Sorry, you need to enable JavaScript to visit this website.

ജിയാ ഭേരി ഗ്രാമത്തിൽ

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പരന്നുകിടക്കുന്ന അതിവിശാലമായ താർ മരുഭൂമിയിൽ ജോധ്പുർ ജില്ലയിലെ ഒരു ഉൾനാടൻ ഗ്രാമമാണ് ജിയാ ഭേരി. അതിരാവിലെ എണീറ്റ് വീടിനു പുറത്തിറങ്ങി. ഉത്തരേന്ത്യൻ ശൈത്യത്തിന്റെ കാഠിന്യം കുറഞ്ഞു വരുന്നുണ്ട്. മുറ്റത്തു നിന്നും നോക്കുമ്പോൾ ദൂരെയുള്ള വീടുകളും കൃഷിയിടങ്ങളും എല്ലാം കാണാം. തണുത്ത കാറ്റിനോടൊപ്പം മരുഭൂമിയുടെ ഗന്ധവും കടന്നുവരുന്നു. നാല് ഏക്കറോളം വരുന്ന വലിയപറമ്പിന് നടുവിലാണ് ഗജേന്ദ്രയുടെ വീട്. രാജസ്ഥാൻ മാർബിൾ പാളികൾ കൊണ്ട് വീടിന്റെ നിലവും ചുമരും എല്ലാം ഭംഗിയോടെ ചിട്ടപ്പെടുത്തിയിരിക്കുന്നു. മുറ്റത്തു പശുക്കളുടെയും ആടുകളുടെയും ഇടയിൽ ഗജേന്ദ്രയുടെ അമ്മ. അച്ഛൻ നേമാ റാം തൊട്ടടുത്ത് തീ കാഞ്ഞിരിക്കുന്നു. നല്ല തങ്കപ്പെട്ട മനുഷ്യൻ. അദ്ദേഹത്തോടൊപ്പം അൽപനേരം ഞാനുമിരുന്നു. നല്ല സുഖം. ഒരാഴ്ച മുൻപ് പിറന്നുവീണ ആട്ടിൻകുട്ടി ചൂട് തേടിയാവണം തീക്കനലുകൾക്ക് സമീപം ഞങ്ങളെയും തൊട്ടുരുമ്മിക്കൊണ്ട് കളിക്കുന്നു. 


നേമാ റാമിനോട് ഗ്രാമീണ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു നേരം പോയതറിഞ്ഞില്ല. ഇവരുടെ വീടിനു സമീപത്തായി ഇരുപത്തഞ്ചോളം വീടുകളിൽ ബന്ധുക്കളുടെ കുടുംബങ്ങളാണ് താമസിക്കുന്നത്. 
സുത്താർ ജാതി വിഭാഗത്തിൽ പെട്ടവരാണ് ഇവർ. പരമ്പരാഗതമായി മരപ്പണി ചെയ്തു ജീവിക്കുന്നവരാണ് സുത്താറുകൾ. ഇവരുടെ കുടുംബത്തിലെ അംഗങ്ങൾ രാജ്യത്തിന്റെ വിവിധ പട്ടണങ്ങളിൽ ഇന്റീരിയർ വർക്ക് കോൺട്രാക്ടിങ് ബിസിനസും ജോലിയും ചെയ്ത് പണം സമ്പാദിച്ച് സാമ്പത്തികമായി നല്ല നിലയിൽ ജീവിക്കുന്നവരാണ്. വർഷങ്ങൾക്കു മുമ്പ് ഉപജീവനാർത്ഥം അറേബ്യൻ മരുഭൂമിയിലേക്ക് പോയി പണം സമ്പാദിച്ചവരാൽ പച്ചപിടിച്ച കേരളീയ ഗ്രാമങ്ങളെ പോലെ ഇവരും ഇന്ന് സമ്പൽസമൃദ്ധിയോടെ ജീവിക്കുന്നു. ഗ്രാമത്തിൽ കാര്യമായ ജോലിയൊന്നും ലഭ്യമല്ല. കൃഷിയും ചിലയിടങ്ങളിൽ മാത്രം. 


