മക്ക - അസീസിയ ഡിസ്ട്രിക്ടിൽ ഫഖീഹ് മസ്ജിദിനു മീപത്തെ ഹോട്ടലിൽ അഗ്നിബാധ. കെട്ടിടത്തിലെ 600 ഹാജിമാരെ സിവിൽ ഡിഫൻസ് ഒഴിപ്പിച്ചു. ഞായറാഴ്ച അർധരാത്രിയോടെയാണ് ഹോട്ടലിൽ അഗ്നിബാധയുണ്ടായത്. സംഭവത്തെ കുറിച്ച് രാത്രി 11.23 നാണ് സിവിൽ ഡിഫൻസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതെന്ന് മക്ക സിവിൽ ഡിഫൻസ് വക്താവ് മേജർ നായിഫ് അൽശരീഫ് പറഞ്ഞു. പതിനഞ്ചുനില ഹോട്ടലിലെ എട്ടാം നിലയിൽ പുറം ഭാഗത്ത് സ്ഥാപിച്ച എയർ കണ്ടീഷനർ യൂനിറ്റിലാണ് തീ പടർന്നുപിടിച്ചത്. തുർക്കി, യെമൻ എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകരാണ് കെട്ടിടത്തിലുണ്ടായിരുന്നത്.
കെട്ടിടത്തിലെ മുഴുവൻ തീർഥാടകരെയും ഒഴിപ്പിക്കുകയും തീയണക്കുകയും ചെയ്തു. ആർക്കും പരിക്കില്ല. തീയണച്ച് കെട്ടിടം പൂർണമായും സുരക്ഷിതമാണെന്ന് ഉറപ്പുവരിത്തിയ ശേഷം തീർഥാടകരെ മുറികളിലേക്കു തന്നെ മാറ്റിയതായി സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.
അപകടവിവരം അറിഞ്ഞത് മുതല്‍ ശക്തമായ രക്ഷാപ്രവര്‍ത്തനമാണ് സിവില്‍ ഡിഫന്‍സ് വിഭാഗം നടത്തിയത്. ഇന്ത്യയില്‍നിന്നുള്ള മലയാളി ഹാജിമാരടക്കമുള്ളവര് ഈ കെട്ടിടത്തിന് സമീപത്തുള്ള മറ്റു കെട്ടിടങ്ങളില്‍ താമസിക്കുന്നുണ്ട്.