Sorry, you need to enable JavaScript to visit this website.
Tuesday , May   26, 2020
Tuesday , May   26, 2020

ബ്ലാസ്റ്റേഴ്‌സ് -നിരാശയുടെ മറ്റൊരു സീസൺ

വലിയ പ്രതീക്ഷയോടെ തുടങ്ങിയ കേരളാ ബ്ലാസ്‌റ്റേഴ്‌സ് നിരാശാജനകമായാണ് സീസൺ അവസാനിപ്പിച്ചത്. പരിക്കുകൾ നിരന്തരം ടീമിനെ അലട്ടി. കോച്ച് എലക്കൊ ഷറ്റോരിയുടെ തന്ത്രങ്ങളും പലപ്പോഴും പിഴച്ചു. 

ഐ.എസ്.എല്ലിന്റെ ലീഗ് റൗണ്ടിന് തിരശ്ശീല വീണപ്പോൾ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകർക്ക് നിരാശയുടെ മറ്റൊരു സീസണാണ് അവസാനിച്ചത്. വൻ പ്രതീക്ഷയോടെ കൊച്ചി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ തുടങ്ങിയ പടയോട്ടത്തിന് ഭുവനേശ്വറിലെ എട്ടു ഗോൾ ത്രില്ലറോടെയാണ് അവസാനമായത്. അതിനിടയിൽ സ്ഥിരതയില്ലായ്മയും പരിക്കും ടീമിനെ നിരന്തരം അലട്ടി. 
അവസാന മത്സരത്തിൽ ഒഡിഷ എഫ്.സിയുമായി 4-4 സമനില പാലിച്ച ശേഷം കോച്ച് എലെക്കൊ ഷറ്റോരി പറഞ്ഞു: 17 കളികളിലും വ്യത്യസ്തമായ ലൈനപ്പുമായാണ് ഞങ്ങൾ കളിച്ചത്. നിരന്തരമായ പരിക്കുകളാണ് ഇതിന് കാരണം. ലഭ്യമായ കളിക്കാരെ വെച്ച് പരമാവധി സാധിച്ചു എന്നാണ് കരുതുന്നത്.


ഷറ്റോരിക്ക് മഞ്ഞപ്പടയിൽ നിന്ന് നിറഞ്ഞ പിന്തുണയാണ് കിട്ടിയത്. തോൽവികൾ തുടർക്കഥയായപ്പോൾ പരിഹസിക്കപ്പെട്ടു എന്നതും സ്വാഭാവികം. ടീമിന്റെ മോശം പ്രകടനം പലപ്പോഴും പരിക്കുകളുടെ പേരു പറഞ്ഞ് കോച്ച് മറച്ചുപിടിക്കാൻ ശ്രമിച്ചുവെന്നതാണ് പ്രധാന ആരോപണം. പക്ഷെ പരിക്കുകൾ ടീമിനെ നിരന്തരം അലട്ടിയെന്ന കാര്യത്തിൽ തർക്കമില്ല. കോച്ച് പലപ്പോഴും നിസ്സഹായനായിരുന്നു. ഏഴാം സ്ഥാനത്താണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് മത്സരങ്ങൾ അവസാനിപ്പിച്ചത്. 
തുടർച്ചയായി രണ്ടു മത്സരങ്ങളിൽ ഒരേ ഇലവനെ കളിപ്പിക്കാൻ ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന് ഒരു തവണ മാത്രമാണ് സാധിച്ചത്. പരിക്കുകൾ എത്ര ഗുരുതരമായാണ് ടീമിനെ ബാധിച്ചത് എന്നതിന്റെ ഉദാഹരണമാണ് ഇത്. 
പ്ലേമേക്കർ മാരിയൊ അർക്വേസിന്റെ പരിക്കാണ് ടീമിന് ഏറ്റവും ക്ഷീണം പകർന്നത്. പ്രതിരോധനിര ഒന്നടങ്കം പരിക്കിന്റെ പിടിയിലായി. പ്രി സീസണിൽ തന്നെ സന്ദേശ് ജിംഗന് ഈ സീസൺ മുഴുവൻ നഷ്ടപ്പെടുമെന്ന വാർത്ത വന്നു. പ്രതിരോധത്തിലെ ശക്തിദുർഗം മാത്രമായിരുന്നില്ല ജിംഗൻ. ടീമിന്റെ ഏറ്റവും വിശ്വസ്തനായ പോരാളി കൂടിയായിരുന്നു. 
തൊട്ടുപിന്നാലെ ബ്രസീലിയൻ ഡിഫന്റർ ജയ്‌റൊ റോഡ്രിഗസിന് പരിക്കേറ്റു. ജയ്‌റോക്കും സീസൺ മുഴുവൻ നഷ്ടപ്പെട്ടു. ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ടീമിലെടുത്ത മികച്ച കളിക്കാരിലൊരാളായ ജിയാനി സുയവർലൂനിന് നിരവധി മത്സരങ്ങളിൽ കളിക്കാനായില്ല.
മതിയായ കായികക്ഷമതയില്ലാത്ത രാജു ഗെയ്ക്്‌വാദിനെയാണ് പകരം കൊണ്ടുവന്നത്. പരിക്കു കാരണം 2018-19 സീസൺ മുഴുവൻ പുറത്തിരിക്കേണ്ടി വന്ന അബ്ദുൽ ഹക്കുവിനെയും കളിപ്പിക്കേണ്ടി വന്നു. സെന്റർ ബാക്ക് വ്‌ലാറ്റ്‌കൊ ദ്രോബറോവിനെ ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിൽ സ്വന്തമാക്കി. 