വർഷത്തിൽ മൂന്നു മാസം മഴ ദുർലഭമായി ലഭിക്കും. അപ്പോൾ ഇവരുടെ സ്ഥലങ്ങളിലൊക്കെ ബജറയുടെ കൃഷിയിറക്കും. ഒരു വർഷത്തേക്ക് വീട്ടാവശ്യത്തിന് വേണ്ട ബജറ അവരവരുടെ കൃഷിയിടങ്ങളിൽ നിന്നു തന്നെ ഉൽപാദിപ്പിച്ച് ശേഖരിച്ചു വെക്കും. ചപ്പാത്തി ഉൾപ്പെടെയുള്ള വിവിധ തരം വിഭവങ്ങൾ ഇവർ തയാറാക്കാറുണ്ട്. 
പ്രഭാത കൃത്യം നിർവഹിച്ചു പ്രാതൽ കഴിച്ച് ഗ്രാമം ചുറ്റിക്കറങ്ങാൻ ഇറങ്ങി. കുടുംബ ക്ഷേത്രവും ഗ്രാമക്ഷേത്രവും സന്ദർശിച്ച് ഗ്രാമത്തിൽ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട സർപഞ്ചിനെയും കണ്ടു സംസാരിച്ചു. ഗ്രാമത്തിൽ കുഴൽ കിണറിൽ നിന്നും ശുദ്ധജലം ലഭിക്കുന്നേടത്തൊക്കെ കൃഷി ഇറക്കിയിട്ടുണ്ട്. കടുകും ഗോതമ്പുമാണ് പ്രധാന കൃഷി. പോകുന്ന വഴിയോരങ്ങളിൽ ഒക്കെ പരിചയക്കാരെ കാണുമ്പോൾ ഗജേന്ദ്ര സ്‌കോർപിയോ നിർത്തി വിശേഷങ്ങൾ പങ്കു വെക്കുന്നുണ്ട്.  രാത്രിയോടെ ഗ്രാമവും തൊട്ട അയൽ ഗ്രാമങ്ങളും ചുറ്റിക്കറങ്ങി വീട്ടിൽ തിരിച്ചെത്തി. അദ്ദേഹത്തിന്റെ ബന്ധുക്കളെല്ലാം രാത്രി വീട്ടിൽ ഒത്തുകൂടി ഭക്ഷണം കഴിച്ചു. പിറ്റേന്ന് രാവിലെ ജനുവരി 26 റിപ്പബ്ലിക് ദിനമാണ്. സമീപത്തുള്ള സ്‌കൂളുകളിൽ നടക്കുന്ന ആഘോഷ പരിപാടികളിൽ പങ്കെടുത്ത ശേഷം 250 കിലോമീറ്റർ അകലെയുള്ള ജയ്‌സാൽമീറിലേക്ക് യാത്ര തിരിക്കണം. നേമാറാം നിർമിച്ച കയർ കട്ടിലിൽ കമ്പിളി കൊണ്ട് മൂടിപ്പുതച്ച് ഞാൻ കിടന്നുറങ്ങി. 


