Sorry, you need to enable JavaScript to visit this website.

നാം ഏതു നാട്ടുകാരാണ്? ഒരു സൗദി പ്രവാസിയുടെ ധർമ്മസങ്കടം

ഡിക്ഷനറികൾ അപരിചിതർ എന്ന വാക്കിനു നൽകുന്ന വ്യാഖ്യാനം അനുസരിച്ച് സ്വന്തം രാജ്യത്തിനു പുറത്ത് കഴിയുന്ന പ്രവാസികളെല്ലാം അവർ ജീവിക്കുന്ന പുതിയ രാജ്യത്തെ സംബന്ധിച്ചിടത്തോളം അപരിചിതരാണ്. ഈ രാജ്യത്തിന്റ ഭാഷ, സംസ്‌കാരം, പാരമ്പര്യം എന്നിവയെ കുറിച്ചുള്ള അറിവില്ലായ്മയാണ് ഇവരെ അപരിചിതരാക്കുന്നത്. എന്നാൽ ഒരു അപരിചിത രാജ്യത്ത് പതിറ്റാണ്ടുകളോളം ജീവിച്ചു തീർത്ത പ്രവാസികളുടെ കാര്യമോ? അവരെ ഇപ്പോഴും അപരിചിതർ എന്നു തന്നെ വിളിക്കാമോ? സൗദി അറേബ്യയിൽ രണ്ടു പതിറ്റാണ്ടിലേറെ കാലം ജീവിതം നയിച്ചവർ ഇപ്പോഴും അപരിചിതരാണോ?  നിയമങ്ങളേയും ചട്ടങ്ങളേയും നിയന്ത്രണങ്ങളേയും കുറിച്ചോ ഒരു രാജ്യത്തിന്റെയും അവിടുത്തെ പൗരന്മാരുടേയും ആവശ്യങ്ങളെ കുറിച്ചോ അല്ല ഈ ചോദ്യം. ഈ വ്യക്തികളെ ബാധിക്കുന്ന ഒരു ചോദ്യമാണിത്: 'നമ്മുടെ നാട് ഏതാണ്?'

അവസരങ്ങളും ജോലികളും തേടി നാലു പതിറ്റാണ്ടു മുമ്പാണ് ഇതര രാജ്യക്കാർ സൗദിയിലെത്തി തുടങ്ങിയത്. അവർ ഇവിടെ ഒരു പുതിയ ജീവിതം തുടങ്ങി. ഇവിടെ ഒന്നും ഇല്ലാതിരുന്ന കാലത്ത് സൗദി സഹോദർമാർക്കൊപ്പം ചേർന്ന് ഒന്നുമില്ലായ്മയിൽ നിന്നാണ് അവരുടേയും തുടക്കം. ഇവർ ഒരുമിച്ചാണ് ഈ രാജ്യം കെട്ടിപ്പടുത്തത്. പ്രവാസികളുടെ തലമുറകൾ ഇവിടെ പിറക്കുകയും പുലരുകയും ചെയ്തു. ചുരുങ്ങിയത് മൂന്നു തലമുറയെങ്കിലും സൗദിയെ സ്വന്തം വീടായി കരുതി. കഴിഞ്ഞ ദിവസം ഒരു പാക്കിസ്ഥാനിയുടെ ട്വീറ്റ് ഞാൻ കണ്ടു. 'ഒരു പ്രവാസി എന്ന നിലയിൽ ഇത് ഇവിടുത്തെ എന്റെ അവസാനത്തെ സ്വാതന്ത്ര്യ ദിനാഘോഷമായിരിക്കും.' നമ്മളൊക്കെ ഏതു നാട്ടുകാരണെന്ന്് ആശ്ചര്യപ്പെടാതിരിക്കാൻ എനിക്കാവുന്നില്ല.

