Sorry, you need to enable JavaScript to visit this website.

ഉള്ളിയുമായി വന്ന തമിഴത്തി

വർക്കോസ് എന്താണെന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു മൽബിയും. വർക്കോസ് ഒരു ഉൽപന്നമല്ലെന്നും യഥാർഥത്തിൽ അതു പറഞ്ഞ ഹംസ വർക്ക് ഫോഴ്‌സ് എന്നാണ് ഉദ്ദേശിച്ചതെന്നും ലേബർ സപ്ലൈ കമ്പനിയിലാണ് തനിക്ക് ജോലിയെന്നും പറഞ്ഞപ്പോൾ ഫോണിന്റെ അങ്ങേത്തലയ്ക്കൽ മൽബി പൊട്ടിച്ചിരിച്ചു. അൽപം ശബ്ദം താഴ്ത്തി പൊട്ടൻ എന്നു പറയുകയും ചെയ്തു. 
അതി കപ്പൽ ഹംസയെ കുറിച്ചായിരിക്കുമെന്ന് കരുതി മൽബു സമാധാനിച്ചു. അതോടൊപ്പം ഇതു ഒരു തമിഴത്തി മൽബിക്ക് ഉള്ളി കൊണ്ടുവന്ന് കൊടുത്ത സംഭവത്തിന്റെ അത്രയും വരില്ലെന്നും ആശ്വസിച്ചു.


മൽബുവിന്റെ ഒന്നാം പ്രവാസത്തിലായിരുന്നു ആ സംഭവം.
ഫ്‌ളാറ്റുകൾ ഇഷ്ടം പോലെ കിട്ടാനുണ്ടായിരുന്നെങ്കിലും താമസിക്കുന്നിടത്ത് ഒരു മലയാളി ഫാമിലിയെങ്കിലും വേണമെന്ന് മൽബിക്ക് നിർബന്ധമായിരുന്നു. രണ്ടും മൂന്നും മലയാളി ഫാമിലികൾ താമസിക്കുന്ന കെട്ടിടങ്ങളുണ്ടെങ്കിലും അവിടെയൊന്നും ഫഌറ്റുകൾ ഒഴിവില്ല. ഇതിന്റെ കാരണത്തെ കുറിച്ച് മൽബു നടത്തിയ ഗവേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾ പ്രവാസി മലയാളികളെ അഭിമാന പുളകിതരാക്കുന്നതാണ്.
ഫഌറ്റുകൾ കാലിയായാൽ പുതിയ താമസക്കാരെ എടുക്കുമ്പോൾ കെട്ടിട ഉടമകളുടെ മുൻഗണന എപ്പോഴും മലയാളികൾക്കാണ്. ഹിന്ദികളെ അവർ സ്‌നേഹിക്കുന്നു. ഹിന്ദികളിൽ പ്രത്യേകിച്ച് മലയാളികളെയും. 


ഈ സ്‌നേഹം വെറുതെ ഉണ്ടായതല്ല. അനേകായിരം മലയാളികൾ സ്വന്തം ജീവിത രീതി കൊണ്ട് നേടിയെടുത്തതാണ്. വെള്ളം ഇത്തിരി അധികം ഉപയോഗിക്കുമെങ്കിലും ഒട്ടും കുഴപ്പക്കാരല്ലെന്നാണ് മലയാളികളെ കുറിച്ച് അറബികളുടെ വിലയിരുത്തൽ. പിന്നെ വാടക കൃത്യമായി എത്തിക്കുകയും ചെയ്യും.
ഈ അവസാനം പറഞ്ഞത് മാത്രമാണ് അറബികൾക്ക് മലയാളികളോട് ഹുബ്ബ് കൂടാൻ കാരണമെന്നാണ് ഉസ്മാന്റെ അഭിപ്രായം. മലയാളികൾ വെള്ളം കൂടുതൽ ഉപയോഗിക്കുമ്പോൾ മറ്റു ദേശക്കാർ വാടക നൽകാതെ അറബികളെ വെള്ളം കുടിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ഉസ്മാൻ പണ്ഡിതോചിതമായി പറയും. 


മൽബുവിന്റെ ജോലി സ്ഥലത്തിനു ചുറ്റുവട്ടത്തൊരു മലയാളി ഫഌറ്റ് കണ്ടെത്തുന്നതിൽ പരാജയപ്പെട്ട മൽബി അവസാനം ഒരു തമിഴ് ഫാമിലി താമസിക്കുന്ന കെട്ടിടത്തിൽ ചേക്കേറാൻ സമ്മതിച്ചു.
അവിടെ എത്തിയപ്പോൾ മൽബിക്ക് മനസ്സിൽ ബോധിച്ചു.  നല്ലൊരു അണ്ണനും മിസിസും. 
പരോപകാരികളെന്നാണ് അവർക്ക് മൽബി നൽകിയ സർട്ടിഫിക്കറ്റ്. കാരണം അത്യാവശ്യം ഉള്ളിക്കും തക്കാളിക്കും അങ്ങോട്ട് ചാടിപ്പോകാം. തമിഴ് വശമില്ലെങ്കിലും വാക്കുകളോടൊപ്പം ഇരിക്കാ ചേർത്താണ് മൽബി അഡ്ജസ്റ്റ് ചെയ്യാറുള്ളത്. 
ഒരു ദിവസം മൽബി ചെന്നപ്പോൾ അവരുടെ ഉപ്പയും ഉമ്മയും നാട്ടിൽനിന്ന് വിസിറ്റ് വിസയിൽ വന്നിരിക്കുന്നു. അവരുമായി കുശല പ്രശ്‌നം നടത്തി തിരിച്ചുവന്ന മൽബി പറഞ്ഞു: 
അയാളുടെ സംസാരം ശരിയില്ലാട്ടോ.