രാവിലെ 7 മണിക്ക് ഗജേന്ദ്ര പുറത്തു പോയി മടങ്ങിയെത്തുമ്പോഴേക്കും ഞാൻ റെഡിയായി. സ്‌കോർപിയോ നിറയെ ബിസ്‌കറ്റിന്റെയും മിഠായികളുടെയും പെട്ടികളാണ്. റിപ്പബ്ലിക് ദിന പരിപാടികൾക്ക് സ്‌കൂളുകളിൽ കൊടുക്കാനുള്ളതാണ്. സമീപത്തുള്ള മൂന്ന് ചെറിയ പ്രൈമറി സ്‌കൂളിൽ പോയി അധ്യാപകരെയും വിദ്യാർഥികളെയും കണ്ടു സന്ദർശനം നടത്തി അവർക്കുള്ള പെട്ടികളെല്ലാം ഏൽപിച്ച് ഹയർ സെക്കണ്ടറി സ്‌കൂളിൽ എത്തി. 
വിപുലമായ ആഘോഷമാണ് ഇവിടെ നടക്കുന്നത്. കുട്ടികളെല്ലാം മാർച്ച് പാസ്റ്റിന് തയാറായി നിൽപുണ്ട്. അവിടെ എത്തിയ ഞങ്ങളെ അധ്യാപകർ സ്വീകരിച്ചിരുത്തി. കേരളത്തിൽ നിന്നും ഗ്രാമീണ ജീവിതം കണ്ടറിയാൻ എത്തിയ ആളാണ് ഞാൻ എന്നു പറഞ്ഞപ്പോൾ അവർ എന്നെ സ്‌റ്റേജിൽ മുഖ്യാതിഥിയായി പിടിച്ചിരുത്തി. കൃത്യസമയത്ത് തന്നെ പതാക ഉയർത്തലും മറ്റു ചടങ്ങുകളും നടന്നു. 


രാജസ്ഥാൻ സർക്കാറിന്റെ  ആഹ്വാനമനുസരിച്ച് ഭരണഘടനയുടെ ആമുഖം വായിച്ചായിരുന്നു ചടങ്ങുകൾ തുടങ്ങിയത്. പൗരത്വ ഭേദഗതി നിയമത്തിന്റെ  വരുംവരായ്കകളെക്കുറിച്ചുള്ള ഭീതി പലരുമായി പങ്കുവെക്കുകയും ചെയ്തു. ഈ ഗ്രാമത്തിലെ ജനങ്ങൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളോട് മാത്രം പ്രത്യേക കൂറു പുലർത്തുന്നവരല്ല. തെരഞ്ഞെടുപ്പുകൾ വരുമ്പോൾ സാഹചര്യങ്ങൾക്കനുസരിച്ച് വോട്ട് ചെയ്യുന്നവരാണ് അധികവും. 
ഉച്ചയോടു കൂടി ജെയ്‌സൽമേറിലേക്ക് പുറപ്പെട്ടു. സ്‌കോർപിയോയിൽ ഗജേന്ദ്രയുടെ അനുജനും മറ്റു മൂന്നു ബന്ധുക്കളും കൂടിയുണ്ട്. പൊക്രാൻ വഴിയാണ് യാത്ര. 1974 ൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ ആദ്യത്തെ ആണവ പരീക്ഷണം നടത്തിയ നിലയം ഇവിടെയാണുള്ളത്. അതും കഴിഞ്ഞ് അൽപം മുന്നോട്ടു സഞ്ചരിച്ചാൽ ഇന്ത്യൻ ആർമിയുടെ മ്യൂസിയം ഉണ്ട്. ഇതെല്ലാം തിരിച്ചുവരുന്ന വഴി സന്ദർശിക്കാമെന്ന് ഗജേന്ദ്ര പറഞ്ഞു. വൈകിട്ടോടെ ഇന്ത്യയിലെ ഗോൾഡൻ സിറ്റിയായ ജയ്‌സാൽമീറിൽ എത്തി. 800 വർഷം മുമ്പ് മഹാരാജാ റാവൽ ജയ്‌സൽ ആണ് പട്ടണവും മനോഹരമായ ഒരു കോട്ടയും നിർമിച്ചത്. 
ഗജേന്ദ്രയുടെ രണ്ടു ബന്ധുക്കളും ഞങ്ങളുടെ കൂടെ ചേർന്നു. ഇരുട്ടുന്നതിനു മുമ്പ് 50 കിലോമീറ്റർ ദൂരെയുള്ള സം എന്ന മണൽ കൂമ്പാര പ്രദേശത്ത് പോയി മടങ്ങാം എന്നും പിറ്റേ ദിവസം മുഴുവൻ ജയ്‌സാൽമീറിന്റെ മനോഹാരിത കണ്ടു തീർക്കാം എന്നും തീരുമാനമെടുത്ത് സ്‌കോർപിയോ സമ്മിലേക്ക് വിട്ടു. 


