ദുബായ്- യു.എ.ഇയില്‍ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 21 ആണെന്ന് ആരോഗ്യ, പ്രതിരോധ മന്ത്രി പറഞ്ഞു. യു.എ.ഇയിലെ നഴ്സറി വിദ്യാലയങ്ങള്‍ മാര്‍ച്ച് ഒന്നു മുതല്‍ രണ്ടാഴ്ചത്തേക്ക് അടച്ചിടാന്‍ വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശിച്ചു. കോവിഡ്–19 ബാധ വ്യാപകമാകുന്നതിനെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയായാണിത്.
വിദ്യാഭ്യാസ മന്ത്രി ഹുസൈന് അല്‍ ഹമ്മാദി, ആരോഗ്യ–രോഗപ്രതിരോധ മന്ത്രി അബ്ദുല്‍ റഹ് മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഉവൈസ് എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ സ്കൂളുകള്‍ അടച്ചിടാന്‍ നിര്‍ദേശം നല്കിയ കാര്യം വ്യക്തമാക്കിയത്. കൊച്ചുകുട്ടികളുടെ സുരക്ഷക്ക് വേണ്ട എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചതായി നോളജ് ആന്‍ഡ് ഹ്യൂമനിറ്റേറിയന്‍ ഡെവലപ്മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ) അറിയിച്ചു.
യു.എ.ഇയിലെ രോഗബാധിതരില്‍ അഞ്ചു പേര് പൂര്‍ണമായും രോഗമുക്തരായി. എമിറേറ്റ്സ് ടൂറില്‍ പങ്കെടുക്കാനെത്തിയ ടീമിനോടൊപ്പം എത്തിയ രണ്ടു സാങ്കേതിക വിദഗ്ധര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. ഇവരുമായി ഇടപെഴകിയത് വളരെ ചുരുക്കം പേരാണ്. തുടര്‍ന്ന് വേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചതായി മന്ത്രി വ്യക്തമാക്കി. രാജ്യത്തിനകത്തും പുറത്തുമുള്ള വിദ്യാര്‍ഥികളുടെ എല്ലാ പരിപാടികളും നിര്‍ത്തിവച്ചതായി അറിയിപ്പ് നല്‍കിയതായി മന്ത്രി പറഞ്ഞു. ഇവര്‍ക്ക് വേണ്ടി ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.