ആരുടെ?
ഇസ്മായിലണ്ണന്റെ. അയാൾ ഉപ്പയുടെയും ഉമ്മയുടെയും മുഖത്തു നോക്കി തെറിവിളിക്കുന്നു. 
എന്തു തെറി?
തന്ത, തള്ള എന്നൊക്കെ. കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. തന്തയും തള്ളയും വന്നിരിക്ക് എന്നായിരുന്നു തുടക്കം തന്നെ. ഭാര്യയുടെ ഉപ്പയെയും ഉമ്മയെയും കൊണ്ടുവന്നതിനായിരിക്കും അയാളുടെ കലിപ്പ്. 
കാര്യം പിടികിട്ടിയ മൽബു മൽബിയോട് പറഞ്ഞു. അയാളുടെ സംസാരം ശരിയില്ലാന്ന് ഇനി ആരോടും പറയണ്ടാട്ടോ. അയാളുടെ വർത്താനം ശരിയില്ലാന്ന് പറഞ്ഞാ മതി.
അതെന്താ?
അയാളുടെ സംസാരം ശരിയല്ലാന്ന് നീ പറഞ്ഞു നടന്നാൽ ശരിയാവില്ല. പിന്നെ ഭാര്യയുടെ ഉപ്പയെ തന്ത എന്നു പറയാമോ? 
തന്തയിലല്ല, സംസാരത്തിലാണ് കുഴപ്പം. സംസാരമെന്നു പറഞ്ഞാൽ അയാളുടെ ഭാര്യയാണ്. 
ഇസ്മായിലണ്ണന്റെ ഭാര്യ ഫാത്തിമുത്തുവുമായി ബന്ധപ്പെട്ട് മൽബി ചിരിപ്പിച്ച മറ്റൊരു സംഭവം കൂടി ഉണ്ടായി. 


ഒരു ദിവസം ഫാത്തിമുത്തു വന്നു ബെല്ലടിച്ചു. അടുക്കളയിൽനിന്ന് ചാടിവന്ന് മൽബി വാതിൽ തുറന്നപ്പോൾ അകത്തേക്ക് കയറാതെ അവർ വാതിൽക്കൽ തന്നെ നിൽക്കുന്നു. 
ഡോറിൽനിന്നു തന്നെ കാര്യം പറഞ്ഞു പോകാനിരുന്ന ഫാത്തിമുത്തുവിനെ മൽബി വീടിനകത്തേക്ക് ക്ഷണിച്ചു. 
ഉള്ളിക്കേറി..
ഇതു കേട്ടതും ഫാത്തിമുത്തു അവരുടെ ഫഌറ്റിലേക്ക് ശരംവിട്ടതു പോലെ പോയി. മൽബി കുറച്ചു നേരം കാത്തിരുന്നവെങ്കിലും അടുക്കളയിൽനിന്ന് കത്തിയ മണം വന്നതോടെ അങ്ങോട്ട് പാഞ്ഞു. അൽപ സമയം കഴിഞ്ഞപ്പോൾ വീണ്ടും ഡോർ ബെൽ. തുറന്നു നോക്കിയപ്പോൾ ദേ ഫാത്തിമുത്തു നിൽക്കുന്നു കൈയിൽ രണ്ട് ഉള്ളിയുമായി. 
ഉള്ളീക്കേറാൻ പറഞ്ഞിതനാണ് ഉള്ളിയുമായി അവരുടെ വരവ്. 


ഈ ഉള്ളീക്കേറൽ സംഭവം പറഞ്ഞ് പലപ്പോഴും മൽബിയെ കളിയാക്കാറുണ്ടായിരുന്നു. 
ഈയിടെയാണ് മൽബി അക്കാര്യം ഫോണിൽ പറഞ്ഞത്. ഉള്ളീക്കേറൽ സംഭവം അങ്ങനെ കളിയാക്കാനൊന്നുമില്ല. റോബോട്ട് പോലും അതിൽ കുടുങ്ങിയിട്ടുണ്ട്.
ഏതു റോബോട്ട്.
ആൻഡ്രോയിഡ് കുഞ്ഞപ്പൻ. 
സ്‌നേഹം ഉള്ളിൽനിന്ന് വരണമെന്ന് പറഞ്ഞപ്പോൾ ആൻഡ്രോയിഡ് കുഞ്ഞപ്പൻ സെർച്ച് ചെയ്തതെന്താ?
എന്താ?
ഉള്ളി. 

Latest News