18 കളികളിൽ ഏഴ് വ്യത്യസ്ത സെന്റർ ബാക്ക് ജോഡികളാണ് കളിച്ചത്. ഗെയ്ക്്‌വാദും ദ്രോബറോവുമായിരുന്നു കൂടുതൽ മത്സരങ്ങൾ ഒരുമിച്ചു കളിച്ചത്. തുടർച്ചയായി അഞ്ചു കളികളിൽ ഇവർ ഒരുമിച്ചു പ്രതിരോധത്തിന് ചുക്കാൻ പിടിച്ചു. സീസൺ തുടങ്ങുമ്പോൾ കോച്ചിന്റെ പ്ലേയിംഗ് ഇലവനിൽ ഇല്ലാത്ത കളിക്കാരായിരുന്നു ഇരുവരും.  
ആരാധകരുടെ പ്രിയങ്കരനായ സഹൽ അബ്ദുൽ സമദിനെ ആവശ്യത്തിന് കളിപ്പിക്കാതിരുന്നപ്പോൾ പോലും ആരാധകർ ബ്ലാസ്‌റ്റേഴ്‌സിനെ കൈവിട്ടില്ല. പന്ത് കൈവശം വെച്ചുള്ള ആക്രമണ ഫുട്‌ബോൾ കളിക്കാനുള്ള ടീമിന്റെ ശ്രമത്തെ അവർ പിന്തുണച്ചു. പക്ഷെ ആ തന്ത്രം വലിയ വിജയമായിരുന്നില്ല. എങ്കിലും സീസൺ അവസാനിക്കുന്നതുവരെ കളിക്കാർ വിജയത്തിനായി പൊരുതി എന്നത് ആരാധകർക്ക് ആശ്വാസമായി. കഴിഞ്ഞ രണ്ടു സീസണിൽ ഇതായിരുന്നില്ല സ്ഥിതി. 
സഹലിന് കിട്ടിയ അവസരങ്ങൾ മുതലാക്കാനായില്ല. ഷറ്റോരിയുടെ ആവശ്യങ്ങൾക്കനുസരിച്ച് കളിക്കാൻ മാത്രം സാങ്കേതികത്തികവുണ്ടായിരുന്നില്ല സഹലിന്. ഈ പോരായ്മകൾ പരിഹരിക്കാൻ സഹലിന് സാധിക്കുമോയെന്നാണ് അറിയേണ്ടത്.  തുടക്കം മുതൽ തിരിച്ചടിയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്. സ്‌പോൺസർമാരുമായുള്ള തർക്കം കാരണം ദുബായിലെ പ്രി സീസൺ പരിശീലനം ഉപേക്ഷിക്കേണ്ടി വന്നു. മെഡിക്കൽ ടീമിന്റെ പ്രകടനം നിരാശാജനകമായിരുന്നു. പരിക്കുകൾ അതിന്റെ ഉത്തമ ഉദാഹരണമാണ്. എന്തുകൊണ്ട് ഇത്രമാത്രം പരിക്കുകളെന്ന ചോദ്യത്തിന് ഉത്തരം പറയാൻ ഷറ്റോരി തയാറായില്ല.
വിദേശ കളിക്കാരെ പൂർണമായി മാറ്റിയിട്ടും പുതിയ കോച്ചിനെ കൊണ്ടുവന്നിട്ടും നിരാശ മാത്രമായി സമ്മാനമെന്നതാണ് യാഥാർഥ്യം. ഷറ്റോരിയെ നിലനിർത്തണമോയെന്ന കാര്യത്തിൽ ബ്ലാസ്‌റ്റേഴ്‌സ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.  

Latest News