വിജനമായ ഭൂമി. റോഡിന്റെ  ഇരുവശങ്ങളിലും ഇന്ത്യൻ ആർമിയുടെ പ്രദേശങ്ങളാണ്. ട്രെയിനിങ് ക്യാമ്പുകളും മറ്റു കെട്ടിടങ്ങളും മരുഭൂമി മുഴുക്കെ വ്യാപിച്ചു കിടക്കുന്നു. സൂര്യൻ മരുഭൂമിയിൽ മുങ്ങിത്താഴും മുൻപേ സം ക്യാമ്പിൽ എത്തി. ഡിസേർട്ട് സഫാരി, കേമൽ സഫാരി, ലൈവ് ഹിന്ദുസ്ഥാനി സംഗീതത്തിന്റെ അകമ്പടിയോടെയുള്ള ഡിന്നർ എന്നിവയുടെ പാക്കേജിന് ഒരാൾക്ക് 750 രൂപ. 
സഫാരി കഴിഞ്ഞ് പ്രത്യേകം ഒരുക്കിയ തട്ടകത്തിന് മുകളിൽ ഹാർമോണിയവും തബലയും വെച്ച് ഹിന്ദുസ്ഥാനി മെഹഫിൽ. ഏതാനും കിലോമീറ്റർ അകലെ പാക്കിസ്ഥാൻ ആണ്. ഇവിടുത്തുകാരെ കാണുമ്പോൾ ഗൾഫിലൊക്കെ നാം കാണുന്ന പാക്കിസ്ഥാനി സിന്ധികളുടെ അതേ ഛായ. ഒരേ സംസ്‌കാരം. 
ഗസൽ ഗന്ധർവൻ ഗുലാം അലി സാബിന്റെ പ്രശസ്തമായ 'ഹംകൊ കിസീകെ ഖം ന മാരാ..' , 'ഹങ്കാമ ഹേ ക്യോം ബർപ്പാ..തുടങ്ങിയ ഗസലുകളും ഏതാനും പ്രാദേശിക ഗാനങ്ങളും ആണ് പാടിയത്. പാട്ടിനൊപ്പം ഗോത്ര വസ്ത്രങ്ങൾ അണിഞ്ഞ ഒരു സ്ത്രീയുടെ നൃത്തവും നടക്കുന്നുണ്ട്. ഉസ്താദിന്റെ മനോഹര ഗസൽ ആകെ കുളമാക്കി. പാറയുടെ പുറത്ത് ചിരട്ട കൊണ്ടു കോറുന്ന പോലുള്ള ശബ്ദം. അരോചകമായ നൃത്തവും. ഒരു മണിക്കൂർ പ്രോഗ്രാം കഴിഞ്ഞ് ഭക്ഷണവും കഴിച്ച് ഞങ്ങൾ 8 പേർ മഹീന്ദ്ര സ്‌കോർപിയോയിൽ 50 കിലോമീറ്റർ ദൂരെയുള്ള ജയ്‌സാൽമീർ സിറ്റിയിലേക്ക് മടങ്ങി. 
സമയം രാത്രി 9 മണി കഴിഞ്ഞു. വണ്ടി 90/100 കിലോമീറ്റർ സ്പീഡിലാണ് പായുന്നത്. യാത്രാക്ഷീണം കൊണ്ട് ബാക്കിലുള്ളവരിൽ ചിലരൊക്കെ അൽപം മയക്കത്തിലാണ്. ഗജേന്ദ്ര ഞാനുമായി നാട്ടുവിശേഷങ്ങൾ പങ്കുവെച്ച് ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുകയാണ്. 
