പ്രവാസഭൂമിയിലെ മധുരമുള്ള ഓര്‍മകളുമായി അവര്‍ മടങ്ങുന്നു

അബുദാബി- മാതാപിതാക്കളെ പ്രവാസ ഭൂമി കാണിക്കണമെന്ന അദമ്യമായ മോഹം സഫലമായ സന്തോഷത്തില്‍ മലയാളി സമാജം അതിഥികളായി കൊണ്ടുവന്ന വിവിധ ജില്ലക്കാരായ 11 മാതാപിതാക്കള്‍ സ്‌നേഹ സ്വീകരണങ്ങളാല്‍ മനം നിറഞ്ഞ് ശനിയാഴ്ച നാട്ടിലേക്ക് മടങ്ങും.
അബുദാബി, ദുബായ്, ഷാര്‍ജ, അല്‍ഐന്‍ എന്നിവിടങ്ങളില്‍ സഞ്ചരിച്ച സംഘത്തിന് കൈനിറയെ സമ്മാനങ്ങള്‍ നല്‍കി ശനി വൈകിട്ട് നാലിന് യാത്രയക്കും.  
ജീവിതത്തില്‍ അപ്രാപ്യമായ കാര്യം സമാജം നിറവേറ്റിയതിലുള്ള സന്തോഷമാണു സംഘത്തിലെ കാരണവരായ പട്ടാമ്പി വിളത്തൂര്‍ സ്വദേശി അബ്ദുല്ലക്കുട്ടി  (81) പങ്കുവച്ചത്. സ്വന്തം മാതാപിതാക്കളോടെന്ന പോലെ കരുതലേകിയ സമാജാംഗങ്ങള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.
അബുദാബിയിലെ  എമിറേറ്റ്‌സ് പാലസ് ഹോട്ടല്‍, കോര്‍ണിഷ്, ഹെറിറ്റേജ് വില്ലേജ്, മാംഗ്രൂവ് പാര്‍ക്ക്, ജുബൈല്‍ ഐലന്‍ഡ്, മിന മാര്‍ക്കറ്റ്, ബ്രേക്ക് വാട്ടര്‍ എന്നീ സ്ഥലങ്ങളാണു പരിചയപ്പെടുത്തിയത്. വെള്ളിയാഴ്ച മക്കളോടും ബന്ധുക്കളോടും നാട്ടുകാരോടും ഒപ്പം സമയം ചെലവഴിക്കും.
വരുമാനം കുറഞ്ഞ പ്രവാസികളുടെ മാതാപിതാക്കളെ പ്രവാസ ഭൂമിയിലെത്തിക്കാനുള്ള മലയാളി സമാജത്തിന്റെ സ്‌നേഹ സ്പര്‍ശം പരിപാടി ഇതിനകം വലിയ സ്വീകാര്യതയും പ്രശംസയും നേടിയിട്ടുണ്ട്.

 

Latest News