'20 വർഷത്തോളമായി ഞങ്ങൾ സൗദിയിൽ ജീവിച്ചു വരികയാണ്. അടുത്തയാഴ്ച് ഈ രാജ്യത്തോടെ വിടചൊല്ലി പോകണമല്ലൊ എന്നോർത്ത് എന്റെ കുട്ടികൾക്ക് രാത്രി ഉറങ്ങാൻ പോലുമാകുന്നില്ല,' ഫൈനൽ എക്‌സിറ്റ് അടിച്ച് സ്വന്തം നാടായ കറാച്ചിയിലേക്ക് പോകാനിരിക്കുന്ന ഒരു പാക്ക് വനിതാ പ്രവാസിയുടെ വാക്കുകളാണിത്. 'കനത്ത ലെവി ഏർപ്പെടുത്തിയതോടെ ഇവിടെ പിടിച്ചുനിൽക്കൽ അസാധ്യമാക്കിയിരിക്കുന്നു. എന്റെ ഭർത്താവ് യുവത്വം മുഴവൻ ഈ രാജ്യത്തിനു വേണ്ടിയാണ് നൽകിയത്. നാട്ടിൽ ചെന്നാൽ ഈ പ്രായത്തിൽ അദ്ദേഹത്തിന് ആരു ജോലി നൽകും?' അവർ ചോദിക്കുന്നു.

ഇവരെ പോലെ നിരവധി പ്രവാസി കുടുംബങ്ങളും മറ്റുള്ളവരും ഈ ധർമ്മസങ്കടത്തിലാണ്. 'തിരിച്ചു പോകൽ എന്നതല്ല പ്രശ്‌നം. ഒരു ജീവിതം കാലം മുഴുവൻ ഇവിടെ ചെലവഴിച്ചവർ തിരിച്ചു നാട്ടിലെത്തിയാൽ എങ്ങനെ പിടിച്ചു നിൽക്കുമെന്നതാണ് പ്രശ്‌നം,' എത്യോപിയയിൽ നിന്നുള്ള ഉമ്മ് സിറാജ് പറയുന്നു. 'എന്റെ രാജ്യം ഇപ്പോൾ എങ്ങനെയാണെന്നു പോലും എനിക്കറിയില്ല. അവിടെ ഞങ്ങൾക്ക് വീടില്ല. ഞങ്ങൾ നേടിയതെല്ലാം ഇവിടെ ചെലവഴിച്ചു തീർത്തു. അവിടെ ഞങ്ങൾ അപരിചിതരാകാൻ പോകുകയാണ്. എന്റെ മോൽ ഇതുവരെ എതിയോപിയ എന്ന രാജ്യം കണ്ടിട്ടു പോലുമില്ല. ഇവിടെ തുടരാൻ കഴിഞ്ഞെങ്കിൽ എന്നാഗ്രഹിച്ചു പോകുകയാണ്,' ഉമ്മ് സിറാജ് പറയുന്നു. 

സാംസ്‌കാരികമായ ബന്ധങ്ങളിലൂടെയും കൈമാറ്റങ്ങളിലൂടെയും ഒരു വ്യക്തിയോ സമൂഹമോ മറ്റൊരു സംസ്‌കാരത്തിന്റെ മൂല്യങ്ങളും ജീവിത രീതികളും കൂടിയോ കുറഞ്ഞോ സ്വീകരിക്കുന്നതാണ് ഇണങ്ങിച്ചേരൽ എന്ന പ്രക്രിയ. ഒരു സന്തുലിത ജീവിതം നയിക്കുന്നതിന് ഓരോ പ്രവാസിയും ഈ ഇണങ്ങിച്ചേരലിന് വിധേയരാകുന്നുണ്ട്. പതിറ്റാണ്ടുകളായി ഇവിടെ കഴിഞ്ഞ് പിന്നീട് തിരിച്ചു പോകേണ്ടി വരുന്നവർക്ക് ഈ ഇണങ്ങിച്ചേരൽ വലിയ വേദനയായി അവശേഷിക്കും.