ജെയ്‌സൽമേറിലേക്ക് 15 കിലോമീറ്റർ കൂടിയുണ്ട്. ഒരു ചെറിയ വളവിൽ വണ്ടി അൽപം റോഡിൽ നിന്നും ഇറങ്ങി. തിരിച്ചു റോഡിലേക്ക് തന്നെ വണ്ടി തിരിക്കുന്നതിനിടയിൽ എല്ലാം സംഭവിച്ചു. വണ്ടിയുടെ ടയർ പൊട്ടി... നിയന്ത്രണംവിട്ടു... നാലു മലക്കം മറിച്ചിൽ!! എവിടെ നിന്നോ കുറച്ചാളുകൾ ഓടിയടുത്തു. ഒന്നു രണ്ടു മറ്റു വാഹനങ്ങളും നിർത്തി. അവരെല്ലാം കൂടി ഓരോരുത്തരെയും പുറത്തെടുത്തു. കണ്ണിൽ ആകെ ഇരുട്ടു കയറുന്നു... ശരീരത്തിന്റെ പല ഭാഗങ്ങളിലും അസഹ്യമായ വേദന. ഓടിക്കൂടിയവർ ഞങ്ങളെ ഒരു വണ്ടിയിൽ കയറ്റി ജയ്‌സാൽമീർ ആശുപത്രിയിലേക്ക് കുതിച്ചു. 
ഗജേന്ദ്രയുടെ കസിൻ ദിനേശി (22 വയസ്സ്) നു പിറകിലത്തെ ഗ്ലാസ് പൊട്ടി പുറത്തേക്ക് തെറിച്ചു വീണ് തലക്ക് ഗുരുതര പരിക്ക് പറ്റിയിട്ടുണ്ട്. ഹോസ്പിറ്റലിൽ എത്തുന്നതിനു മുമ്പ് തന്നെ ആ പാവം ഈ ലോകത്തോട് വിട പറഞ്ഞു. മറ്റൊരു കസിൻ കൈലാസിന് നെഞ്ചിൽ ഗുരുതരമായ പരിക്കുണ്ട്. അവനും ഗ്ലാസ് പൊട്ടി പുറത്തേക്ക് തെറിച്ചു പോയിരുന്നു. ഞാൻ അടക്കമുള്ള മറ്റ് ആറ് പേർക്കും നിസ്സാര പരിക്കുകളേ ഉള്ളൂ. ജയ്‌സാൽമീർ ഹോസ്പിറ്റലിൽ വെച്ച് ദിനേശിന്റെ മരണം സ്ഥിരീകരിച്ചു. കൈലാസിനെയും ഗണേഷിനെയും 280 കിലോമീറ്റർ ദൂരെയുള്ള ജോധ്പുർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് എത്തി. ഞാനും അതിൽ കയറി. പുലർച്ചെ മെഡിക്കൽ കോളേജിലെത്തി. കൈലാസിന്റെ നെഞ്ചിലെ പരിക്ക് അത്ര ഗുരുതരമല്ല. എന്നാലും ഒരു ചെറിയ ഓപറേഷൻ വേണ്ട വരും. എന്റെ ശരീരമാസകലം വേദനയുണ്ട്. 
എക്‌സ്‌റേ അടക്കമുള്ള പരിശോധനയിൽ എല്ലിന് പരിക്കൊന്നും ഇല്ല. ഞങ്ങൾ എട്ടു പേരായിരുന്നു വണ്ടിയിൽ. ദിനേശിന്റെ സമയം അടുത്തിരുന്നു. അവൻ വേഗം പോയി. ബാക്കി ഏഴു പേരെയും ദൈവം തുണച്ചു. അന്ന് ഉച്ചക്ക് തന്നെ ജോധ്പുർ- മുംബൈ കോഴിക്കോട് വഴി ഇൻഡിഗോ എയർലൈൻസിൽ ഞാൻ എന്റെ സ്വന്തം ഗ്രാമമായ കൊളത്തറയിലേക്ക് തിരിച്ചു. 

                                 (അവസാനിച്ചു)
 

Latest News