അബുദാബി - ചിലര്‍ ചെയ്യുന്ന കോമാളിത്തമല്ല ഹിന്ദുമതമെന്നും ഏകോദര സഹോദരങ്ങളായി ജീവിക്കുമ്പോഴേ യഥാര്‍ഥ ഭാരതീയരാകൂ എന്നും ശശി തരൂര്‍ എം.പി. പൗരത്വ നിയമത്തെ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും കലാപ രാഷ്ട്രീയത്തില്‍നിന്ന് ഇന്ത്യന്‍ ജനതയെ രക്ഷിക്കാന്‍ ഓരോ ഇന്ത്യക്കാരും മനുഷ്യത്വത്തിന്റെ കാവല്‍ക്കാരാകണമെന്നും അദ്ദേഹം പറഞ്ഞു.
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിലുള്ള അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിന്റെ പ്രഥമ പുരസ്‌കാരം ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം. സംസ്ഥാന മുസ്‌ലിം യൂത്ത് ലീഗ് അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളാണു സമ്മാനിച്ചത്. അവാര്‍ഡ് തുകയായ ഒരു ലക്ഷം രൂപ ശിഹാബ് തങ്ങള്‍ ചാരിറ്റിക്ക് അദ്ദേഹം കൈമാറി.
ഭാരതത്തിന്റെ അടിസ്ഥാനം മനുഷ്യത്വമാണ്. മതനിരപേക്ഷതയും ജനാധിപത്യവും കാത്തുസൂക്ഷിക്കണമെങ്കില്‍ മനുഷ്യത്വം ഉണ്ടാകണം. ഇന്ത്യക്കാരനായി, ഇന്ത്യക്കു വേണ്ടി നിലകൊണ്ട് യഥാര്‍ഥ ഇന്ത്യ എന്താണെന്ന് ലോകത്തിനു കാണിച്ചുകൊടുക്കണമെന്നും തരൂര്‍ പറഞ്ഞു. '
മോഡി സര്‍ക്കാരിലെ ഒരു മന്ത്രിക്കുപോലും ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാകില്ല എന്നിരിക്കെ ഇവിടെ ആരാണ് യാഥാര്‍ഥ ഇന്ത്യന്‍ പൗരനെന്ന് അദ്ദേഹം ചോദിച്ചു. ദല്‍ഹി കലാപത്തില്‍ നിരവധി പേര്‍ മരിച്ചു. പലര്‍ക്കും പരുക്കേറ്റതു വെടിയേറ്റാണെന്നതു ഞെട്ടിക്കുന്നു. ഗുജറാത്ത് കലാപം ആവര്‍ത്തിക്കുകയാണോ എന്നു സംശയിക്കുന്നു. സമാധാനം വീണ്ടെടുക്കാന്‍ എല്ലാ ജനവിഭാഗവും മുന്നോട്ടുവരണം. വര്‍ഗീയ രാഷ്ട്രീയം കളിക്കുന്ന ബി.ജെ.പി അതിന്റെ ഭാഗമായാണ് മുത്തലാഖ് നിയമവും കൊണ്ടുവന്നത്.
ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് ബാവ ഹാജി അധ്യക്ഷത വഹിച്ച യോഗം മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എം.പി.എം റഷീദ് ഉള്‍പ്പടെ വിവിധ സംഘടനാ ഭാരവാഹികളും പ്രസംഗിച്ചു.