എന്നാൽ അടുത്ത കാലത്തായി സൗദിയിലെത്തിയ പ്രവാസി കുടുംബങ്ങളെ സംബന്ധിച്ച് ഇതു വലിയ പ്രശ്‌നമാകില്ല. തിരിച്ചു പോക്കിനോട് അവർക്ക് വേഗത്തിൽ പൊരുത്തപ്പെടാനാകും. 'കുറച്ചു കാലം കൂടി കുടുംബത്തോടൊപ്പം ഇവിടെ കഴിയാനാണു പദ്ധതി. അതുകഴിഞ്ഞ് അവരെ തിരിച്ചു നാട്ടിലെത്തിക്കും. നികുതികൾ താങ്ങാനാവില്ല. എങ്കിലും ഇവിടെ എത്തിയിട്ട് ഒരു വർഷമെ ആയിട്ടുള്ളൂ എന്നതിനാൽ കുടുംബത്തിന് നാട്ടിൽ ചെന്നാലും വേഗത്തിൽ പൊരുത്തപ്പെടാൻ കഴിയും,' ഒരു ഫലസ്തീൻ പ്രവാസി പറയുന്നു.

'ഒരു വർഷം മുമ്പ് വരെ ഈ പ്രദേശത്ത് കാലിയായ ഒരു അപാർട്ട്‌മെന്റ് കണ്ടെത്തുക പ്രയാസമായിരുന്നു. ഇപ്പോൾ ഇവിടെ നിരവധി അപാർട്ടുമെന്റുകൾ കാലിയായിക്കിടക്കുന്നു. 35 വർഷമൊക്കെ ഇവിട കഴിഞ്ഞവർ തിരിച്ചു നാട്ടിലെത്തി ഒരു അപരിചിത ജീവിതം നയിക്കുന്നത് എങ്ങനെ എന്നു എനിക്കു മനസ്സിലാകുന്നില്ല. അതവരുടെ സ്വന്തം നാടായിപ്പോയല്ലോ എന്നതാണ് വിരോധാഭാസം,' അദ്ദേഹം പറഞ്ഞു.

ഒരുപാട് കാര്യങ്ങൾക്കു നടുവിൽ നിൽക്കവെ തങ്ങൾക്ക് ഇത്തരമൊരു തിരിച്ചുപോക്ക് ഉണ്ടാകുമെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാനാവാത്തവരാണ് സൗദി അറേബ്യയെ രണ്ടാം വീടായി കണ്ട ഭൂരിപക്ഷം പ്രവാസികളും. മക്കളുടെ സ്‌കൂൾ, യൂണിവേഴ്‌സിറ്റി പഠനം, അവരുടെ ജോലി, മകളുടെ വിവാഹത്തിനായുള്ള ഒരുക്കങ്ങൾ നടക്കുമ്പോൾ, ജോലിയിൽ ഒരു പ്രൊമോഷൻ കാത്തിരിക്കുമ്പോൾ, വാർധക്യത്തോടടുക്കുന്ന ജീവിതത്തിനു മധ്യേ... അങ്ങനെ നിരവധി കാര്യങ്ങൾക്കിടയിലാണ് ഒരു തിരിച്ചുപോക്ക് വേണ്ടി വരുന്നത്. 

ഒരു കാരുണ്യം ഉണ്ടാകുമെന്നും ഈ നിയമം മാറ്റപ്പെടുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് പലരും ഇപ്പോഴും. എന്നിരുന്നാലും എല്ലാവർക്കുമുള്ള പരിഹാരം തിരിച്ചു വീട്ടിൽ പോകുക എന്നതു തന്നെയാണ്. ഒരു സാംസ്‌കാരിക ആഘാതമാണ് അവർ അഭിമുഖീകരിക്കാൻ പോകുന്നത്. പൊരുത്തപ്പെടൽ കൂടുതൽ ശ്രമകരമാകാനും പോകുന്നു.  

കടപ്പാട്: സൗദി ഗസറ്റ്‌
 

Latest News