ്‍ഫറന്‍സ് ഔദ്യോഗികമായി റദ്ദാക്കി. അബുദാബി യാസ് ഐലന്റിലെ ഡബ്ല്യൂ ഹോട്ടലിലായിരുന്നു മാര്‍ച്ച് മൂന്ന്, നാല് തീയതികളിലായി ഇവന്റ് നടക്കാനിരുന്നത്. എന്നാല്‍ അന്താരാഷ്ട്ര സൈക്ലിങ് മത്സരത്തിലെ കോവിഡ്19 സ്ഥിരീകരിച്ച രണ്ട് സാങ്കേതികജീവനക്കാര്‍ താമസിച്ചിരുന്നത് ഇതേ ഹോട്ടലിലായിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ താത്കാലികമായി പൂട്ടിയതോടെ ഡി.ജെ. മാഗ് കോണ്‍ഫറന്‍സ് റദ്ദാക്കുകയായിരുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു. അബുദാബി ക്രിയേറ്റീവ് റീഡര്‍ ഫെസ്റ്റിവലും നിര്‍ത്തിവെച്ചു.
കോവിഡ്19 പ്രതിരോധനടപടികളുടെ ഭാഗമായി യു.എ.ഇ. ദേശീയ കായികദിനപരിപാടികള്‍ റദ്ദാക്കി. മറ്റൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ചില പ്രധാന കായികപരിപാടികള്‍ മാറ്റിവെക്കുകയും ചെയ്തു.

 

Latest News